Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎൻഎക്സ് മീഡിയ കേസ്: കാർത്തി ചിദംബരത്തിന് ജാമ്യം, രാജ്യം വിടരുത്

Karti Chidambaram കാർത്തി ചിദംബരം (ഫയൽ ചിത്രം)

ന്യൂഡൽഹി∙ ഐഎൻഎക്സ് മീഡിയ കേസിൽ പി. ചിദംബരത്തിന്റെ മകൻ കാർത്തിക്ക് ജാമ്യം. പത്തു ലക്ഷത്തിന്റെ ബോണ്ടിൽ ഡൽഹി ഹൈക്കോടതിയാണു ജാമ്യം അനുവദിച്ചത്. രാജ്യത്തിനു പുറത്തേക്കു സഞ്ചരിക്കാനാകില്ല. ബാങ്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്യാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും ജാമ്യ ഉത്തരവിൽ കോടതി പറയുന്നു.

പി.ചിദംബരം കേന്ദ്രമന്ത്രിയായിരുന്ന 2007ൽ ഐഎൻഎക്‌സ് മീഡിയ എന്ന മാധ്യമസ്ഥാപനം വിദേശത്തുനിന്നു 305 കോടിരൂപ നിക്ഷേപം സ്വീകരിച്ചതില്‍ വിദേശനിക്ഷേപ പ്രമോഷൻ ബോർഡിന്റെ (എഫ്‌ഐപിബി) ചട്ടങ്ങൾ ലംഘിച്ചെന്നാണു കേസ്. ഇക്കാര്യത്തിൽ കാർത്തി വഴിവിട്ടു സഹായിച്ചെന്നും കമ്മിഷൻ വാങ്ങിയെന്നുമാണ് ആരോപണം. ഐഎൻഎക്സ് മീഡിയ ഉടമസ്ഥരായിരുന്ന പീറ്റർ മുഖർജി, ഭാര്യ ഇന്ദ്രാണി എന്നിവർ മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ ഇപ്പോൾ ജയിലിലാണ്. കഴിഞ്ഞ വർഷം മേയ് 15നു സിബിഐ റജിസ്റ്റർ ചെയ്ത കേസിലായിരുന്നു അറസ്റ്റ്. ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഫെബ്രുവരി 28ന് അറസ്റ്റ് നടന്നത്.

ഫോറിൻ ഇൻ‌വെസ്റ്റ്മെന്റ് പ്രൊമോഷണൽ ബോര്‍ഡിന്റെ അനുമതിക്കായി ഏഴു കോടി ഡോളര്‍ കാർത്തി ചിദംബരത്തിനു നൽകിയെന്ന് ഇന്ദ്രാണി മുഖര്‍ജി മൊഴി നൽകിയിരുന്നു. സിബിഐയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഇന്ദ്രാണി മൊഴി നൽകിയതെന്നാണു പ്രതിഭാഗത്തിന്റെ വാദം. വിദേശ നിക്ഷേപത്തിനുള്ള അനുമതിക്കായി 2007ൽ മന്ത്രി പി. ചിദംബരത്തെ കണ്ട ഇന്ദ്രാണി മുഖർജിയോടും പീറ്റർ മുഖര്‍ജിയോടും മകനെ സഹായിക്കണമെന്ന് ചിദംബരം ആവശ്യപ്പെട്ടെന്നും സിബിഐ വാദിക്കുന്നു.