Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടക ‘കൈ’വിടില്ല; കോൺഗ്രസിന് ആവേശമായി പുതിയ സർവേഫലം

Karnataka-Election കർണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോടൊപ്പം. (ഫയൽ ചിത്രം∙ ട്വിറ്റർ)

ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കർണാടകയിൽ ഭരണകക്ഷിയായ കോൺഗ്രസ് സീറ്റുകൾ വർധിപ്പിച്ച് ഭരണം നിലനിർത്തുമെന്ന് സർവേഫലം. കോൺഗ്രസിന്റെ വോട്ടുവിഹിതത്തിലും വർധനവുണ്ടാകുമെന്ന് സർവേ നടത്തിയ സി–ഫോർ വ്യക്തമാക്കുന്നു. മുൻപു നടന്ന തിരഞ്ഞെടുപ്പിൽ (2013) ഫലത്തോട് അടുത്തു നിൽക്കുന്ന പ്രവചനം നടത്തിയ സി–ഫോർ പുറത്തുവിട്ട സർവേഫലം, കോൺഗ്രസിന്റെ ആത്മവിശ്വാസം കൂട്ടും.

കോൺഗ്രസിന് 119–120 സീറ്റ് കിട്ടുമെന്നായിരുന്നു 2013ൽ സി–ഫോറിന്റെ പ്രവചനം. അന്ന് അവർക്കു ലഭിച്ചതാകട്ടെ, 122 സീറ്റുകൾ. ഇത്തവണ വോട്ടുവിഹിതത്തിൽ ഒൻപതു ശതമാനം വർധനയോടെ കോൺഗ്രസ് 46 ശതമാനം വോട്ട് നേടുമെന്നാണ് പ്രവചനം. ബിജെപിക്ക് 31 ശതമാനം, ജെഡിഎസിന് 16 ശതമാനം എന്നിങ്ങനെയാകും വോട്ടുവിഹിതം. പ്രവചനത്തിൽ ഒരു ശതമാനത്തിന്റെ തെറ്റു മാത്രമേ വരാൻ സാധ്യതയുള്ളൂവെന്നാണു സി–ഫോറിന്റെ അവകാശവാദം.

224 അംഗ നിയമസഭയിൽ കോൺഗ്രസ് 122ൽ നിന്ന് ഇത്തവണ സീറ്റെണ്ണം 126 ആക്കും. ബിജെപിക്കും നേട്ടമുണ്ടാകും. 2013ൽ നേടിയ 40 സീറ്റ് ബിജെപി 70 സീറ്റുകളാക്കി വർധിപ്പിക്കും. അതേസമയം ജെഡിഎസിന്റെ 40 സീറ്റുകൾ 27 ആയി കുറയും. മറ്റുള്ളവർക്ക് ഒരു സീറ്റും ഏഴു ശതമാനം വോട്ടും മാത്രമേ ലഭിക്കൂവെന്നും സർവേ പറയുന്നു.

മാർച്ച് ഒന്നിനും 25നും ഇടയിൽ തിരഞ്ഞെടുത്ത 154 മണ്ഡലങ്ങളിലെ 22,357 വോട്ടർമാരെ ഉൾപ്പെടുത്തിയായിരുന്നു സർവേ. പുരുഷന്മാരിൽ 44 ശതമാനവും സ്ത്രീകളിൽ 48 ശതമാനവും കോൺഗ്രസിനെ പിന്തുണയ്ക്കുന്നു. 33 ശതമാനം പുരുഷന്മാരും 29 ശതമാനം സ്ത്രീകളും ബിജെപിയെ പിന്തുണയ്ക്കുന്നു. എല്ലാ പ്രായക്കാരിലും കോൺഗ്രസിനാണു മുൻതൂക്കം; 18-25 (46%), 26-35 (47%), 36-50 (43%) and 50+ (50%).

സിദ്ധരാമയ്യ മുഖ്യമന്ത്രിയാവണം

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്തു തുടരണമെന്ന് 45 ശതമാനം ആളുകൾ ആഗ്രഹിക്കുന്നു. സർവേയിൽ പങ്കെടുത്തവരിൽ 21 ശതമാനം സിദ്ധരാമയ്യ സർക്കാരിൽ പൂർണ തൃപ്തിയും 54 ശതമാനം തൃപ്തിയും 25 ശതമാനം അതൃപ്തിയും രേഖപ്പെടുത്തി. ബിജെപിയുടെ ബി.എസ്‍.യെഡിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് 26 ശതമാനവും എച്ച്.ഡി. കുമാരസ്വാമിക്ക് 13 ശതമാനവുമാണു പിന്തുണ. കുടിവെള്ളമാണു സംസ്ഥാനത്തെ മുഖ്യവിഷയമായി ജനങ്ങൾ ചൂണ്ടിക്കാട്ടിയത്. കൃത്യമായ അഴുക്കുചാൽ സംവിധാനമില്ലാത്തതും മോശം റോഡുകളും പ്രശ്നമായി ഉന്നയിക്കപ്പെട്ടു.

ആത്മവിശ്വാസത്തിൽ കോൺഗ്രസ്, കരുത്തുകാട്ടാൻ ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടിറക്കിയാണു കർണാടകയിൽ ബിജെപിയുടെ പ്രചാരണം. രാഹുൽ ഗാന്ധിയാണു കോൺഗ്രസ് പ്രചാരണത്തിന്റെ മുഖം. യെഡിയൂരപ്പയും സിദ്ധരാമയ്യയും സംസ്ഥാന മുഖങ്ങളായും കളത്തിലുണ്ട്. ഭരണത്തിൽ തുടരാൻ ‌കോൺഗ്രസും തിരിച്ചുപിടിക്കാൻ ‌ബിജെപിയും ആഞ്ഞുശ്രമിക്കുകയാണ്. സമൂഹമാധ്യമങ്ങളിലടക്കം കൊണ്ടുപിടിച്ച പ്രചാരണമാണു നടക്കുന്നത്.