Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കീഴാറ്റൂർ സമരം: ‘വയൽക്കിളി’ നേതാവിന്റെ വീട്ടിനു നേരെ കല്ലേറ്

keezhattur-vayalkili കീഴാറ്റൂർ ‘വയൽക്കിളി’കൾ ഫെയ്സ്ബുക്കിൽ നൽകിയ ചിത്രം.

കണ്ണൂർ ∙ സിപിഎം ശക്തികേന്ദ്രമായ തളിപ്പറമ്പ് കീഴാറ്റൂരിൽ നെൽവയൽ നികത്തി  ബൈപാസ് റോഡ് നിർമിക്കുന്നതിനെതിരെ കർഷക സമരം നടത്തുന്ന ‘വയൽക്കിളി’ നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീട്ടിനു നേരെ കല്ലേറ്. ബൈക്കിലെത്തിയ അജ്ഞാതരാണ് ഇന്നലെ രാത്രി വീട്ടിനു നേരെ കല്ലെറിഞ്ഞ് ജനൽചില്ലുകൾ തകർത്തത്.

ദേശീയപാത നാലുവരിയാക്കുമ്പോൾ തളിപ്പറമ്പ് ടൗണിൽ റോഡിനു വീതികൂട്ടുന്നത് ഒഴിവാക്കാനാണു കീഴാറ്റൂർ വയലിലൂടെ ബൈപാസ് നിർദേശിച്ചത്. അതിനു മുൻപു നിലവിലെ റോഡിൽ നിന്ന് അകലെയല്ലാതെ ബൈപാസിനു രൂപരേഖ നിശ്ചയിച്ചിരുന്നെങ്കിലും നൂറ്റിഇരുപതോളം വീടുകളും മറ്റു കെട്ടിടങ്ങളും പൊളിക്കേണ്ടി വരുന്നതിനാൽ പ്രാദേശിക എതിർപ്പു കണക്കിലെടുത്തു വയലിലേക്കു മാറ്റുകയായിരുന്നു. ആറു കിലോമീറ്റർ ബൈപാസിൽ നാലര കിലോമീറ്ററോളം വയലിനു നടുവിലൂടെയാണ്. വയൽനികത്തുന്നതിനെതിരെ സിപിഎം പ്രവർത്തകർ മുൻകൈയെടുത്ത് ആരംഭിച്ച ‘വയൽക്കിളി’ കർഷക കൂട്ടായ്മയുടെ സമരത്തിനിടയിലും ബൈപാസിനു വേണ്ടി ഭൂമി അളന്നു കല്ലിടുകയായിരുന്നു.

window-stonned കല്ലേറിൽ കീഴാറ്റൂർ സുരേഷിന്റെ വീട്ടിലെ ജനൽച്ചില്ലുകൾ തകർന്ന നിലയിൽ.

ആശങ്കകൾ, ആരോപണങ്ങൾ

വയലിലൂടെയുള്ള ബൈപാസ് നിർമാണത്തിനെതിരെ വയൽക്കിളി കൂട്ടായ്മയും പരിസ്ഥിതി പ്രവർത്തകരും ഉന്നയിക്കുന്ന പ്രധാന ആശങ്കകൾ: 

∙ റോഡിനു വേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയുടെ മൂന്നിലൊന്നും നെൽവയൽ പ്രദേശമോ തണ്ണീർത്തടമോ ആണ്. പരമാവധി 90 മീറ്റർ വീതിയുള്ള വയലിനു നടുവിലൂടെയാണു 45 മീറ്റർ വീതിയിൽ, 10 മീറ്റർ ഉയരത്തിൽ റോഡ് നിർമിക്കുക. അതോടെ നെൽവയൽ പൂർണമായി ഇല്ലാതാവും. മഴക്കാലത്തു സമീപപ്രദേശങ്ങൾ വെള്ളത്തിലാവും. സമീപത്തെ കരഭൂമിയിലുള്ളവർ വീടൊഴിഞ്ഞു പോകേണ്ടിവരും.

∙ നാലര കിലോമീറ്റർ റോഡിനു പാടം നികത്താൻ വേണ്ടതു ചുരുങ്ങിയത് ഒന്നേകാൽ ലക്ഷത്തോളം ലോഡ് മണ്ണ്. ചുറ്റുമുള്ള കുന്നുകൾ ഇടിച്ചുനിരത്തേണ്ടി വരും. ഭൂപ്രകൃതി തകിടംമറിയുമെന്നു മാത്രമല്ല, തളിപ്പറമ്പ് നഗരത്തിന്റെ ഏറ്റവും വലിയ ശുദ്ധജലസ്രോതസ്സുകൾ മറയുകയും ചെയ്യും.

∙ റോഡിനായി നെൽവയൽ പാകപ്പെടുത്താൻ വലിയ ചെലവു വരും. നിലവിലെ ദേശീയപാതയെക്കാൾ അര കിലോമീറ്റർ കൂടുതൽ നീളത്തിൽ ബൈപാസ് വേണ്ടിവരും. ആ നിലയിലും ചെലവു കൂടും. ഉറപ്പില്ലാത്ത നെൽവയൽ പ്രദേശമായതിനാൽ ഭാവിയിൽ അറ്റകുറ്റപ്പണിക്കും ചെലവേറും.

∙ പരിസ്ഥിതി ആഘാതപഠനം നടത്തുകയോ പരിസരവാസികളിൽ നിന്ന് അഭിപ്രായം ആരായുകയോ ചെയ്തിട്ടില്ല.

വയൽക്കിളി സമരത്തിനെതിരെ സമരപ്പന്തലുമായി സിപിഎമ്മും

കീഴാറ്റൂരിൽ നടന്ന പൊതുയോഗത്തിൽ വയൽകിളികൾ സമരനായകൻ സുരേഷ് കീഴാറ്റൂർ പ്രസംഗിക്കുന്നു. കീഴാറ്റൂരിൽ നടന്ന യോഗത്തിൽ സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂർ പ്രസംഗിക്കുന്നു. – ഫയൽ ചിത്രം.

കീഴാറ്റൂരിൽ വയൽക്കിളി സമരത്തിനെതിരെ സിപിഎമ്മിന്റെ സമരപ്പന്തൽ വരുന്നു. നെൽവയൽ നികത്തി ബൈപാസ് നിർമിക്കുന്നതിനെതിരെ വയൽ‌ക്കിളി കർഷക കൂട്ടായ്മ 25നു രണ്ടാംഘട്ട പ്രക്ഷോഭം തുടങ്ങാനിരിക്കെ, 24നു ജനജാഗ്രതാ മാർച്ച് നടത്തിയാണു സിപിഎം പ്രതിരോധത്തിനിറങ്ങുന്നത്. ‘കേരളം കീഴാറ്റൂരിലേക്ക്’ എന്ന പേരിൽ 25നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രണ്ടായിരത്തോളം പരിസ്ഥിതി സ്നേഹികൾ തളിപ്പറമ്പിൽ നിന്നു കീഴാറ്റൂരിലേക്കു മാർച്ച് നടത്തുമെന്നാണു വയൽക്കിളികൾ അറിയിച്ചിരിക്കുന്നതെങ്കിൽ, 24നു കീഴാറ്റൂരിൽ നിന്നു തളിപ്പറമ്പിലേക്കു 2500 പേരെ പങ്കെടുപ്പിച്ചു മാർച്ച് നടത്തുമെന്നാണു സിപിഎം അറിയിപ്പ്.

Keezhattoor Bypass

വികസന അട്ടിമറിക്കെതിരെ കീഴാറ്റൂർ ജനകീയ കൂട്ടായ്മ എന്ന മുദ്രാവാക്യവുമായി ‘നാടിനു കാവൽ’ എന്ന പേരിലാണു സിപിഎം സമരപ്പന്തൽ നിർമിക്കുക. 24നു സിപിഎം മാർച്ചിൽ പാർട്ടി സംസ്ഥാന സമിതി അംഗം എം.വി.ഗോവിന്ദൻ, ജില്ലാ സെക്രട്ടറി പി.ജയരാജൻ തുടങ്ങിയവർ പ്രസംഗിക്കും. പിറ്റേന്നു വയൽക്കിളികളുടെ മാർ‌ച്ചിൽ കോൺഗ്രസ് നേതാവ് വി.എം.സുധീരൻ, ബിജെപി എംപി സുരേഷ്ഗോപി തുടങ്ങിയവർ പങ്കെടുക്കും. ഏപ്രിൽ രണ്ടിനു കീഴാറ്റൂരിൽ‌ നിന്നു കണ്ണൂരിലേക്കു മാർച്ച് നടത്തുമെന്നു ബിജെപിയും അറിയിച്ചിട്ടുണ്ട്.

ബിജെപിയുടെ പരിസ്ഥിതി സെൽ‌ അംഗങ്ങൾ ഇന്നു കീഴാറ്റൂർ സന്ദർശിക്കും. സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്തിന്റെ നേതൃത്വത്തിൽ എഐവൈഎഫ് പ്രതിനിധി സംഘം ഇന്നലെ കീഴാറ്റൂർ വയൽ സന്ദർശിച്ചു. ബൈപാസിനു പകരം നഗരത്തിലുടെ മേൽപാലം നിർമിക്കണമെന്നും കീഴാറ്റൂർ സമരം വിജയിക്കേണ്ടതു കേരളത്തിന്റെ ആവശ്യമാണെന്നും മഹേഷ് കക്കത്ത് പറ​ഞ്ഞു.

Keezhattoor bypass protest

പാർട്ടിഗ്രാമമായ കീഴാറ്റൂരിൽ നേരത്തേ വയൽക്കിളികളുടെ സമരപ്പന്തൽ സിപിഎം പ്രവർത്തകർ പൊളിച്ചു തീയിട്ടിരുന്നു. സിപിഎമ്മിന്റെ മുൻഭാരവാഹികളും പ്രവർത്തകരുമാണു വയൽക്കിളി കൂട്ടായ്മയിലുള്ളത്. ബൈപാസിനെതിരായ ആദ്യകാല സമരങ്ങൾക്കു സിപിഎം തന്നെയാണു നേതൃത്വം നൽകിയിരുന്നതും. 

സമരത്തിനു പിന്തുണ നൽകുമെന്ന് ബിജെപി

കീഴാറ്റൂർ കർഷക സമരത്തിന് ബിജെപി എല്ലാ പിന്തുണയും നൽകുമെന്നു സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. കീഴാറ്റൂരിൽ നടക്കുന്നതു രാഷ്ട്രീയ സമരമല്ല, അതിജീവനത്തിനായുള്ള ഒരു ഗ്രാമത്തിന്റെ പരിശ്രമമാണ്. അദ്ദേഹം പറഞ്ഞു. 

കീഴാറ്റൂരിലെ വയൽക്കിളി സമരത്തിനു പിന്തുണ നൽകി ഏപ്രിൽ രണ്ടിനു ബിജെപി കലക്ടറേറ്റ് മാർച്ച് നടത്തും. മാർച്ച് 25, 26 തീയതികളിൽ  പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മാർച്ചിനും ബിജെപിയുടെ പിന്തുണയുണ്ട്.