Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നരേന്ദ്രമോദിയുടെ ‘മൻ കി ബാത്’ എഴുതിയതാര്?; പുസ്തകത്തിൽ വിവാദം കനക്കുന്നു

man-ki-bath-modi പുസ്തകത്തിന്റെ കവർ, പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റേഡിയോ പരിപാടിയെ ആസ്പദമാക്കി പുറത്തിറങ്ങിയ ‘മൻ കി ബാത്: എ സോഷ്യൽ റവല്യൂഷൻ ഓൺ റേഡിയോ’ എന്ന പുസ്തകത്തിന്റെ രചയിതാവിനെച്ചൊല്ലി വിവാദം കനക്കുന്നു. പുസ്തകം എഴുതിയെന്നു പറയപ്പെടുന്ന രാജേഷ് ജെയിന് ‌ഇതുമായി ബന്ധമൊന്നുമില്ലെന്നു സുഹൃത്തും മുന്‍ കേന്ദ്രമന്ത്രിയുമായ അരുൺ ഷൂരി പറഞ്ഞു. പുസ്തക പ്രകാശന ചടങ്ങില്‍ ഒരു പ്രസംഗം നടത്തുന്നതിനു വേണ്ടി മാത്രമാണു തന്നെ പങ്കെടുപ്പിച്ചതെന്നു രാജേഷ് പറഞ്ഞതായും ഷൂരി ഒരു ദേശീയ മാധ്യമത്തോടു വ്യക്തമാക്കി.

അതേസമയം അരുൺ ഷൂരിയുടെ അഭിപ്രായം ശരിയാണെന്നു പിന്നീട് രാജേഷ് ജെയ്നും വ്യക്തമാക്കി. മന്‍ കി ബാത്തിന്റെ രചന നിർവഹിച്ചതു താനല്ല. പുസ്തകത്തിന്റെ രചയിതാവായി തന്റെ പേര് കണ്ടപ്പോൾ അദ്ഭുതമായിരുന്നു. നരേന്ദ്രമോദിയുടെ റേഡിയോ പ്രസംഗങ്ങള്‍ പുസ്തകത്തിനായി ഏകീകരിച്ച ബ്ലൂക്രാഫ്റ്റ് ഡിജിറ്റൽ‌ ഫൗണ്ടേഷനുമായി ചേർന്നാണ് താൻ പ്രവർത്തിക്കുന്നത്. പക്ഷെ പുസ്തകത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ല– രാജേഷ് ജെയ്ൻ പറഞ്ഞു.

പരിപാടിക്കെത്തുന്നതിനു പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നു ക്ഷണമുണ്ടായിരുന്നു. അപ്പോഴാണ് രചയിതാവിന്റെ സ്ഥാനത്തെ പേരു ശ്രദ്ധയിൽപ്പെട്ടത്. ആ ചടങ്ങിൽ വച്ചു തന്നെ പുസ്തകത്തിന്റെ രചയിതാവ് താനല്ലെന്നു പറഞ്ഞിരുന്നു. എന്നാൽ പിഐബി (പ്രസ് ഇൻഫർമേഷൻ ബ്യുറോ)യുടെയും പ്രധാനമന്ത്രിയുടെ വെബ്സൈറ്റിലും പുസ്തകത്തിന്റെ രചയിതാവായി തന്റെ പേരു കാണിക്കുന്നതു തുടരുകയായിരുന്നു. പുസ്തകം ആരാണ് എഴുതിയതെന്ന കാര്യം ഇപ്പോഴും അറിയില്ല– അദ്ദേഹം വ്യക്തമാക്കി.

മേയ് 25ന് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണു ‘മൻ കി ബാത്ത്: എ സോഷ്യൽ റെവല്യൂഷൻ ഓൺ റേഡിയോ’ എന്ന പുസ്തകം പ്രകാശനം ചെയ്തത്. രാഷ്ട്രപതിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ മാധ്യമ പ്രവർത്തകനായ ഉദയ് മഹുർകറിന്റെ ‘മാർചിങ് വിത് എ ബില്യൻ: അനലൈസിങ് നരേന്ദ്രമോദിസ് ഗവൺമെന്റ് ഇൻ മിഡ് ടേം’ എന്ന പുസ്തകവും പുറത്തിറക്കിയിരുന്നു. 

പുസ്തകം സംബന്ധിച്ചു മൂന്നു വാര്‍ത്താ കുറിപ്പുകളാണ് പിഐബി വെബ്സൈറ്റിലുള്ളത്. മേയ് 25ലെ കുറിപ്പിൽ രാജേഷ് ജെയിനെന്നും പിന്നീടുള്ള രണ്ടെണ്ണത്തിൽ രചയിതാവ് രാജേഷ് ജെയിന്‍, സമാഹരിച്ചത് രാജേഷ് ജെയിന്‍ എന്നിങ്ങനെയുമാണുള്ളത്. അതേസമയം ഓണ്‍ലൈൻ സൈറ്റുകളിൽ വിൽപനയ്ക്കു വച്ചിരിക്കുന്ന പുസ്തകത്തിനു രചയിതാവിന്റെ പേര് നൽകിയിട്ടുമില്ല.

related stories