Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രമസമാധാനം തകർന്നു, പൊലീസ് നിയമം കയ്യിലെടുക്കുന്നു: പ്രതിപക്ഷം

Thiruvanchoor Radhakrishnan തിരുവഞ്ചൂർ രാധാകൃഷ്ണൻ.

തിരുവനന്തപുരം∙ സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലാണെന്നും പൊലീസ് അതിക്രമങ്ങൾ വർധിച്ചുവരികയാണെന്നും പ്രതിപക്ഷം നിയമസഭയിൽ. ഇക്കാര്യം ഉന്നയിച്ച് അടിയന്തരപ്രമേയത്തിനു നോട്ടിസ് നൽകിയെങ്കിലും അനുവദിച്ചില്ല. ഇതേത്തുടർന്നു പ്രതിപക്ഷം സഭ വിട്ടിറങ്ങി.

മലപ്പുറം, ആലപ്പുഴ, കോട്ടയം, മലയിന്‍കീഴ് എന്നിവിടങ്ങളിലെ പൊലീസ് അതിക്രമങ്ങള്‍ ഉന്നയിച്ചു തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ലെന്നു തിരുവഞ്ചൂർ പറഞ്ഞു. പൊലീസിനെതിരെ വ്യാപകമായ പരാതികളാണുയരുന്നത്. അവർ നിയമം കയ്യിലെടുക്കുകയും ജനങ്ങളോടു മോശം പദപ്രയോഗങ്ങൾ നടത്തുകയും ചെയ്യുന്നു. ഇത്തരം സഭവങ്ങളിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നില്ല. പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്നും തിരുവഞ്ചൂർ ആരോപിച്ചു.

പൊലീസിനുമേൽ സർക്കാരിനും മുഖ്യമന്ത്രിക്കും നിയന്ത്രണമില്ലെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസിനെ മര്യാദ പഠിപ്പിക്കാൻ ഡിജിപി ട്യൂഷനെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാനനില ഭദ്രമാണെന്ന് അടിയന്തരപ്രമേയത്തിനു മറുപടിയായി മന്ത്രി എ.കെ.ബാലൻ പറഞ്ഞു.

പൊലീസ് ഉൾപ്പെട്ട ഒറ്റപ്പെട്ട അക്രമസംഭവങ്ങളിൽ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സഭയിൽ മുഖ്യമന്ത്രിയില്ലാത്തതിനാലാണ് എ.കെ.ബാലൻ മറുപടി നൽകിയത്. അതേസമയം, മന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാത്ത പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.