Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളം കീഴാറ്റൂരിലേക്ക്: ഇന്റർസിറ്റി എക്സ്പ്രസ്  25നു ‘കീഴാറ്റൂർ എക്സ്പ്രസ്’

Keezhattoor-Vayalkili കീഴാറ്റൂർ വയൽ.

കണ്ണൂർ∙ വയൽ‌ക്കിളി കർഷക കൂട്ടായ്മയുടെ രണ്ടാംഘട്ട സമരത്തിനു തുടക്കം കുറിച്ചു പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിൽ 25 നു നടത്താനിരിക്കുന്ന മാർച്ചിനു പിന്തുണയുമായി ‘കീഴാറ്റൂർ എക്സ്പ്രസ്’ കണ്ണൂരിലെത്തും. എറണാകുളത്തുനിന്ന് ഉച്ചയോടെ കണ്ണൂരിലെത്തുന്ന ഇന്റർസിറ്റി എക്സ്പ്രസ് 25നു കീഴാറ്റൂർ എക്സ്പ്രസ് ആയി മാറുമെന്നാണു സംഘാടകരുടെ പ്രതീക്ഷ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുളള പരിസ്ഥിതി പ്രവർത്തകർ ഇന്റർസിറ്റി എക്സ്പ്രസിൽ കണ്ണൂരിലെത്തുമെന്നു കീഴാറ്റൂർ സമര ഐക്യദാർഢ്യ സമിതി പറഞ്ഞു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളി‍ൽനിന്നെത്തുന്നവർ തളിപ്പറമ്പിൽ കേന്ദ്രീകരിച്ചു ടൗൺ സ്ക്വയർ പരിസരത്തുനിന്ന് ഉച്ചയ്ക്കു രണ്ടു മണിയോടെ കീഴാറ്റൂരിലേക്കു മാർച്ച് തുടങ്ങും. കീഴാറ്റൂർ വയലിലെത്തി സമരപ്പന്തൽ പുനഃസ്ഥാപിച്ചശേഷം പൊതുയോഗവുമുണ്ടാവും. സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.

മധ്യപ്രദേശിലെ മലയാളി സാമൂഹിക പ്രവർത്തക ദയാ ബായ്, കർണാടകയിലെ കർഷക സമര നേതാവ് അനുസൂയാമ്മ, പ്രഫ. സാറാ ജോസഫ്, കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, പി.സി. ജോർജ് എംഎൽഎ, സുരേഷ് ഗോപി എംപി, കെ.കെ. രമ, ഗ്രോ വാസു, എവൈവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, മു‌സ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. സുബൈർ, എം. ഗീതാനന്ദൻ, മാഗ്‌ലിൻ പീറ്റർ, ഹരീഷ് വാസുദേവൻ തുടങ്ങിയവർ പങ്കെടുക്കും.

‘കേരളം കീഴാറ്റൂരിലേക്ക്’ എന്ന മാ‍ർച്ചിൽ രണ്ടായിരത്തോളം പേർ പങ്കെടുക്കുമെന്നാണു കരുതുന്നത്. വയനാട്ടിൽനിന്നു പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതിയുടെ മാർച്ച് നാളെ പുറപ്പെടും. ഇന്റർസിറ്റി എക്സ്പ്രസിൽ മാത്രം മുന്നൂറോളം പേരെ പ്രതീക്ഷിക്കുന്നു. ഉച്ചയ്ക്കു 12.30 ന് കണ്ണൂരിലെത്തുന്ന ഇന്റർസിറ്റി എക്സ്പ്രസിലെ അതിഥികളെ സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ നാരങ്ങാവെള്ളം നൽകി സ്വീകരിക്കും.

വയൽക്കിളി സമരത്തിനെതിരെ സിപിഎമ്മിന്റെ കീഴാറ്റൂർ സംരക്ഷണ സമരവുമുണ്ട്. ‘പുറത്തു നിന്നുള്ളവർ’ കീഴാറ്റൂരിൽ ഇടപെടേണ്ട എന്ന മുദ്രാവാക്യവുമായി രണ്ടായിരത്തി അഞ്ഞൂറോളം പേർ കീഴാറ്റൂർ വയലിൽനിന്നു തളിപ്പറമ്പിലേക്കു മാർച്ച് നടത്തുമെന്നാണു സിപിഎം അറിയിച്ചിരിക്കുന്നത്.