Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക് ഡേറ്റ ചോർത്തൽ; സംഭവിച്ചത് വിശ്വാസവഞ്ചന, മാപ്പ്: സക്കർബർഗ്

Facebook

ലണ്ടൻ∙ കേംബ്രിജ് അനലിറ്റിക്ക വിവരം ചോർത്തൽ സംഭവത്തിൽ വീണ്ടും മാപ്പു പറഞ്ഞ് ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ്. ബ്രിട്ടിഷ് പത്രങ്ങളിൽ നൽകിയ മുഴുവൻ പേജ് പരസ്യത്തിലൂടെയാണു സക്കർബർഗിന്റെ മാപ്പു പറച്ചിൽ. നിങ്ങളുടെ വിവരങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഞങ്ങളിൽ നിക്ഷിപ്തമാണ്. അത് ഞങ്ങള്‍ക്കു സാധിച്ചില്ലെങ്കിൽ അതിനു ഞങ്ങൾ അർഹരുമല്ല – സക്കർബർഗിന്റെ ഒപ്പോടുകൂടിയ പരസ്യത്തിൽ പറയുന്നു.

2016ലെ യുഎസ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെ സഹായിക്കുന്നതിനായി വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ കേംബ്രിജ് അനലിറ്റിക്കയെന്ന സ്ഥാപനം ചോർത്തിയതാണു നിലവിൽ ഫെയ്സ്ബുക്കിനെ കുരുക്കിലാക്കിയത്. കേംബ്രിജ് അനലിറ്റിക്കയെ ഫെയ്സ്ബുക് പുറത്താക്കിയെങ്കിലും ചോർത്തൽ വാർത്ത അവർക്കു വൻനഷ്ടമാണുണ്ടാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ സമൂഹമാധ്യമമായ ഫെയ്സ്ബുക് യൂറോപ്പിലും യുഎസിലും സൂക്ഷ്മപരിശോധന നേരിടുകയാണ്.

Facebook Appology Letter ബ്രിട്ടിഷ് പത്രങ്ങളിൽ ഫെയ്സ്ബുക് നൽകിയ മാപ്പപേക്ഷ.

വെളുത്ത പ്രതലത്തിൽ ക്ഷമാപണ സന്ദേശവും ഫെയ്സ്ബുക്കിന്റെ ചെറിയൊരു ലോഗോയും അടങ്ങുന്നതാണു പരസ്യം. 2014ൽ ഒരു യൂണിവേഴ്സിറ്റി ഗവേഷകൻ സൃഷ്ടിച്ച ആപ്പിലൂടെ ലക്ഷക്കണക്കിനുപേരുടെ വിവരങ്ങൾ ചോർന്നിരുന്നുവെന്നു സക്കർബർഗ് പറയുന്നു. ഒരുതരത്തിൽ ഒരു വിശ്വാസവഞ്ചനയായിരുന്നു അത്. അന്ന് കൂടുതലൊന്നും തനിക്കു ചെയ്യാനായിരുന്നില്ല. എന്നാൽ അത് ഇനിയൊരിക്കലും സംഭവിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ ഇപ്പോൾ എടുക്കുകയാണ്.

ഇത്തരത്തിലുള്ള ആപ്പുകൾ കൂടുതൽ വിവരങ്ങൾ ചോർത്തുന്നതു തടഞ്ഞിട്ടുണ്ട്. ഫെയ്സ്ബുക്കിലൂടെ ലഭിക്കുന്ന ആപ്പുകൾക്കു നിയന്ത്രണം ഏർപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള ആപ്പുകള്‍ കണ്ടെത്താനുള്ള പരിശോധനയിലാണു ഞങ്ങൾ. വിവരങ്ങൾ ചോർത്തുന്ന ആപ്പുകൾ ഇനിയുമുണ്ടെന്നാണു ഞങ്ങളുടെ കണക്കുകൂട്ടൽ. അവയെ കണ്ടുപിടിച്ചു വിലക്കാനുള്ള നീക്കം നടത്തുകയാണ്. സ്വകാര്യവിവരങ്ങൾ തേടുന്ന ആപ്പുകൾ നിങ്ങൾക്കുതന്നെ നിർത്തലാക്കാൻ സാധിക്കും. ഫെയ്സ്ബുക്കിനെ ഇപ്പോഴും വിശ്വസിക്കുന്നതിൽ എല്ലാവർക്കും നന്ദി. ഉപയോക്താക്കൾക്കായി ഇതിലും നല്ല കാര്യങ്ങൾ ചെയ്യുമെന്ന് ഉറപ്പു നൽകുന്നുവെന്നും സക്കർബർഗിന്റെ പരസ്യത്തിൽ പറയുന്നു.

അതേസമയം, ചോർത്തൽ വാർത്ത പുറത്തുവന്നതിനു പിന്നാലെ വലിയ നഷ്ടമാണു ഫെയ്സ്ബുക്കിനു നേരിടേണ്ടി വന്നത്. വിപണിയിൽ ഫെയ്സ്ബുക്കിന്റെ ഓഹരികൾക്കു വൻ ഇടിവാണുണ്ടായത്. കഴിഞ്ഞ ഏഴുദിവസത്തിനിടെ സക്കർബർഗിന് നഷ്ടമായത് 1,000 കോടി ഡോളറാണ്.