Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രെക്സിറ്റ് പുതിയ അവസരങ്ങൾ സൃഷ്ടിക്കും: തെരേസ മേ; ചർച്ചകൾ പൂർത്തിയാക്കാൻ ഇനി ഒരുവർഷം

theresa-may തെരേസ മേ.

ലണ്ടൻ∙ യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചകൾ പൂർത്തിയാക്കി ബ്രെക്സിറ്റ് നടപ്പിലാക്കാൻ ഇന്നേക്കു കൃത്യം ഒരുവർഷം ബാക്കി. 2019 മാർച്ച് 29നാണു ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് ഔദ്യോഗികമായി പുറത്തുവരിക. നിർണായകമായ ചർച്ചകൾ മുന്നേറുമ്പോൾ ബ്രെക്സിറ്റ് രാജ്യത്തിനു പുതിയ അവസരങ്ങൾ കൊണ്ടുവരുമെന്ന ഉറച്ച വിശ്വാസത്തിലും പ്രതീക്ഷയിലുമാണു പ്രധാനമന്ത്രി തെരേസ മേ. എന്നാൽ രാജ്യത്തെ പുറകോട്ടടിക്കുന്ന ബ്രെക്സിറ്റിനു തടയിടാൻ ഇനിയും അവസരമുണ്ടെന്ന് ബ്രെക്സിറ്റ് വിരുദ്ധർ ആവർത്തിക്കുന്നു. മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറും പ്രമുഖ പ്രതിപക്ഷ പാർട്ടിയായ ലിബറൽ ഡെമോക്രാറ്റുകളുമാണ് ഇപ്പോഴും ബ്രെക്സിറ്റ് പാടില്ലെന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്നത്.

ഒരുവർഷം നീണ്ട ചർച്ചകളിൽ വേർപിരിയൽ സംബന്ധിച്ച ഏകദേശ ധാരണകൾ ആയിക്കഴിഞ്ഞു. ഇരുപക്ഷത്തും നിലവിലുള്ള കുടിയേറ്റക്കാരുടെ ഭാവി, ബ്രിട്ടൻ നൽകേണ്ട നഷ്ടപരിഹാരത്തുക, യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസിന്റെ അധികാരങ്ങൾ, ഐറിഷ് അതിർത്തി തുറന്നിടുന്നതിനുള്ള ധാരണ എന്നിങ്ങനെ നിരവധി തർക്കവിഷയങ്ങളിൽ പരിഹാരമായിക്കഴിഞ്ഞു. കസ്റ്റംസ് യൂണിയനും വ്യാപാര കരാറുകളും സംബന്ധിച്ച ചർച്ചകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇനിയൊരു പിന്നോട്ടുപോക്ക് സാധ്യമല്ലെന്ന തിരിച്ചറിവിൽ പ്രധാന പ്രതിപക്ഷമായ ലേബർ പാർട്ടിയും ഇപ്പോൾ ബ്രെക്സിറ്റ് അനുകൂല നിലപാടിലാണ്.

ചർച്ചയിൽ ഉരുത്തിരിയുന്ന ധാരണകളും കരാർ വ്യവസ്ഥകളും പാർലമെന്റിൽ അവതരിപ്പിച്ച് അനുമതി നേടുക എന്നതാണു തെരേസ മേ സർക്കാർ ഇനി അഭിമുഖീകരിക്കാനുള്ള പ്രധാന കടമ്പ. ചർച്ചകൾ പൂർത്തിയാക്കി ഒക്ടോബർ മാസത്തിലോ നവംബർ ആദ്യമോ സർക്കാർ ബ്രെക്സിറ്റ് ഉടമ്പടി വ്യവസ്ഥകൾ പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണു പ്രതീക്ഷ. അയർലൻഡിലെ പ്രാദേശിക പാർട്ടിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ മാത്രം നിലനിൽക്കുന്ന തെരേസ മേയുടെ ന്യൂനപക്ഷ സർക്കാരിന് ഈ കടമ്പ കടക്കാൻ മുഖ്യപ്രതിപക്ഷമായ ലേബറിന്റെ പിന്തുണ അനിവാര്യമാകും. ചർച്ചയുടെ പുരോഗതി വിലയിരുത്തിയും ഉടമ്പടി വ്യവസ്ഥകൾ രാജ്യതാൽപര്യത്തിനു യോജിച്ചതാകുമോ എന്നു പരിശോധിച്ചും മാത്രമാകും ബ്രെക്സിറ്റ് ബില്ലിന്മേൽ സർക്കാരിനുള്ള പിന്തുണയെന്നു ലേബർ നേതാവും ഷാഡോ ചാൻസിലറുമായ ജോൺ മക്ഡോണാൾഡ് ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്.

ബ്രെക്സിറ്റിനെ ഒഴിവാക്കാൻ പാർലമെന്റിന് ഇനിയും അവസരമുണ്ടെന്നും ഇതുപയോഗിച്ചു ബ്രെക്സിറ്റ് തടയണമെന്നുമാണു മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറുടെ നിലപാട്. കരാർ ഒപ്പിടുന്നതിനുമുമ്പ് ഇക്കാര്യത്തിൽ പാർലമെന്റ് വിവേകപൂർണമായ തീരുമാനമെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ ബ്രെക്സിറ്റ് നടപ്പിലാകുന്നതോടെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലേക്കു കൂടുതൽ നിക്ഷേപം സാധ്യമാകുമെന്നു പ്രധാനമന്ത്രി തെരേസ മേ പ്രത്യാശ പ്രകടിപ്പിച്ചു. രാജ്യത്തിന്റെ ശോഭനമായ ഭാവിക്ക് ഇത് ഉപകരിക്കും. യൂറോപ്യൻ യൂണിയനിലേക്കു വർഷംതോറും നൽകുന്ന വൻതുക ഇനിമുതൽ രാജ്യത്തെ അവശ്യസേവന മേഖലകളിലേക്കു തിരിച്ചുവിടാനാകുമെന്നും ഇതു സാധാരണക്കാർക്ക് ഏറെ ഗുണകരമാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ എല്ലാ മേഖലകൾക്കും ഗുണകരമാകുന്ന ഉടമ്പടിയാണു ചർച്ചയിലൂടെ ലക്ഷ്യമിടുന്നത്. ഇതു സാധ്യമാകുമെന്നും അവർ രാജ്യാന്തര മാധ്യമമായ ബിബിസിക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.