Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കപില്‍ സിബലിനു ബാർ കൗണ്‍സിലിന്‍റെ താക്കീത്; ഇംപീച്ച്മെന്റെങ്കില്‍ ഇനി പ്രാക്ടീസ് വേണ്ട

kapil-sibal

ന്യൂഡൽഹി∙ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരായ കുറ്റവിചാരണ പ്രമേയ (ഇംപീച്മെന്റ്) നോട്ടിസ് തിങ്കളാഴ്ച നല്‍കാനിരിക്കെ കപി‍‍ല്‍ സിബലിനു മുന്നറിയിപ്പുമായി ബാര്‍ കൗണ്‍സില്‍. ഇംപീച്മെന്റ് നടപടി തുടര്‍ന്നാല്‍ സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യരുതെന്നും ഇതു സുപ്രീംകോടതിക്കു നേരെയുളള ഭീഷണിയാണെന്നുമാണു മുന്നറിയിപ്പ്. തീരുമാനം ജനറല്‍ കൗണ്‍സിലിന്റെതാണെന്നും അംഗം ടി.എസ്. അജിത്കുമാര്‍ ‘മനോരമ ന്യൂസി’നോടു പറഞ്ഞു.

ഇംപീച്മെന്റ് പ്രമേയം രാജ്യസഭയില്‍ കൊണ്ടുവരുന്നതിന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായ്ഡുവിനാണു പ്രതിപക്ഷം തിങ്കളാഴ്ച നോട്ടിസ് നല്‍കുക. കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ നിരയില്‍നിന്നുള്ള 50 എംപിമാര്‍ പ്രമേയത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിലപാടുകള്‍ക്കെതിരെ സുപ്രീംകോടതിയിലെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യമായി രംഗത്തെത്തിയതാണ് ഇംപീച്ച്മെന്‍റ് നീക്കത്തിനു വഴിമരുന്നിട്ടത്. കോണ്‍ഗ്രസ്, എന്‍സിപി, ഇടതുപാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി തുടങ്ങി പ്രതിപക്ഷനിരയിലെ പാര്‍ട്ടികളില്‍നിന്ന് 50 എംപിമാരാണു പ്രമേയത്തില്‍ ഒപ്പുവച്ചിട്ടുള്ളത്. ഇംപീച്ച്മെന്‍റ് പ്രമേയം അംഗീകരിക്കാന്‍ രാജ്യസഭയിലാണെങ്കില്‍ 50 അംഗങ്ങളുടെയും ലോക്സഭയിലാണെങ്കില്‍ 100 എംപിമാരുടെയും പിന്തുണവേണം. നോട്ടിസ് ലഭിച്ചു കഴിഞ്ഞാല്‍ ഉപരാഷ്ട്രപതി അന്വേഷണ സമിതിയെ നിയോഗിക്കുന്നതാണ് അടുത്ത നടപടി.

സമിതി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും വിചാരണ വേണമോ, വേണ്ടയോ എന്നു തീരുമാനിക്കുക. അങ്ങനെയെങ്കില്‍ രാജ്യത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇംപീച്ച്മെന്‍റ് നടപടി നേരിടുക. ജഡ്ജി ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്ന ബെഞ്ച് നിശ്ചയിക്കുന്നതില്‍ ഉള്‍പ്പെടെ ചീഫ് ജസ്റ്റിസ് പ്രത്യേക താല്‍പര്യത്തോടെ ഇടപെട്ടുവെന്നാണു മുതിര്‍ന്ന ജഡ്ജിമാര്‍ ആരോപിച്ചത്.

ഇംപീച്മെന്റ് പ്രമേയത്തിന്‍റെ കാര്യത്തില്‍ തുടക്കത്തില്‍ കോണ്‍ഗ്രസില്‍ വ്യത്യസ്താഭിപ്രായമുണ്ടായിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതിപക്ഷ നേതാക്കളുമായും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണുമായും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. പാര്‍ലമെന്‍റില്‍ പ്രതിപക്ഷത്തെ ഒന്നിച്ചു നിര്‍ത്തുക എന്നതാണ് ഇംപീച്ച്മെന്‍റ് നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

related stories