Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസുകാരോടു ജനം ചോദിക്കുന്നു: സുഹൃത്തുക്കളെപ്പോലെ ഇടപെട്ടാലെന്താ...

police-violent

കോട്ടയം ∙ ‘കാര്യം ശരിയാണ്. രാപകൽ ജോലി ചെയ്യുന്നവരാണ് പൊലീസ്, മിക്കപ്പോഴും കുറ്റവാളികളുമായി ഇടപെടുന്നവരാണ്. പക്ഷേ, എല്ലാവരെയും കുറ്റവാളികളെപ്പോലെ കാണരുത്. ജനത്തോട് മാന്യമായി പെരുമാറണം’ – പൊലീസ് എങ്ങനെയാകണമെന്ന പ്രതികരണം തേടി കോട്ടയത്ത് മനോരമ നടത്തിയ ഫോൺ ഇൻ പരിപാടിയിൽ പങ്കെടുത്ത ഭൂരിപക്ഷം ആളുകളുടെയും അഭിപ്രായമാണിത്. പൊലീസ് മാന്യത വിട്ടു പെരുമാറിയ പല അനുഭവങ്ങളും പങ്കുവച്ച വായനക്കാർ, രാഷ്ട്രീയ സ്വാധീനമില്ലാത്ത ഇടമായി സ്റ്റേഷനുകളെ മാറ്റണമെന്നും അഭിപ്രായപ്പെട്ടു. 

പരേഡ് വേണം

പൊലീസുകാരിൽ മിക്കവർക്കും അഹങ്കാരമാണ്. പരാതിയുമായി സ്റ്റേഷനിലെത്തിയാൽ കൈക്കൂലിക്കു ശ്രമിക്കുന്ന ഒട്ടേറെപ്പേർ ഇപ്പോഴുമുണ്ട്. പലപ്പോഴും പൊലീസുകാരെ നിയന്ത്രിക്കാൻ അവിടെയുള്ള എസ്ഐക്കു സാധിക്കുന്നില്ല. രാഷ്ട്രീയ സ്വാധീനങ്ങളാകാം കാരണം. പൊലീസുകാർക്ക് എല്ലാ ആഴ്ചയും ഒരു മണിക്കൂർ വീതം പരേഡും പരിശീലനവും നിർബന്ധമാക്കണം.   

- സി.രവീന്ദ്രൻ, പാലാ

വാഹന പരിശോധന ഡിജിറ്റലാക്കണം

സമൂഹത്തിലാകെയുള്ള ജീർണത പൊലീസ് സേനയെയും ബാധിക്കും. പൊലീസ് മാത്രം നന്നാകുമെന്നു പ്രതീക്ഷിക്കേണ്ട. വാഹന പരിശോധനയ്ക്കിടെ യാത്രക്കാരെ അവഹേളിക്കുന്നത് ഒഴിവാക്കണം.  ഹെൽമറ്റ് വയ്ക്കാത്തവരെയും സീറ്റ് ബെൽറ്റിടാത്തവരെയും പിടികൂടാൻ ക്യാമറകളുടെ സഹായം തേടണം. അതാകുമ്പോൾ തടഞ്ഞുനിർത്തലും തർക്കവും ഒഴിവാക്കാം. എന്നാൽ, മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടികൂടണം. പെറ്റിക്കേസുകളുടെ പിഴ പലപ്പോഴും വക്കീലും പൊലീസും കൊണ്ടു പോകുന്നു. സർക്കാരിനതു കിട്ടുന്നില്ല. ഇത്തരമൊരവസ്ഥ ഒഴിവാക്കാൻ ശ്രമിക്കണം.

- ആൻണി തോമസ്, പാലാ, റിട്ട. എസ്പി

വിവേചനമില്ലാതെ നീതി നടപ്പാക്കണം

വലിയ ക്ലബ്ബുകൾക്കു മുൻപിൽ പൊലീസ് ചെക്കിങ്ങിനു നിൽക്കാറില്ല. ബവ്റിജസിനു മുന്നിൽ ചെക്കിങ് നടത്തുകയും ചെയ്യും. ആഡംബര വാഹനങ്ങൾ തടയുകയോ പരിശോധിക്കുകയോ ചെയ്യില്ല. ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. സാധാരണക്കാർക്കും ഉയർന്ന ഉദ്യോഗസ്ഥരോട് നേരിട്ടു സംസാരിക്കാനുള്ള സൗകര്യം ഉണ്ടാകണം. രാഷ്ട്രീയ ഇടപെടലുകൾക്ക് അവസരം കൊടുക്കരുത്. 

-  സാം, കളത്തിപ്പടി 

എന്തൊരു നീതികേടിത് 

മകളുടെ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാൻ ഒരു സർക്കാർ ഓഫിസിലെ ഗസറ്റഡ് ഓഫിസറുടെ അടുത്തു ചെന്നു. നിനക്കൊന്നും വിദ്യാഭ്യാസമില്ല, അറ്റസ്റ്റ് ചെയ്യില്ലെന്നു പറഞ്ഞ് ആ ഓഫിസർ ഞങ്ങളെ പരസ്യമായി അധിക്ഷേപിച്ചു. ഇതിനെതിരെ പരാതി പറയാൻ പൊലീസ് സ്റ്റേഷനിലെത്തി. എന്നാൽ, എസ്ഐ ആ ഗസറ്റഡ് ഓഫിസറെ ഞങ്ങളുടെ മുൻപിലിരുന്നു തന്നെ വിളിച്ച് ഞങ്ങളെ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ചു. ഗസറ്റഡ് ഓഫിസറായതു കൊണ്ട് സ്റ്റേഷനിലേക്കു വിളിച്ചുവരുത്താൻ സാധിക്കില്ലെന്നും വേണമെങ്കിൽ അങ്ങോട്ടു ചെല്ലണമെന്നും എസ്ഐ പറഞ്ഞു. പക്ഷേ, കാലം കുറേയായിട്ടും കേസിലൊരു നടപടിയുമില്ല. പാവപ്പെട്ടവർക്കും വിദ്യാഭ്യാസമില്ലാത്തവർക്കും പല പൊലീസ് സ്റ്റേഷനുകളിലും പരാതിയുമായി ചെല്ലാൻ കഴിയാത്ത സ്ഥിതിയാണ്.

– (പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വീട്ടമ്മ)

എടാ, പോടാ വിളി വേണ്ട

പ്രായമുള്ളവരെ ബഹുമാനിക്കാൻ പഠിക്കണം. എടാ, പോടാ വിളികളിൽ കൂടിയാണ് പൊലീസ് മിക്കവരെയും സംബോധന ചെയ്യുന്നത്. മാന്യന്മാരോട് അങ്ങനെ സംസാരിക്കാൻ പാടില്ല. ബഹുമാനം വേണം. 

- സഞ്ജു സജി, കാനം 

ആത്മവീര്യം   കെടുത്തരുത്

പൊലീസ് ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. എട്ടു മണിക്കൂറാണ് അവരുടെ ജോലി സമയമെങ്കിലും പലപ്പോഴും അത് 20 മണിക്കൂർ വരെയാകുന്നു. അതുകൊണ്ടാണു ചിലപ്പോഴൊക്കെ നിയന്ത്രണം വിട്ടുപോകുന്നത്. പലവിധ മാനസിക സംഘർഷങ്ങളിൽ കൂടിയാണ് ഓരോ ദിവസവും അവർ കടന്നുപോകുന്നത്.  അവരുടെ ആത്മവീര്യം കെടുത്തുന്ന രീതിയിലുള്ള നടപടി ഉണ്ടാകരുത്.

- സാം വി.ജോൺ, ഖത്തർ

എല്ലാവരും  കുറ്റവാളികളല്ല

കുറ്റവാളികളോടെന്ന പോലെയാണ് പൊലീസ് എല്ലാവരോടും പെരുമാറുന്നത്. ആളുകളോടു മാന്യമായി പെരുമാറണം. ഒരിക്കൽ കോട്ടയത്തു വാഹനാപകടം നടന്ന സ്ഥലത്തേക്കു ഞാൻ ചെന്നു. പരുക്കേറ്റയാളെ സഹായിച്ച എന്നോടു വളരെ ദേഷ്യത്തിലാണ് പൊലീസ് പെരുമാറിയത്. കണ്ടുനിന്നവർക്കു ഞാനാണു കുറ്റവാളിയെന്നു തോന്നുംവിധമായിരുന്നു പ്രതികരണം. ഇത്തരക്കാരാണ് സേനയുടെ ശാപം. 

- അജിത്കുമാർ, ചെമ്പ്

ആ നമ്പർ തിരികെത്തരൂ

ജനങ്ങൾക്ക് എളുപ്പം പൊലീസുമായി ബന്ധപ്പെടാൻ സാധിക്കണം 1090 എന്ന ക്രൈം സ്റ്റോപ്പർ നമ്പറിലും 1091 എന്ന വനിതാ ഹെൽപ്‌ലൈൻ നമ്പരിലും കേരളത്തിൽ എവിടെ നിന്നും ഏതു ജില്ലയിലേക്കും വിളിക്കാമായിരുന്നു. എന്നാൽ, ഇപ്പോൾ അതതു ജില്ലകളിൽ മാത്രമേ ആ നമ്പർ ലഭിക്കൂ. ഒരു ജില്ലയിൽ നിന്നു മറ്റൊരു ജില്ലയിലെ കുറ്റകൃത്യങ്ങൾ വിളിച്ചറിയിക്കാൻ സാധിക്കണം. ഡിജിപിയുടെ ഓഫിസിലേക്കു നേരിട്ടുവിളിക്കാനുള്ള നമ്പരും ഇപ്പോൾ ലഭ്യമല്ല. ഇതും പുനഃസ്ഥാപിക്കണം.

- എം.പി.രമേഷ്കുമാർ, ലയൺസ് ജില്ലാ പ്രോജക്ട് ചെയർമാൻ  

പൊലീസ് ആക്ട് പഠിക്കണം

ഞാൻ 11 വർഷത്തോളം എസ്ഐ ആയിരുന്നു. എല്ലാവരോടും മാന്യമായി തന്നെയായിരുന്നു പെരുമാറിയിരുന്നത്. എന്നാൽ, പലപ്പോഴും പൊലീസുകാർക്ക് ജനങ്ങളോട് എങ്ങനെ പെരുമാറണമെന്നറിയില്ല. കേരള പൊലീസ് ആക്ട് സെക്​ഷൻ മൂന്ന്, നാല്, ഏഴ് തുടങ്ങിയവ പൊലീസുകാരും പൊതുജനങ്ങളും പഠിക്കണം. ജനങ്ങൾക്ക് എന്തൊക്കെ അവകാശങ്ങളുണ്ടെന്ന് അതിൽ വ്യക്തമായി പറയുന്നുണ്ട്. ജനങ്ങളോടു മാന്യമായി പെരുമാറിയാൽ തിരിച്ചും അങ്ങനെയായിരിക്കും. 

- ഷാജഹാൻ, പായിപ്പാട്, റിട്ട. എസ്ഐ

പരിമിത സൗകര്യങ്ങൾ  മാത്രം

മൂന്ന് പഞ്ചായത്തുകൾക്കും കൂടി ഒരു പൊലീസ് സ്റ്റേഷൻ മാത്രമാണ് മുണ്ടക്കയത്ത്. ഇത്ര വലിയ പ്രദേശം നിരീക്ഷിക്കാൻ മാത്രമുള്ള അംഗബലം സ്റ്റേഷനിലില്ല. രാത്രികാല പട്രോളിങ്ങിനാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. ഒഴിവുകൾ നികത്താൻ സർക്കാർ ശ്രദ്ധിക്കണം. കാശു വാങ്ങി കേസ് ഒത്തുതീർപ്പാക്കുന്നവരും പൊലീസിന്റെ കൂട്ടത്തിലുണ്ട്.

- അഭിലാഷ്  ജയരാജ്, മുൻ പഞ്ചായത്ത് പ്രസിഡന്റ്, മുണ്ടക്കയം

ഭിന്നശേഷിക്കാരെ പരിഗണിക്കൂ

ഞാനൊരു ഭിന്നശേഷിക്കാരനാണ്. പൊലീസ് സ്റ്റേഷനിൽ ചെന്നാൽ ഇരിക്കാൻ പോലും പറയില്ല. നിന്നു കൊണ്ടു വേണം പരാതി പറയാൻ. ഞങ്ങൾക്കു മാനുഷിക പരിഗണന പോലും കിട്ടുന്നില്ല. ചോദിക്കാനും പറയാനും ആരുമില്ലെന്നുള്ള അഹങ്കാരമാകും ഇതിനു പിന്നിൽ. ട്രാഫിക്കിൽ മിക്കപ്പോഴും സഹായം ലഭിക്കുന്നുണ്ട്. പൊലീസുകാർ കൈപിടിച്ച് റോഡ് കുറുകെ കടക്കാനൊക്കെ സഹായിക്കും. എന്നാൽ, സ്റ്റേഷനിൽ ചെല്ലാൻ ഭയമാണ്.

- ജി.രതീഷ്, കോടിമത

related stories