Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാരണം അജ്ഞാതം; സൂചിയുടെ ‘വിശ്വസ്ത’ പ്രസിഡന്റ് ടിൻ ച്യാവ് രാജിവച്ചു

Htin Kyaw Aung Myanmar പ്രസിഡന്റ് ടിൻ ച്യാവിനൊപ്പം ഓങ് സാൻ സൂചി (ഫയൽ ചിത്രം)

യാങ്കൂൺ∙ റോഹിൻഗ്യകൾക്കെതിരെയുള്ള സർക്കാർ നടപടിയിൽ രാജ്യാന്തര തലത്തിൽ പ്രതിഷേധം പുകയുന്നതിനിടെ മ്യാൻമർ നേതാവ് ഓങ് സാൻ സൂചിക്കു വീണ്ടും തിരിച്ചടി. സൂചിയുടെ വിശ്വസ്തനായ പ്രസിഡന്റ് ടിൻ ച്യാവ് രാജിവച്ചു. നിലവിലെ ജോലിയിൽ നിന്നു മാറി വിശ്രമം അത്യാവശ്യമാണെന്നും രാജിവയ്ക്കുകയാണെന്നും പ്രസിഡന്റിന്റെ ഔദ്യോഗിക ഫെയ്സ്ബുക് അക്കൗണ്ടിലൂടെയാണു പ്രഖ്യാപിച്ചത്. എന്നാൽ എഴുപത്തിരണ്ടുകാരനായ പ്രസിഡന്റ് രാജിവയ്ക്കാനുള്ള കാരണം വ്യക്തമല്ല. ഏഴു ദിവസത്തിനകം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. അതുവരെ വൈസ് പ്രസിഡന്റിനായിരിക്കും ചുമതല. 

ഏതാനും മാസങ്ങളായി ആരോഗ്യപരമായ പ്രശ്നങ്ങൾ ടിൻ ച്യാവിനെ അലട്ടുന്നതായി വാർത്തകളുണ്ടായിരുന്നു. പ്രസിഡന്റിന്റെ ഹൃദയാരോഗ്യം സംബന്ധിച്ചും ആശങ്കകളുണ്ടായിരുന്നു. സ്കൂളിൽ സഹപാഠിയായിരുന്ന ടിൻ ച്യാവ്, സൂചിയുടെ ഏറ്റവും അടുത്ത അനുയായിയായിരുന്നു. പട്ടാളവാഴ്ച അവസാനിച്ചതിനു ശേഷം ഇദ്ദേഹത്തെ മുൻനിർത്തിയായിരുന്നു സൂചിയുടെ മ്യാൻമറിലെ ഭരണം.

പ്രസിഡന്റാകുന്നതിനു മുൻപ് സൂചിയുടെ നേതൃത്വത്തിലുള്ള സന്നദ്ധസംഘടനയുടെ ചുമതല ടിൻ ച്യാവിനായിരുന്നു. 1971–72 കാലഘട്ടത്തിൽ ലണ്ടൻ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു. പിന്നീട് മ്യാൻമറിൽ സർവകലാശാല അധ്യാപനായി. സാമ്പത്തികം, ദേശീയാസൂത്രണം, വിദേശകാര്യം തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്തു. 1980കളിൽ സർക്കാർ സേവനങ്ങളിൽ നിന്നു വിരമിച്ചു. പട്ടാളം രാജ്യത്തു പിടിമുറുക്കിയതിനെത്തുടർന്നായിരുന്നു അത്.

അൻപതിലേറെ വർഷത്തെ പട്ടാളഭരണത്തിനു ശേഷം പിന്നീട് 2016 ഏപ്രിലിലാണ് ടിൻ ച്യാവ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നത്. രാജ്യത്തു ജനാധിപത്യത്തിന്റെ കാറ്റുവീശുന്നതും അതോടെയാണ്. ഭരണഘടനാപരമായ വിലക്കു മൂലം സൂചിക്ക് പ്രസിഡന്റ് സ്ഥാനമേൽക്കാനാവാത്തതിനാലാണ് അന്ന് ടിൻ ച്യാവ് പ്രസിഡന്റായത്. അതിനു മുന്നോടിയായി നടന്ന പൊതുതിരഞ്ഞെടുപ്പിൽ സൂചിയുടെ നേതൃത്വത്തിലുള്ള നാഷനൽ ലീഗ് ഫോർ ഡെമോക്രസിക്കു വൻവിജയവും ലഭിച്ചു.

സൂചിയെ തന്നെ പ്രസിഡന്റാക്കാനായി ഭരണഘടനാ ഭേദഗതിക്കു നീക്കം നടത്തിയെങ്കിലും പട്ടാളം വഴങ്ങിയില്ല. വിദേശബന്ധുക്കളോ വിദേശപങ്കാളിയോ ഉള്ളവർ രാജ്യത്തിന്റെ പ്രസിഡന്റാകാൻ പാടില്ലെന്ന ഭരണഘടനാവ്യവസ്ഥയാണു സൂചിക്കു വിനയായത്. സൂചിയുടെ ഭർത്താവും രണ്ട് ആൺമക്കളും ബ്രിട്ടിഷ് പൗരൻമാരാണ്. ഒടുവിലാണു തന്റെ വിശ്വസ്തനെത്തന്നെ മുന്നിൽനിർത്തി ഭരണം നടത്താൻ സൂചി തീരുമാനിച്ചത്.