Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചായയുണ്ടാക്കും ‘സായ’, റൊട്ടിയുണ്ടാക്കും റൊബിറ്റോ: കൊച്ചി പഴയ കൊച്ചിയല്ല

hashtag-future-digital-summit ചായയും ഡിജിറ്റലായോ? കൊച്ചിയിൽ ഹാഷ് ഫ്യൂച്ചർ ഡിജിറ്റൽ സമ്മേളനം ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി.

കൊച്ചി∙ ജോലി കഴിഞ്ഞു ക്ഷീണിച്ചു വീട്ടിലെത്തുമ്പോള്‍ റൊട്ടിയുണ്ടാക്കിവച്ചു നമ്മെ കാത്തിരിക്കുന്ന ഒരു യന്ത്രം വീട്ടിലുള്ള കാര്യം ആലോചിച്ചു നോക്കൂ. അല്ലെങ്കില്‍ അതിരാവിലെ വീട്ടുകാരെ വിളിച്ചുണര്‍ത്തി വീട്ടുപകരണങ്ങള്‍ സ്വയം പ്രവര്‍ത്തിപ്പിക്കുന്ന ആപ്പുണ്ടെങ്കിലോ? കേരളത്തിന്‍റെ പ്രഥമ ആഗോള ഡിജിറ്റല്‍ ഉച്ചകോടി, ഹാഷ് ഫ്യൂച്ചര്‍ നടക്കുന്ന ലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്‍ററിലെ ഡിജിറ്റല്‍ പ്രദര്‍ശന വേദിയില്‍ ദൈനംദിന ജീവിതത്തെ അനായാസമാക്കുന്ന നൂതന സംവിധാനങ്ങളുടെ നീണ്ട നിരയാണുള്ളത്.  

കൊച്ചി മേക്കര്‍ വില്ലേജിലെ 11 സ്റ്റാര്‍ട്ടപ്പുകളാണു സാങ്കേതികവിദ്യയുടെ സഹായത്തോടെ ജീവിതം അനായാസമാക്കുന്ന ഉല്‍പന്നങ്ങളുമായി ഹാഷ് ഫ്യൂച്ചര്‍ ഡിജിറ്റല്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.

രാവിലെ വീട്ടിലുള്ളവരെ വിളിച്ചുണര്‍ത്തുകയും വീട്ടുപകരണങ്ങളെ സ്വയം പ്രവര്‍ത്തിക്കാൻ തയാറാക്കുകയും ചെയ്യുന്ന ആപ്പ് ആണ് ഓട്ടോം ടെക്നോളജീസ് അവതരിപ്പിച്ചത്. ഉണര്‍ന്നാല്‍ ആദ്യം ചായ വേണം. ചായയ്ക്കുള്ള പാല്‍ ഏതു കടയില്‍നിന്നു വാങ്ങിയാലും ഗുണമേന്‍മയെക്കുറിച്ചോര്‍ത്തു പേടി വേണ്ട. പാലിന്‍റെ ഗുണനിലവാരം ഉറപ്പാക്കുന്ന ആപ്പാണ് റസനോവ ടെക്നോളജീസ് വികസിപ്പിച്ചിരിക്കുന്നത്.

ജോലിത്തിരക്കു കഴിഞ്ഞ് രാത്രി വീട്ടിലെത്തുമ്പോള്‍ സ്വയം റൊട്ടിയുണ്ടാക്കി സഹായിക്കുന്ന റൊബിറ്റോ എന്ന യന്ത്രസംവിധാനമാണ് സെക്ടര്‍ ക്യൂബ് ടെക്നോളജീസ് എന്ന സ്റ്റാര്‍ട്ടപ്പ് അവതരിപ്പിച്ചത്. യന്ത്രങ്ങളെല്ലാം ഉള്ളപ്പോഴും വീടുകളിലെ ഉയര്‍ന്ന വൈദ്യുതി ബില്ലാണ് മറ്റൊരു തലവേദന. ഇതിനും പരിഹാരമുണ്ട്. വീട്ടിലെ യന്ത്രസംവിധാനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുകയും മുന്നറിയിപ്പ് നല്‍കുകയും അതിലൂടെ ഊര്‍ജദുരുപയോഗം കുറയ്ക്കുകയും  ചെയ്യുന്ന സംവിധാനമാണ് ഗ്രീന്‍ടേണ്‍ ടെക്നോളജീസ് മേളയില്‍ അവതരിപ്പിച്ചത്. അനാവശ്യ സ്പര്‍ശങ്ങളുമായി വരുന്നവരെ ചെറിയ ഷോക്ക് നല്‍കി ഒാടിക്കുന്ന വസ്ത്രങ്ങള്‍ ന്യോക്കാസ് ടെക്നോളജീസ് അവതരിപ്പിച്ചു.

യാത്രകള്‍ക്കിടെ തണുത്ത പാനീയം വേണമെങ്കില്‍ നവ ഡിസൈന്‍ ആന്‍ഡ് ഇന്നവേഷന്‍ എന്ന സ്റ്റാര്‍ട്ടപ്പിന്‍റെ  ഓട്ടമേറ്റഡ് നീര ഹാര്‍വസ്റ്റിങ് യന്ത്രം ഉപയോഗിക്കാം. തെങ്ങില്‍നിന്ന് നേരിട്ട് നീരയെത്തിക്കുന്ന യന്ത്രസംവിധാനമാണിത്. കളഞ്ഞുപോകുന്നതോ പിടിച്ചുപറിക്കപ്പെട്ടതോ ആയ വസ്തുക്കള്‍ ഓട്ടമേറ്റഡ് ട്രാക്കിങ്ങിലൂടെ കണ്ടെത്തുന്ന ടെക്നോറിപ് സൊലൂഷന്‍സ്, വെള്ളത്തില്‍ നഷ്ടപ്പെടുന്ന സാധനങ്ങള്‍ മുങ്ങിയെടുക്കുന്ന ഡ്രോണുകളുമായി ഐറോവ്, ബാങ്കുകളിലും റസ്റ്ററന്‍റുകളിലും സേവനത്തിന് ഉപയോഗിക്കാവുന്ന റോബോട്ടുകളെ അവതരിപ്പിക്കുന്ന അസിമോവ് റോബട്ടിക്സ് എന്നിങ്ങനെ ആധുനിക സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ വ്യക്തമാക്കുന്ന ഉല്‍പന്നങ്ങളുടെ നീണ്ടനിരയുമായി സ്റ്റാർട്ടപ്പുകൾ മേളയിലുണ്ട്. 

ഇതില്‍ അസിമോവ് റോബട്ടിക്സിന്റെ ഏറ്റവും പുതിയ റോബട് ‘സായ’ മേളയുടെ മനം കവര്‍ന്നു. വിവിധ ആവശ്യങ്ങള്‍ക്കനുസരിച്ച് പെരുമാറ്റരീതികള്‍ പരിശീലിപ്പിക്കാവുന്ന റോബട്ടാണ് സായ. ഹോട്ടലിലെത്തുന്നവരോട് സംസാരിക്കാനും ആഹാരം വിളമ്പാനുമെല്ലാം സായയ്ക്ക് കഴിയും. കിടപ്പിലായ രോഗികളെ പരിചരിക്കാനും മരുന്നുകള്‍ എടുത്തുകൊടുക്കാനും സായയെ ഉപയോഗിക്കാമെന്ന് അസിമോവ് റോബട്ടിക്സ് സിഇഒ ജയകൃഷ്ണന്‍ ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.

അതിവേഗം തുണികള്‍ തിരഞ്ഞെടുത്ത് അളവുകള്‍ക്കനുസരിച്ച് വസ്ത്രം തയാറാക്കി വീട്ടിലെത്തിക്കാന്‍ സഹായിക്കുന്ന പെര്‍ഫിറ്റ് എന്ന സ്റ്റാര്‍ട്ടപ്പിന്‍റെ ആപ്പും ഓട്ടമാറ്റിക് സൈക്കിള്‍ സവാരിക്കു സഹായിക്കുന്ന ഇന്‍സ്പൈറീന്‍ ടെക്നോളജീസിന്റെ ആപ്പും ശ്രദ്ധേയമാണ്. ഉല്‍പന്നങ്ങള്‍ തിരക്കേറിയ ജീവിതത്തില്‍ തുണയാകുന്നതെങ്ങനെയെന്നു വിവരിക്കുന്ന ആനിമേഷന്‍ വിഡിയോയും പ്രദര്‍ശനത്തില്‍ ആസ്വദിക്കാം. കൊച്ചി സ്മാര്‍ട്ട് സിറ്റിയും കേരള സ്റ്റാര്‍ട്ടപ് മിഷനും ചേര്‍ന്നാണ് ഹാഷ് ഫ്യൂച്ചര്‍ വേദിയില്‍ നൂതന ഡിജിറ്റല്‍ അനുഭവം സമ്മാനിക്കുന്ന പ്രദര്‍ശനമൊരുക്കിയിരിക്കുന്നത്. 

ഡിജിറ്റല്‍ പുരോഗതിക്കായി കേരളത്തെ ഒരുക്കുന്നതില്‍ നിര്‍ണായ പങ്കുവഹിക്കുന്നത് സ്റ്റാര്‍ട്ടപ്പുകളായിരിക്കുമെന്നും അത്തരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കുകയും അവയെ രൂപപ്പെടുത്തുകയുമാണ് മേക്കര്‍ വില്ലേജിന്‍റെ ചുമതലയെന്നും മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ പറഞ്ഞു.