Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശുപത്രി തകര്‍ത്താൽ കര്‍ശന നടപടി; സ്വാഗതാര്‍ഹമെന്ന് ഐഎംഎ

hospital പ്രതീകാത്മക ചിത്രം.

തിരുവനന്തപുരം∙ ആശുപത്രികള്‍ തകര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് സ്വാഗതാര്‍ഹമെന്ന് ഐഎംഎ. ഈ ഉത്തരവ് സംസ്ഥാനത്തെ ആരോഗ്യരംഗത്തു ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ആശ്വാസകരമാകുന്ന വിധിയാണെന്നു ഐഎംഎ സംസ്ഥാന പ്രസിഡന്‍റ് ഡോ. ഇ.കെ.ഉമ്മറും സെക്രട്ടറി ഡോ. എന്‍.സുല്‍ഫിയും പറഞ്ഞു.

കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ സംസ്ഥാനത്തു വനിതാ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിക്കുകയും ആശുപത്രികള്‍ തകർക്കുകയും ചെയ്തു. സംഭവങ്ങളില്‍ പല പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തിലാണു മനുഷ്യാവകാശ കമ്മീഷന്‍റെ ഈ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ക്കും ആശുപത്രിക്കും നേരെയുള്ള അതിക്രമങ്ങള്‍ കുറയുമെന്ന് ഐഎംഎ പ്രത്യാശ പ്രകടിപ്പിച്ചു.

പലപ്പോഴും പൊലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കാറില്ല. ഇതു കാരണം സംസ്ഥാനത്ത് ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ അതിക്രമങ്ങള്‍ വർധിച്ചിരുന്നു. കഴിഞ്ഞ ജനുവരി 28നു വടകര ഇരിങ്ങൂര്‍ കൈരളി ക്ലിനിക്കിലെ ഡോ. ശോഭനയെ ആക്രമിച്ച് ആശുപത്രി തല്ലിത്തകര്‍ത്തു. ഫെബ്രുവരി 11നു കൊടുങ്ങല്ലൂര്‍ ഗൗരി ശങ്കര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു ഡോ. രാഹുല്‍ മേനോനെ ക്രൂരമായി മർദിച്ചു. ഇടുക്കി ജീവമാതാ ആശുപത്രി ആക്രമിച്ച് ഡോ. പി.പി.സുശീലയെ മർദിച്ചു. ഈ സംഭവങ്ങളില്‍ ഇതുവരെ മുഴുവന്‍ കുറ്റക്കാക്കെതിരെയും നടപടി സ്വീകരിച്ചിട്ടില്ലെന്നു ഐഎംഎ ചൂണ്ടിക്കാട്ടി.

related stories