Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

15 കോർപറേറ്റുകളുടെ 2.5 ലക്ഷം കോടി കേന്ദ്രം എഴുതിത്തള്ളി, കർഷകരെ മറന്നു: രാഹുൽ

Rahul-Gandhi-in-Karnataka കർണാടകയിലെ പ്രചാരണ വേദിയിൽ സംസാരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി .

ഉഡുപ്പി ∙ പണക്കാർക്കു മാത്രം ഗുണമുണ്ടാക്കുന്നതാണ് ബിജെപി സർക്കാരിന്റെ നയങ്ങളെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കർണാടകത്തിലെ ഉഡുപ്പിയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായുള്ള ‘ജന ആശിർവാദ യാത്ര’യിൽ പങ്കെടുക്കുകയായിരുന്നു രാഹുൽ.

‘കേന്ദ്ര സർക്കാർ 15 കോർപറേറ്റുകളുടെ 2.5 ലക്ഷം കോടി രൂപയാണ് ഇക്കാലത്തിനിടെ എഴുതിത്തള്ളിയത്. എന്നാൽ കർഷകരുടെ വായ്പ എഴുതിത്തള്ളാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ധനമന്ത്രി അരുൺ ജയ്റ്റ്ലിയോ തയാറല്ല. അതവരുടെ നയമല്ലെന്നാണു പറയുന്നത്. കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ കർഷകരുടെ 8000 കോടി രൂപ എഴുതിത്തള്ളി’– രാഹുൽ പറഞ്ഞു. ഉഡുപ്പിയിലെ ശ്രീനാരായണ ഗുരു ക്ഷേത്രത്തിൽ ദർശനം നടത്തിയ രാഹുൽ, കർണാടകയിലെ സാമൂഹിക പരിഷ്കർത്താവും ആത്മീയാചാര്യനുമായ ബസവണ്ണയെ ഗുരുവിനോട് ഉപമിച്ചു.

Rahul-Gandhi-in-Karnataka2 കർണാടകയിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം കേൾക്കാനെത്തിയവർ. ചിത്രം: രാഹുൽ ആർ.പട്ടം∙ മനോരമ

‘നമ്മുടെ ചിന്തകളും വിശ്വാസങ്ങളും മാറാം. പക്ഷേ നമ്മളെല്ലാം ഒന്നാണ്, എല്ലാവരിലും ദൈവമുണ്ട് എന്നാണു ശ്രീനാരായണ ഗുരു പഠിപ്പിച്ചത്. ഇതേ ആശയങ്ങളാണു ബസവണ്ണയുടെ ദർശനങ്ങളിലുമുള്ളത്’– രാഹുൽ‌ വിശദീകരിച്ചു. ബിജെപിയുടെ ‘ഹിന്ദുത്വ പദയാത്ര’ അവസാനിച്ചതിനു തൊട്ടുപിന്നാലെയാണു തീരദേശ കർണാട‌കയിൽ രാഹുലിന്റെ പ്രചാരണം തുടങ്ങിയത്.

Rahul-Gandhi ഉഡുപ്പിയിൽ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ രാഹുൽ ഗാന്ധി ദർശനം നടത്തുന്നു.

ഉഡുപ്പിയിൽ രാജീവ് ഗാന്ധി നാഷനൽ അക്കാദമി ഓഫ് പൊളിറ്റിക്കൽ എജ്യുക്കേഷൻ കേന്ദ്രം ഉദ്ഘാടനം ചെയ്ത രാഹുൽ, പിന്നീട് മത്സ്യത്തൊഴിലാളികളുമായി സംസാരിച്ചു. ദക്ഷിണ കന്നട, ചിക്കമംഗളുരു, ഹാസൻ എന്നിവിടങ്ങളിൽ ഇന്നും നാളെയുമായി രാഹുൽ‌ പ്രചാരണം നടത്തും. മുഖ്യമന്ത്രി സിദ്ധരാമയ്യയും സംസ്ഥാന നേതാക്കളും ഒപ്പമുണ്ട്.