Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച് ഇന്ന് ഒാശാന ഞായർ

Hosanna Palm Sunday ഓശാന ഞായറാഴ്ച കണ്ണൂർ ബർണശ്ശേരി ഹോളിട്രിനിറ്റി കത്തീഡ്രലിൽ നടന്ന കുരുത്തോല പ്രദക്ഷിണം. ചിത്രം: എം.ടി.വിധുരാജ്

കോട്ടയം∙ യേശുക്രിസ്തുവിന്റെ ജറുസലം പ്രവേശനത്തിന്റെ സ്‌മരണകളുമായി ക്രൈസ്‌തവ ദേവാലയങ്ങളിൽ ഇന്ന് ഓശാന പെരുന്നാൾ ആചരിക്കുന്നു. ഹീബ്രു ഭാഷയിൽ ‘ഹോശന്ന’ എന്ന വാക്കിന്റ അർഥം ‘രക്ഷിക്കണമേ’ എന്നാണ്. യേശുക്രിസ്‌തു രക്ഷിതാവാണെന്നു പ്രഖ്യാപിച്ച വലിയൊരു ജനക്കൂട്ടമാണു രണ്ടായിരം വർഷം മുൻപു ഹോശന്ന പാടി സ്വീകരിച്ചത്. പിന്നീട് ഈ വാക്ക് ‘ഓശാന’യെന്നായതു വാമൊഴി വഴക്കം.

വിശുദ്ധ വാരാചരണത്തിന്റെ തുടക്കംകൂടിയാണ് ഓശാന പെരുന്നാൾ. പള്ളികളിൽ ഇന്ന് പ്രത്യേക തിരുകർമങ്ങളും കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും കുർബാനയും വചനസന്ദേശവും നടക്കുകയാണ്.. കുരുത്തോലയുമേന്തിയുള്ള പ്രദക്ഷിണത്തിൽ വിശ്വാസികളെല്ലാം ഭക്‌ത്യാദരപൂർവം പങ്കെടുക്കുന്നു. ദേവാലയത്തിലെ തിരുകർമങ്ങൾക്കു ശേഷം എളിമയുടെ രാജാവിനു സ്‌തുതിപാടിയാകും കുരുത്തോലകളുമായി വീട്ടിലേക്കു മടങ്ങുക. 

Hossana-Palm-Sunday ഓശാന ഞായറാഴ്ച കണ്ണൂർ ബർണശ്ശേരി ഹോളിട്രിനിറ്റി കത്തീഡ്രലിൽ നടന്ന കുരുത്തോല പ്രദക്ഷിണം. ചിത്രം: എം.ടി.വിധുരാജ്

ഇന്നു മുതൽ വലിയ ആഴ്‌ചയായാണ് വിശ്വാസികൾ ആചരിക്കുന്നത്. ചെയ്‌തുപോയ പാപങ്ങൾ ഓർത്തു പശ്‌ചാത്തപിക്കാനും ദൈവത്തിലേക്കു തിരിച്ചുപോകാനുമുള്ള അവസരമായാണു നോമ്പുകാലത്തെ കണക്കാക്കുന്നത്. യേശുവിന്റെ അന്ത്യത്താഴത്തിന്റെ സ്‌മരണകളുണർത്തുന്ന പെസഹ ആചരണവും കുരിശുമരണത്തിന്റെ സ്‌മരണകൾ പേറുന്ന ദുഃഖവെളളിയും ഉത്ഥാനത്തിന്റെ ആഹ്ലാദമുണർത്തുന്ന ഈസ്‌റ്ററും ക്രൈസ്‌തവരെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ളതാണ്. ഉയിർപ്പു പെരുന്നാളോടെ വിശുദ്ധവാരാചരണത്തിന് സമാപ്‌തിയാകും. 

Palm Sunday തിരുവനന്തപുരം പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ നടന്ന കുരുത്തോല പ്രദക്ഷിണം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

പിറ്റേന്നു പെരുന്നാൾക്കു വന്ന വലിയപുരുഷാരം യേശു ജറുസലമിലേക്ക് വരുന്നു എന്നു കേട്ടിട്ട്; ഈന്തപ്പനയുടെ കുരുത്തോല എടുത്തുകൊണ്ട് അവനെ എതിരേൽക്കുവാൻ ചെന്നു. ഹോശന്ന യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്‌ത്തപ്പെട്ടവൻ എന്ന് ആർത്തു. യേശു ഒരു ചെറിയ കഴുതയെ കണ്ടിട്ട് അതിന്മേൽ കയറി; സീയോൻ പുത്രി ഭയപ്പെടേണ്ട ഇതാ നിന്റെ രാജാവ് കഴുതക്കുട്ടിപ്പുറത്തു കയറിവരുന്നു എന്ന് എഴുതിയിരിക്കുന്നതുപോലെ തന്നെ. (ബൈബിൾ–യോഹന്നാൻ എഴുതിയ സുവിശേഷം 12: 12–15) 

നഗരവീഥികളിൽ വസ്‌ത്രങ്ങൾ വിരിച്ചും സൈത്തിൻ കൊമ്പുകൾ വെട്ടിയിട്ടും ഈന്തപ്പന കുരുത്തോലകളേന്തിയും യേശുക്രിസ്‌തുവിന്റെ ജറുസലം പ്രവേശനം പുരുഷാരം അനശ്വരമാക്കി. വിശുദ്ധ ബൈബിളിൽ ക്രിസ്‌തുശിഷ്യന്മാരാൽ എഴുതപ്പെട്ട സുവിശേഷങ്ങളിൽ എല്ലാം ഇക്കാര്യം വ്യക്‌തമാക്കുന്നുണ്ട്. വിനയത്തിന്റെയും സമാധാനത്തിന്റെയും മാതൃക സമൂഹത്തിനു പകർന്നു നൽകിയായിരുന്നു കഴുതക്കുട്ടിയുടെ പുറത്ത് ക്രിസ്‌തുവിന്റെ യാത്ര. ജറുസലമിൽ അക്കാലത്ത് രണ്ട് മൃഗങ്ങളെയാണ് യാത്രയ്‌ക്കായി രാജാക്കന്മാർ ഉപയോഗിച്ചിരുന്നത്. കുതിരയെയും കഴുതയെയും. കരുത്തിന്റെ പ്രതീകമായിരുന്ന കുതിരകളെ യുദ്ധങ്ങൾക്കു മാത്രമാണ് ഉപയോഗിച്ചിരുന്നത്. 

Palm-Sunday-Hosanna ഓശാന ഞായറിന് ഇടുക്കി മുതലക്കുടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ എത്തിയ വിശ്വാസികൾ. ചിത്രം: അരവിന്ദ് ബാല

കഴുതക്കുട്ടികളെ സമാധാനത്തിന്റെ പ്രതീകമായി കരുതിയിരുന്നു. സന്തോഷത്തിലും സമാധാന വേളകളിലും പ്രമുഖർ കഴുതക്കുട്ടിയുടെ പുറത്ത് യാത്ര ചെയ്‌തിരുന്നു. ദാവീദ് രാജാവ് സ്‌ഥാനാരോഹണത്തിനായി പോയത് കഴുതക്കുട്ടിയുടെ പുറത്തായിരുന്നുവെന്നും ചരിത്രങ്ങൾ സൂചിപ്പിക്കുന്നു. സമാധാനത്തിന്റെ അടയാളമായും കഴുതകളെ കണ്ടിരുന്നു. 

പിൽക്കാലത്ത് കർഷകരും ഭാരം ചുമക്കുന്നതിനായും കഴുതകളെ കൂടുതലായി ഉപയോഗിക്കുവാൻ തുടങ്ങിയതോടെയാണ് ഈ മൃഗം ആദ്യചടങ്ങുകളിൽ നിന്ന് ഒഴിവാക്കപ്പെട്ടു തുടങ്ങിയതെന്നും വേദശാസ്‌ത്രഞ്‌ജർ പറയുന്നു. ഒലിവു ചില്ലകൾക്കും സൈത്തിൻ കൊമ്പുകൾക്കും ഈന്തപ്പനയോലയ്‌ക്കും പകരമായി കേരളത്തിലെ ക്രൈസ്‌തവ ദേവാലയങ്ങളിൽ കുരുത്തോലകളാണ് ഉപയോഗിക്കുന്നത്. വേനൽമഴ കാലയളവിലാണ് ഓശാനപ്പെരുന്നാൾ എന്നതിനാൽ തലേന്ന് ഇടിവെട്ടി കുരുത്തോലകൾ വീണിരുന്നതായും പഴമക്കാർ പറയുന്നു. ഓശാനയെന്ന് ആർത്തുവിളിക്കുമ്പോൾ പൂക്കൾ മുകളിലേക്ക് എറിയുവാൻ കുട്ടികൾ തലേന്നുതന്നെ പൂക്കൾ ശേഖരിച്ചുവയ്‌ക്കുന്നത് പതിവാണ്.