Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഡിയോകോണിന് വായ്പ: ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവിനെതിരെ സിബിഐ അന്വേഷണം

chanda-kochhar ചന്ദ കൊച്ചാർ (ഫയൽ ചിത്രം)

ന്യൂഡൽഹി∙ വിഡിയോകോണിന് 3250 കോടി രൂപ വായ്പ നല‍്‍കിയതില്‍ അഴിമതി ആരോപണം നേരിടുന്ന ഐസിഐസിഐ ബാങ്ക് മേധാവി ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവിനെതിരെ സിബിഐ അന്വേഷണം തുടങ്ങി. ദീപക് കൊച്ചാറിനുമെതിരെ പ്രാഥമികാന്വേഷണമാണ് സിബിഐ നടത്തുന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

വായ്പ അനുവദിച്ചതിലൂടെ ചന്ദ കൊച്ചാറും കുടുംബാംഗങ്ങളും സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ ഐസിഐസിഐ ബാങ്ക് മാനേജ്മെന്റ് തളളിയിരുന്നു. പല ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണു വായ്പ അനുവദിച്ചതെന്നും ഐസിഐസിഐ അതില്‍ വിഹിതം നല്‍കിയിട്ടേയുളളുവെന്നുമാണു നിലപാട്. ഓഹരി ഉടമ നല്‍കിയ പരാതിയില്‍ സെബി അന്വേഷണം തുടങ്ങിയിരുന്നു.

എല്ലാ ബാങ്കുകളുടെയും വ്യവസ്ഥകളാണ് ഐസിഐസിഐയും പിന്തുടർന്നതെന്നും നേരത്തേ ബാങ്ക് ചെയർമാൻ എം.കെ. ശർമ ചന്ദ കൊച്ചാറിനെ പിന്തുണച്ചു പറയുന്നു. 2012ൽ നൽകിയ വായ്പയാണിത്. വിഡിയോകോണിനു പല ബാങ്കുകളിൽനിന്നു കിട്ടിയ വായ്പയുടെ 10 ശതമാനത്തിൽ താഴെയാണ് ഐസിഐസിഐ ബാങ്കിന്റേതെന്നും ചെയർമാൻ പറഞ്ഞു.

ബാങ്കിന്റെ ഓഹരിയുടമയായ അരവിന്ദ് ഗുപ്ത പ്രധാനമന്ത്രിയടക്കമുള്ളവർക്ക് നൽകിയ പരാതിയാണ് ഇടപാടിൽ ക്രമക്കേടുണ്ടെന്നു സൂചന നൽകിയത്. കടക്കെണിയിലായിരുന്ന വിഡിയോകോണിന് വൻ തുക നൽകിയതിനു പ്രതിഫലമായി ബാങ്ക് സിഇഒ ചന്ദ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറിനും മറ്റു ചില കുടുംബാംഗങ്ങൾക്കും വലിയ സാമ്പത്തിക നേട്ടമുണ്ടായെന്നു പരാതിയിൽ പറഞ്ഞിരുന്നു. ദീപക് കൊച്ചാറും വിഡിയോകോൺ ഉടമ ധൂതും ബിസിനസ് പങ്കാളികളാകുകയും ചെയ്തു. സംഭവം സംബന്ധിച്ച് അധികൃതർ വിശദീകരണം തേടിയിട്ടുണ്ടെന്നു ബാങ്ക് സമ്മതിച്ചു.