Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊറിയയിലെ ‘മഞ്ഞുരുകലിന്’ അതിവേഗം; ചർച്ചയ്ക്കു തീയതി കുറിച്ച് കിം

Kim-Jong-Un ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. (ഫയൽ ചിത്രം)

സോൾ∙ കൊറിയൻ ഉപഭൂഖണ്ഡത്തിലെ മഞ്ഞുരുകലിന്റെ വേഗത കൂട്ടി, സമാധാനശ്രമങ്ങളെ കരയ്ക്കടുപ്പിക്കാൻ തയാറായി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ഉന്നതതല ചർച്ചയ്ക്കു ദക്ഷിണ കൊറിയ മുന്നോട്ടുവച്ച ഉപാധികൾ ഉത്തര കൊറിയ അംഗീകരിച്ചു. ഏപ്രിൽ അവസാനം നടക്കുന്ന കൊറിയൻ ഉച്ചകോടിയുടെ അജൻഡ നിശ്ചയിക്കാൻ 29ന് ഇരു രാജ്യങ്ങളുടെയും ഉന്നതതല യോഗം നടക്കുമെന്നു സർക്കാർ അറിയിച്ചു.

ഇരു കൊറിയകളുടെയും ഇടയ്ക്കുള്ള സൈനികരഹിത ഗ്രാമമായ പൻമുൻജം ട്രൂസിൽ ചർച്ച നടത്താനാണു തീരുമാനം. ദക്ഷിണ കൊറിയയുടെ പ്രതിനിധി സംഘത്തെ മന്ത്രി ചോ മ്യോങ് ഗ്യോൻ നയിക്കും. ഉത്തര കൊറിയൻ സംഘത്തെ നയിക്കുന്നത് ആരാണെന്നു വ്യക്തമല്ല. ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നും കിമ്മുമായി ഏപ്രിലിൽ കൂടിക്കാഴ്ച നടത്താനാണു നിശ്ചയിച്ചിട്ടുള്ളത്. 2000, 2007 വർഷങ്ങളിലാണ് ഇതിനു മുൻപ് കൊറിയൻ ഉച്ചകോടി നടന്നിട്ടുള്ളത്.

ഇതിനിടെ, ഉത്തര കൊറിയയിൽ നേതൃമാറ്റങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ ഏപ്രിൽ 11നു വാർഷിക പാർലമെന്റ് സമ്മേളനം ചേരും. ഔപചാരിക രാഷ്ട്രത്തലവൻ കിം യോങ് നാം സ്ഥാനം ഒഴിയുമെന്നും പകരം ഇപ്പോഴത്തെ വിദേശകാര്യ മന്ത്രി റി യോങ് ഹോ ആ പദവിയിലേക്കു വരുമെന്നുമാണ് അഭ്യൂഹം. ലോകരാജ്യങ്ങളുമായി നല്ല ബന്ധം സൃഷ്ടിക്കാൻ കിം ജോങ് ഉൻ ഒരുങ്ങുന്നതിന്റെ സൂചനയായാണു നേതൃമാറ്റത്തെയും സമാധാന ചർച്ചകളെയും വിദഗ്ധർ വീക്ഷിക്കുന്നത്.

അതേസമയം, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായുള്ള ഉത്തര കൊറിയൻ പ്രതിനിധിയുടെ ഫിന്‍ലൻഡ് സന്ദർശനം ഫലപ്രദമായിരുന്നെന്ന് ഫിന്നിഷ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടിക്കാഴ്ചയിൽ ഉത്തരകൊറിയ, യുഎസ്, ദക്ഷിണകൊറിയ രാഷ്ട്രങ്ങളിൽ നിന്ന് 18 പ്രതിനിധികൾ പങ്കെടുത്തു. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ചോ കാങ്ങാണ് ഉത്തരകൊറിയയ്ക്കുവേണ്ടി പങ്കെടുത്തത്. എന്നാൽ‌ യോഗത്തിന്റെ മുഖ്യ അജൻഡ എന്തായിരുന്നുവെന്ന കാര്യം പുറത്തുവിട്ടിട്ടില്ല.  

ട്രംപും കിമ്മും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു വഴിയൊരുക്കുന്നതിനു ഉത്തരകൊറിയ സ്വീഡനുമായും ചര്‍ച്ചകൾ നടത്തിയിരുന്നു. എന്നാൽ ആണവ, മിസൈൽ പരീക്ഷണങ്ങളിൽ നിന്നു പിൻമാറാൻ ഉത്തരകൊറിയ തയാറായിട്ടില്ല. യുഎസ്–ഉത്തര കൊറിയ ഉച്ചകോടി നടക്കുകയാണെങ്കിൽ സ്വീഡനായിരിക്കും വേദിയെന്നാണു സൂചനകൾ. മേയ് മാസത്തോടു കൂടി കിമ്മുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണു വിവരം.