Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്ബിഐയിലും വൻ തട്ടിപ്പ്; 824 കോടി തിരിച്ചടയ്ക്കാതെ ജ്വല്ലറി ഉടമകൾ മുങ്ങി

sbi പ്രതീകാത്മക ചിത്രം.

ചെന്നൈ∙ പഞ്ചാബ് നാഷനൽ ബാങ്കിനു (പിഎൻബി) പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും (എസ്ബിഐ) തട്ടിപ്പ്. ചെന്നൈ ആസ്ഥാനമായ കനിഷ്ക് ഗോൾഡ് കമ്പനി 824.15 കോടി രൂപ വായ്പയെടുത്തു മുങ്ങിയെന്നാണു റിപ്പോർട്ട്. ജനുവരിയിൽ നടന്ന തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ സിബിഐയ്ക്കു പരാതി നൽകിയതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ഭൂപേഷ് കുമാര്‍ ജെയിന്‍, ഭാര്യ നീത ജെയിന്‍ എന്നിവരാണു കനിഷ്ക് ജ്വല്ലറി ശൃംഖലയുടെ പ്രമോട്ടർമാരും ഡയറക്ടർമാരും. എസ്ബിഐയുടെ നേതൃത്വത്തിൽ 14 പൊതുമേഖലാ, സ്വകാര്യ ബാങ്കുകളുടെ കണ്‍സോർഷ്യമാണു കനിഷ്കിനു വായ്പ നല്‍കിയത്. പലിശയുൾപ്പെടെ 1000 കോടി രൂപയ്ക്കു മുകളിൽ തിരിച്ചടയ്ക്കാനുണ്ട്. 2017 മാർച്ചിലാണു കമ്പനി തിരിച്ചടവ് മുടക്കിയത്. ആദ്യം എട്ടു ബാങ്കുകൾക്കും പിന്നീട് 14 ബാങ്കുകൾക്കും പണമടയ്ക്കുന്നത് നിർത്തി.

തിരിച്ചടവ് മുടങ്ങിയതോടെ മാർച്ച് 25ന് കനിഷ്കിന്റെ കോർപറേറ്റ് ഓഫിസിലും ഫാക്ടറിയിലും ഷോറൂമിലും ബാങ്ക് അധികൃതർ എത്തി. പക്ഷെ എല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. തുടർന്നു നവംബറിൽ, കനിഷ്ക് കമ്പനി അക്കൗണ്ട് തട്ടിപ്പാണെന്ന് എസ്ബിഐ റിസർവ് ബാങ്കിനെ അറിയിച്ചു. ജനുവരി 25ന് തട്ടിപ്പു നടന്നെന്നാണു എസ്ബിഐ സിബിഐയെ അറിയിച്ചത്. ബാങ്കുകൾക്കു ജ്വല്ലറി ഉടമകളെ ബന്ധപ്പെടാനായിട്ടില്ല.

ജ്വല്ലറി ഉടമകൾ മൗറിഷ്യസിലേക്കു കടന്നെന്നാണു കരുതുന്നത്. സിബിഐ എഫ്ഐആർ റജിസ്റ്റർ ചെയ്തെന്നാണ് അറിയുന്നത്. എസ്ബിഐയെ കൂടാതെ, പഞ്ചാബ് നാഷനൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, സിൻഡിക്കേറ്റ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ ബാങ്ക്, യൂകോ ബാങ്ക്, തമിഴ്നാട് മെർക്കന്റൈൽ ബാങ്ക്, ആന്ധ്ര ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കോർപറേഷൻ ബാങ്ക് എന്നിവയാണു തട്ടിപ്പിന് ഇരയായത്.

എസ്ബിഐ (215 കോടി), പിഎൻബി (115 കോടി), യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (50 കോടി), സിൻഡിക്കേറ്റ് ബാങ്ക് (50 കോടി) എന്നിവരാണ് കൂടുതൽ കബളിക്കപ്പെട്ടത്. വജ്രവ്യാപാരി നീരവ് മോദിയും വ്യാപാര പങ്കാളിയും അമ്മാവനുമായ മൊഹുൽ ചോക്സിയും പിഎൻബിയിൽ 13,000 കോടിയുടെ തട്ടിപ്പാണു നടത്തിയത്. ഇവർക്കെതിരെ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്.