Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ സിആർപിഎഫ് ക്യാംപിനു നേരെ ആക്രമണം: നാലു ഭീകരരെ വധിച്ചു

indian-army-soldiers-file-pic ഇന്ത്യൻ സൈനികൻ (ഫയൽ ചിത്രം)

ശ്രീനഗർ∙ ജമ്മു കശ്മീരിലെ രജൗറി ജില്ലയിൽ സിആർപിഎഫ് ക്യാംപിൽ അതിക്രമിച്ചു കടക്കാനൊരുങ്ങിയ ഭീകരരിൽ നാലുപേരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു. സുന്ദർബാനി ടൗൺഷിപ്പിൽനിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള റെവാരിയൻ താല ഗ്രാമത്തിലെ ക്യാംപിനു നേർക്കാണ് ആക്രമണം. ബുധനാഴ്ച രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

സൈനിക വേഷത്തിലെത്തിയ ഭീകരർ സിആർപിഎഫ് ക്യാംപിനു സമീപമുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. എന്നാൽ സംശയകരമായ നീക്കങ്ങൾ കണ്ടെത്തിയ ക്യാപിലെ കാവൽക്കാർ ആദ്യം മുന്നറിയിപ്പുനൽകിയശേഷം വെടിയുതിർക്കുകയായിരുന്നു. ഏകദേശം 100 മീറ്റർ ദൂരത്തിലായിരുന്നു ഭീകരരപ്പോൾ. ഏറ്റുമുട്ടൽ രാത്രിയും തുടരുകയാണെന്നാണ് റിപ്പോർട്ട്.

വിവരമറിഞ്ഞ് കരസേനയും സ്ഥലത്തെത്തി. ഇവർ എല്ലാ വശത്തുനിന്നും ഭീകരരെ വളഞ്ഞിട്ടാണ് ആക്രമിച്ചത്. വൻ ഏറ്റുമുട്ടലാണു നടന്നത്. കൊല്ലപ്പെട്ട നാലുപേരും വിദേശികളാണെന്നു ഡിജിപി എസ്.പി. വൈദ് അറിയിച്ചു. ഏതാനും ദിവസങ്ങൾക്കുമുൻപു നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറിയവരാണു ഭീകരരെന്നു സൈനിക വൃത്തങ്ങൾ അറിയിച്ചു. അടുത്തിടെയായി നിയന്ത്രണരേഖയിലും ജമ്മുവിലെ രാജ്യാന്തര അതിർത്തിയിലുമാണു ഭീകരർ കൂടുതലായും ആക്രമണം നടത്തുന്നത്.

അതേസമയം, തിരച്ചിൽ തുടരുന്നതിനാൽ സുന്ദർബാനി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മേഖലയിൽ സംശയാസ്പദ സാഹചര്യത്തിൽ എന്തെങ്കിലും കണ്ടെത്തിയാൽ വിവരം നൽകണമെന്ന് ജില്ലാ ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.