Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസുകാരുടെ മോശം പെരുമാറ്റം ദൗർഭാഗ്യകരം; പ്രശ്നക്കാർക്കെതിരെ നടപടി: ബെഹ്റ

Loknath Behera

തിരുവനന്തപുരം∙ പൊലീസുകാരുടെ പെരുമാറ്റ രീതിയുമായി ബന്ധപ്പെട്ട് വ്യാപക വിമർശനങ്ങളുയരുന്ന സാഹചര്യത്തിൽ കർശന നടപടി ഉറപ്പു നൽകി പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. പ്രശ്നങ്ങളുണ്ടാക്കുന്ന പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഉന്നതതലയോഗം വിളിച്ചു പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസുകാർ സൃഷ്ടിച്ച പ്രശ്നങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. മോശമായി പെരുമാറുന്നവർ ആരായാലും നടപടിയെടുക്കുമെന്നും ബെഹ്റ വ്യക്തമാക്കി.

മലപ്പുറം കോട്ടക്കലില്‍ വിഐപി വാഹനത്തിന് വഴിയൊരുക്കാനെന്ന പേരില്‍ എഴുപതുകാരന്റെ മൂക്കിടിച്ച് തകര്‍ത്ത പൊലീസുകാരനെ സ്ഥലം മാറ്റി രക്ഷിക്കാനുള്ള നീക്കവും ആലപ്പുഴയില്‍ പൊലീസ് വാഹനം കുറുകെയിട്ടതിനെത്തുടർന്നുണ്ടായ അപകടത്തിൽ രണ്ട് ബൈക്ക് യാത്രക്കാര്‍ മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള ശ്രമവും മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. കോട്ടയം ഈരാറ്റുപേട്ടയില്‍ സ്റ്റേഷനിലെത്തിയ യുവാക്കളെ തെറിയഭിഷേകം നടത്തിയ എസ്ഐയുടെ വീഡിയോ പുറത്തുവിട്ടതും മനോരമ ന്യൂസാണ്. പൊലീസുകാരുടെ മോശം പെരുമാറ്റം വ്യാപക പ്രതിഷേധമുയർത്തിയ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ ഇടപെടൽ.

അതിനിടെ, പൊലീസിനുമേല്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നിയന്ത്രണമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് െചന്നിത്തല ആരോപിച്ചു. പൊലീസിനെ മര്യാദ പഠിപ്പിക്കാന്‍ ഡിജിപി ട്യൂഷനെടുക്കുകയാണ്. മലപ്പുറത്തു യാത്രക്കാരന്റെ മൂക്കിനിടിച്ചിട്ടു മോതിരം തട്ടി മൂക്ക് മുറിഞ്ഞെന്നാണു പൊലീസ് പറയുന്നത്. കള്ളം പറയുന്നതിന് അതിരുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എന്നാല്‍, മലപ്പുറത്ത് ഉൾപ്പെടെ ഒറ്റപ്പെട്ട സംഭവങ്ങളാണ് ഉണ്ടായതെന്നും ക്രമസമാധാനനില ഭദ്രമാണെന്നും മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് പൊലീസ് സംവിധാനം തകര്‍ന്നുവെന്ന് ആരോപിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു മന്ത്രി. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

അതേസമയം, മോശം പെരുമാറ്റത്തിന്റെ പേരിലുള്ള സസ്പെന്‍ഷന്‍ നടപടികള്‍ വെറും പ്രഹസനമാണെന്ന് മുന്‍ ഡിജിപി സിബി മാത്യൂസ് മനോരമ ന്യൂസിനോടു പ്രതികരിച്ചു.