Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ഷേത്രത്തിനു സമീപത്തെ നിധി കണ്ടെത്താൻ നരബലി; പൂജാരി ഉൾപ്പെടെ പൊലീസ് പിടിയിൽ

Blood Representative Image

ശിവമൊഗ്ഗ∙ കർണാടകയിലെ ശിവമൊഗ്ഗയിൽ നിധി കണ്ടെത്താൻ നരബലി. ശിക്കാരിപുരയ്ക്കടുത്ത അഞ്ചനപുരയിലെ കർഷകനായ ശേഷനായികിനെ(65) ആണു ബലി നൽകിയത്. സംഭവത്തിൽ പ്രദേശവാസികളായ ശേഖരപ്പ, രങ്കപ്പ, മഞ്ചുനാഥ, ഘോഷ് പീർ എന്നിവരെ ശിക്കാരിപുര റൂറൽ പൊലീസ് അറസ്റ്റു ചെയ്തു.

അഞ്ചനപുര ഹൊണ്ണെമാരദെ ക്ഷേത്രത്തിലെ പൂജാരിയാണു പിടിയിലായ ശേഖരപ്പ. ക്ഷേത്രത്തിനു സമീപം നിധി നിക്ഷേപം ഉള്ളതായും ഇതു ലഭിക്കണമെങ്കിൽ നരബലി നടത്തണമെന്നും ഇയാളാണു പറഞ്ഞത്. തുടർന്നു മൂന്നു പേരും ചേർന്നു കമുകിൻ തോട്ടത്തിൽ പശുവിനു പുല്ല് ശേഖരിക്കുകയായിരുന്ന ശേഷനായികിനെ കഴുത്തറുത്തു ബലി നൽകുകയായിരുന്നു.

ഈ മാസം ഏഴിനു ശേഷനായികിന്റെ മൃതദേഹം തല അറുത്തു മാറ്റിയ നിലയിൽ അഞ്ചനപുരയിലെ കമുകിൻ തോട്ടത്തിൽ കണ്ടെത്തിയിരുന്നു. ഇതോടെ മകൻ പൊലീസിൽ പരാതി നൽകി. ശേഷപ്പയോട് ആർക്കും വിരോധമുള്ളതായി അറിയില്ലെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.

തുടർന്നു പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചു. ശേഷനായിക് കൊല്ലപ്പെട്ട ദിവസം മുതൽ ഘോഷ് പീറിനെ കാണാനില്ലെന്നു വിവരം ലഭിച്ച പൊലീസ് ഇയാളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്നു കണ്ടെത്തി കസ്റ്റഡിയിലെടുത്തു. ഇയാളിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു മറ്റു മൂന്നു പേരെ അറസ്റ്റു ചെയ്തത്.