Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ച: പുതുക്കിയ തീയതി അടുത്തയാഴ്ച പ്രഖ്യാപിക്കും

CBSE Protest സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് ഡൽഹിയിൽ വിദ്യാർഥികളുടെ പ്രതിഷേധം.

ന്യൂഡൽഹി∙ ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്നു റദ്ദാക്കിയ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും നടത്തുന്ന തീയതി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രഖ്യാപിക്കും. ബുധനാഴ്ച നടന്ന പത്താം ക്ലാസ് കണക്ക്, തിങ്കളാഴ്ച നടന്ന പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷകളാണ് ബുധനാഴ്ച ഉച്ചകഴിഞ്ഞ് സിബിഎസ്ഇ റദ്ദാക്കിയത്. പുതുക്കിയ തീയതി തിങ്കളോ ചൊവ്വയോ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി പ്രകാശ് ജാവഡേക്കർ വ്യക്തമാക്കി.

അതേസമയം, സിബിഎസ്ഇ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ വൻ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്തി. വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിലാണു ഡൽഹിയിൽ പ്രതിഷേധം. എല്ലാ പരീക്ഷകളും വീണ്ടും നടത്തണമെന്നാണു പ്രതിഷേധക്കാരുടെ ആവശ്യം. സിബിഎസ്ഇയുടെ മറ്റു ചോദ്യപേപ്പറുകളും ചോർന്നിട്ടുണ്ടെന്നു സമരക്കാർ പറയുന്നു.

പരീക്ഷയ്ക്ക് അരമണിക്കൂർ മുൻപാണു ചോദ്യ പേപ്പർ ചോർന്നതെന്നു കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവഡേക്കർ വിശദീകരിച്ചു. പുതുക്കിയ പരീക്ഷാ തീയതി ഏതാനും ദിവസങ്ങൾക്കകം പ്രഖ്യാപിക്കും. സംഭവത്തിൽ ഡൽഹി പൊലീസ് പ്രത്യേക സംഘം അന്വേഷണം തുടങ്ങി. ഡൽഹി രജീന്ദർ നഗറിലുള്ള ഒരു കോച്ചിങ് സെന്റർ ഉടമയെ ചോദ്യം ചെയ്തെന്നാണു വിവരം. ഇയാൾക്കെതിരെ സിബിഎസ്ഇ പരാതി നൽകിയിരുന്നു. ഡൽഹി സർവകലാശാലയിൽനിന്നു പാസ്സായ ഇയാൾ കണക്ക്, ഇക്കണോമിക്സ് വിഷയങ്ങളിലാണു ട്യൂഷൻ നൽകുന്നത്. പരീക്ഷാ കേന്ദ്രങ്ങളിലെ അധ്യാപകരെയും ചോദ്യം ചെയ്യുന്നുണ്ട്.

സിബിഎസ്ഇ ഉദ്യോഗസ്ഥർക്കു സംഭവവുമായി ബന്ധമുണ്ടോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നു പൊലീസ് അറിയിച്ചു. അതിനിടെ, ജാവഡേക്കറിന്റെയും സിബിഎസ്ഇ അധ്യക്ഷയുടെയും രാജി ആവശ്യപ്പെട്ടു കോൺഗ്രസ് രംഗത്തെത്തി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണവും പാർട്ടി ആവശ്യപ്പെട്ടു. വിദ്യാർഥികൾ ഉൾപ്പെടെ 25 പേരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. ചോദ്യക്കടലാസുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവരെ ഉടൻ കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. സീനിയർ പൊലീസ് ഓഫിസർ ആർ.പി. ഉപാധ്യായയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. സിബിഎസ്ഇ നൽകിയ പരാതിയിന്മേൽ രണ്ടു‌ കേസുകളാണു റജിസ്റ്റർ ചെയ്തിട്ടുള്ളത്.

‘വാട്സാപ്പിലൂടെ ചോദ്യക്കടലാസിന്റെ കയ്യെഴുത്തുപ്രതി പ്രചരിച്ചതിന്റെ സ്ക്രീൻ ഷോട്ടുകൾ ലഭിച്ചിട്ടുണ്ട്. ആരാണു സന്ദേശം അയച്ചതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ്. അയച്ചയാൾക്കും സ്വീകരിച്ചയാൾക്കും മാത്രം മനസ്സിലാകുന്ന ‘എൻക്രിപ്ഷൻ’ സൈറ്റാണു വാട്സാപ്പിന്റേത്. ഇതു ചെറിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്’– അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ‌ പറഞ്ഞു.

ഡൽഹി പൊലീസിനെ കൂടാതെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘവും അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തിൽ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. രാജ്യത്തെ 16,38,552 വിദ്യാർഥികളാണ് ഇത്തവണ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ എഴുതിയത്. പന്ത്രണ്ടാം ക്ലാസിൽ 11,86,144 വിദ്യാർഥികളും. കേരളത്തിൽ പത്താം ക്ലാസിൽ എഴുപതിനായിരത്തോളം വിദ്യാർഥികളാണു സിബിഎസ്ഇ പരീക്ഷ എഴുതിയത്.