Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപിയെ വീഴ്ത്താൻ ‘തെക്കു–വടക്ക് കാർഡു’മായി സിദ്ധരാമയ്യ; നീക്കം ഫലിക്കുമോ?

k-siddaramaiah സിദ്ധരാമയ്യ (ഫയൽ ചിത്രം)

ബെംഗളൂരു∙ ഉത്തര–ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിൽ വേർതിരിവു സൃഷ്ടിക്കാൻ കേന്ദ്രസർക്കാർ ബോധപൂർവം ശ്രമിക്കുന്നതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെ കടുത്ത ആരോപണങ്ങളാണ് സിദ്ധരാമയ്യയും കോൺഗ്രസും ഉന്നയിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ‘തെക്കു – വടക്കു കാർഡ്’ ഇറക്കി കളം പിടിക്കാനുള്ള സിദ്ധരാമയ്യയുടെ ശ്രമം.

നികുതിപ്പണം സംസ്ഥാനങ്ങൾക്കു വീതിച്ചുനൽകാൻ 2011ലെ സെൻസസ് ആധാരമാക്കാനുള്ള കേന്ദ്ര സർക്കാർ നിർദേശത്തിന്റെ ചുവടുപിടിച്ചാണ് സിദ്ധരാമയ്യ ആക്രമണം കടുപ്പിച്ചത്. നികുതി വീതിക്കാൻ 15–ാം ധനകാര്യ കമ്മിഷൻ അടിസ്ഥാനമാക്കേണ്ടത് 2011ലെ സെൻസസ് കണക്കാണെന്നാണ് കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുന്നത്. ഇതുവരെ ധനകാര്യ കമ്മിഷനുകൾ 1971ലെ സെൻസസ് കണക്കാണ് ഉപയോഗിച്ചിരുന്നത്. ഇതു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾക്കു വിരുദ്ധമാണെന്നാണു സമൂഹമാധ്യമമായ ട്വിറ്ററിൽ സിദ്ധരാമയ്യ കുറിച്ചു. കേരള, തമിഴ്നാട്, തെലങ്കാന, മഹാരാഷ്ട്ര, പുതുച്ചേരി മുഖ്യമന്ത്രിമാരെയും ടാഗ് ചെയ്താണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

നികുതി വരുമാനം ഓരോ സംസ്ഥാനത്തിനും വീതിച്ചു കൊടുക്കേണ്ടത് എങ്ങനെയെന്ന് തീരുമാനിക്കുന്നത് ധനകാര്യ കമ്മിഷനാണ്. ഇത്രയും നാൾ ഇതു തീരുമാനിക്കുന്നതിനുള്ള മുഖ്യ ഘടകം 1971ലെ സെൻസസ് ആയിരുന്നു. പുതിയ കമ്മിഷനോട് 2011ലെ സെൻസസ് മാനദണ്ഡമാക്കിയാൽ മതിയെന്നാണു മോദി സർക്കാർ നിർദേശിച്ചത്. ഉത്തരേന്ത്യയിൽ ജനസംഖ്യയിൽ വന്ന വർധന മൂലം നികുതി വരുമാനത്തിന്റെ നല്ലൊരു പങ്കും അങ്ങോട്ടേക്കു പോകുമെന്നതാണു സിദ്ധരാമയ്യയുടെ ആശങ്ക. അതു ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിൽ കുറവു വരുത്തും.

2011ലെ സെൻസസിലെ വിവരങ്ങൾക്ക് 10% വെയിറ്റേജ് നൽകുന്ന ആശയവുമായി മുൻ കമ്മിഷൻ രംഗത്തെത്തിയിരുന്നു. ഇതും തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളെ ദോഷകരമായി ബാധിക്കും. ബിഹാർ, മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസംഖ്യാ വളർച്ച തമിഴ്നാട്ടിൽ കുറവാണ്. 2019 ഒക്ടോബർ അവസാനത്തോടെ റിപ്പോർട്ട് സമർപ്പിക്കാനാണ് 15–ാം ധനകാര്യ കമ്മിഷനു നൽകിയിരിക്കുന്ന നിർദേശം. 2020 ഏപ്രിൽ ഒന്നുമുതൽ അഞ്ചു വർഷത്തേക്കാണ് പുതിയ തീരുമാനം പ്രാബല്യത്തിലാവുക.

related stories