Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചർച്ചകളില്ലാതെ ഇരു സഭകളും വീണ്ടും പിരിഞ്ഞു; ഇത് പരിതാപകരമായ അവസ്ഥയെന്ന് സ്പീക്കർ

Parliament-Speaker ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജൻ.

ന്യൂഡൽഹി∙ ഇറാഖിലെ മൊസൂളിൽ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ വിശദീകരണം നൽകാനാകാതെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, അവിശ്വാസ പ്രമേശം ആവശ്യപ്പെട്ടു പ്രതിപക്ഷാംഗങ്ങൾ, ബഹളത്തിൽ മുങ്ങിയ ലോക്സഭാ നടപടികൾക്കിടെ പൊട്ടിത്തെറിച്ചു സ്പീക്കർ സുമിത്രാമഹാജൻ... സഭ ചേർന്നു രണ്ടാഴ്ചയായിട്ടും യാതൊരു ചർച്ചയും നടക്കാതെ ലോക്സഭ ഇന്നത്തേക്കും പിരിഞ്ഞു. ബഹളത്തിനിടെ ഇറാഖ് സംഭവം ലോക്സഭയിൽ വിവരിക്കാൻ സുഷമാ സ്വരാജിനായില്ല. ബഹളത്തിനിടെ അവിശ്വാസ പ്രമേയം അനുവദിക്കാനാകില്ലെന്നു സ്പീക്കറും പറഞ്ഞു.

‘ലോക്സഭയുടെ ഇത്രയും പരിതാപകരമായ ഒരവസ്ഥ രാജ്യം ഇന്നേവരെ കണ്ടിട്ടില്ല. ഇതു ശരിയല്ല. ജനങ്ങളോടു യാതൊരു ഉത്തരവാദിത്തവുമില്ലാത്തതു പോലെയാണ് എംപിമാർ പെരുമാറുന്നത്’– സഭ പിരിച്ചുവിട്ടുകൊണ്ട് സ്പീക്കർ പറഞ്ഞു. പ്രതിപക്ഷ ബഹളത്തെത്തുടർന്നു രാജ്യസഭയും ഇന്നത്തേക്കു പിരിഞ്ഞു. സുഷമ സ്വരാജിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ടിഡിപി,  ഡിഎംകെ, അണ്ണാഡിഎംകെ എംപിമാർ ബഹളവുമായി നടുത്തളത്തിലേക്കിറങ്ങിയതോടെയാണു സഭ പിരിച്ചുവിട്ടത്. മാർച്ച് അഞ്ചിനു ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതു മുതൽ പാര്‍ലമെന്റ് ഇതുവരെ ചർച്ചകൾക്കായി ചേരാനായിട്ടില്ല. 

ചൊവ്വാഴ്ച രാവിലെ ചോദ്യോത്തര വേള ആരംഭിച്ചപ്പോൾത്തന്നെ ലോക്സഭ പ്രതിപക്ഷ ബഹളത്തിൽ മുങ്ങുകയായിരുന്നു. അവിശ്വാസ പ്രമേയം ആവശ്യപ്പെട്ട് ടിഡിപിയും ടിആർഎസും നടുത്തളത്തിലേക്കിറങ്ങി പ്രതിഷേധം തുടരുന്നതിനിടെ ആദ്യം സ്പീക്കർ ലോക്സഭ 12 മണി വരെ നിർത്തിവച്ചു. വീണ്ടും ചേർന്നെങ്കിലും ബഹളം തുടരുകയായിരുന്നു. അതിനിടെ അവിശ്വാസ പ്രമേയം സംബന്ധിച്ച് സുമിത്ര മഹാജനുമായി പ്രതിപക്ഷ നേതാക്കൾ കൂടിക്കാഴ്ചയും നടത്തി. സഭ പിരിച്ചുവിട്ടതിനെത്തുടർന്ന് ടിആർഎസ് എംപിമാർ പാർലമെന്റിനു പുറത്ത് പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചു. തെലങ്കാനയ്ക്കു പ്രത്യേക പദവി ആവശ്യപ്പെട്ടാണു പ്രതിഷേധം. 

അവിശ്വാസ പ്രമേയം സംബന്ധിച്ചു പ്രധാന പ്രതിപക്ഷ നേതാക്കൾ പാർലമെന്റ് ഹൗസിൽ രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. പാർലമെന്റിൽ പൂർണമായും സഹകരിക്കാനും തീരുമാനിച്ചു. ഇക്കാര്യം കാണിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കാണുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ യോഗത്തിൽ അണ്ണാഡിഎംകെ അംഗങ്ങൾ പങ്കെടുത്തില്ല. ഡിഎംകെയെ പ്രതിനീധികരിച്ച് കനിമൊഴി പങ്കെടുത്തു. കാവേരി നദീജല പ്രശ്നത്തിൽ അണ്ണാഡിഎംകെ  സഭയിൽ പ്രതിഷേധം തുടരുകയാണ്, 

21ന് ലോക്സഭയിൽ അവിശ്വാസ പ്രമേയത്തിന് വൈഎസ്ആർ കോൺഗ്രസ് നോട്ടിസ് നൽകിയിട്ടുണ്ട്. അതിനിടെ, മറ്റു പ്രതിപക്ഷ നേതാക്കളോടും അവിശ്വാസ പ്രമേയത്തിൽ സഹകരിക്കാൻ സമ്മർദം ചെലുത്തണമെന്ന് ടിഡിപി തലവനും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു പാർട്ടി എംപിമാരോട് ആവശ്യപ്പെട്ടു. മറ്റു പാർട്ടികളുടെ എംപിമാരും ലോക്സഭയിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നു നിർദേശമുണ്ട്.

തൃണമൂൽ കോൺഗ്രസ്, എൻസിപി, എഎപി, ആർജെഡി പാർട്ടികൾ കൂടാതെ കമ്യൂണിസ്റ്റ് എംപിമാരും പിന്തുണ അറിയിച്ചതായി ടിഡിപി പാർലമെന്ററി പാർട്ടി നേതാവ് തൊട്ട നരസിംഹം നായിഡുവിനോടു വ്യക്തമാക്കി. സഭയിലെ ബഹളം കാരണം തുടർച്ചയായ രണ്ടാം ദിവസമാണ് സ്പീക്കർക്ക് അവിശ്വാസ പ്രമേയ നോട്ടിസ് പരിഗണിക്കാനാകാതിരുന്നത്.

related stories