Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കീഴാറ്റൂരിൽ ആകാശപ്പാതയുടെ സാധ്യത തേടി മുഖ്യമന്ത്രിയും; ഗഡ്കരിയെ കാണും

Pinarayi Vijayan

കണ്ണൂര്‍∙ ജനകീയ സമരത്തിലൂടെ ദേശീയശ്രദ്ധയിലെത്തിയ തളിപ്പറമ്പ് കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേയുടെ (ആകാശപ്പാത) സാധ്യത തേടി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ കാണും. ഗഡ്കരിയെ കാണാന്‍ പിണറായി സമയം തേടിയതായാണു റിപ്പോർട്ട്. കീഴാറ്റൂർ സമരത്തെ പരോക്ഷമായി വിമർശിച്ചു രംഗത്തെത്തിയതിനു പിന്നാലെയാണു മുഖ്യമന്ത്രി ഗഡ്കരിയെ കാണാൻ ഒരുങ്ങുന്നത്.

നമ്മുടെ നാട്ടിൽ മാറ്റം വരരുതെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട്. നല്ല കാര്യങ്ങൾ നടത്തുന്നതിനു ചിലർ തടസ്സമാകുന്നു. എതിർപ്പുള്ളവരുടെയെല്ലാം എതിർപ്പ് അവസാനിപ്പിച്ചു വികസനം കൊണ്ടുവരിക പ്രായോഗികമല്ല. വികസനത്തിന് എതിരു നിൽക്കുന്ന രീതി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും മുഖ്യമന്ത്രി കോഴിക്കോട് വ്യക്തമാക്കിയിരുന്നു.

അതേസമയം, കണ്ണൂർ കീഴാറ്റൂരിൽ വയൽ നികത്തി ബൈപാസ് നിർമിക്കുന്നതിൽനിന്നു സർക്കാർ പിൻമാറിയില്ലെങ്കിൽ സമര രീതി മാറ്റാനുള്ള തയാറെടുപ്പിലാണു വയൽക്കിളികൾ. എല്ലാ ബദൽ മാർഗങ്ങളും അടഞ്ഞാൽ മാത്രം വയൽ വഴി ആകാശപ്പാത നിർമിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്ന നിലപാടിലാണു വയൽക്കിളികൾ. അതേസമയം സമരത്തിനു പിന്തുണയുമായി നന്ദിഗ്രാമിലെ കർഷകരെ കീഴാറ്റൂരിലെത്തിക്കുമെന്ന് ബിജെപി അറിയിച്ചു.

അതിനിടെ, കീഴാറ്റൂർ സമരം മാധ്യമസൃഷ്ടിയാണെന്നു മന്ത്രി എം.എം. മണി അഭിപ്രായപ്പെട്ടു. രണ്ടോ നാലോ പേർക്കു വേണ്ടി മാത്രമുള്ളതാണു വയൽക്കിളികളുടെ സമരം. സമരക്കാരെ ഇളക്കിവിടുന്നതു മാധ്യമങ്ങളാണെന്നും എം.എം. മണി കോതമംഗലത്തു പറഞ്ഞു.