Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അവസാനം’ കുറിക്കുന്ന ലോകമഹായുദ്ധം പടിവാതിൽക്കൽ: മുന്നറിയിപ്പുമായി റഷ്യൻ ജനറൽ

Vladimir-Putin-Theresa-May-Russian-Spy തെരേസ മേ, വ്ളാദിമിർ പുടിൻ

മോസ്കോ∙ ബ്രിട്ടന്റെ ഡബിൾ ഏജന്റിനു നേരെ വിഷപ്രയോഗം നടത്തി കൊല്ലപ്പെടുത്താൻ റഷ്യ ശ്രമിച്ചതിനു പിന്നാലെ ‘ലോകമഹായുദ്ധ’ത്തിന്റെ മുന്നറിയിപ്പുമായി മുൻ ലഫ്.ജനറൽ. സംഭവിച്ചേക്കാവുന്ന ‘അവസാനത്തെ’ മഹായുദ്ധത്തിന്റെ പടിവാതിൽക്കലാണു ലോകമെന്ന് റഷ്യയുടെ മുൻ ലഫ്. ജനറൽ എവ്ഗെനി ബുഷിൻസ്കിയാണു വ്യക്തമാക്കിയത്. ശീതയുദ്ധകാലത്തേക്കാൾ ഗുരുതരമാണു നിലവിലെ സ്ഥിതിവിശേഷമെന്നും 41 വർഷം റഷ്യൻ സേനയിൽ സേവനമനുഷ്ഠിച്ച എവ്ഗെനി ബിബിസി റേഡിയോക്കു നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു. 

മാർച്ച് ആദ്യമാണ് ദക്ഷിണ ഇംഗ്ലണ്ടിലെ സോൾസ്ബ്രിയിലെ ‘ദ് മാൾട്ടിങ്സ്’ എന്ന ഷോപ്പിങ് സെന്ററിലെ ബെഞ്ചിൽ മുൻ റഷ്യൻ ചാരൻ സെർജി സ്ക്രീപലിനെയും മകൾ യുലിയയെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. നിരോധിത രാസായുധം ഉപയോഗിച്ച് ആരോ അപായപ്പെടുത്താൻ ശ്രമിച്ചതാണെന്നായിരുന്നു പരിശോധനയിൽ തെളിഞ്ഞത്. എന്നാൽ തങ്ങളുടെ മുൻ ചാരനു നേരെ ആക്രമണം നടത്തിയിട്ടില്ലെന്നു റഷ്യ വ്യക്തമാക്കി. ഇക്കാര്യം തള്ളിയ യുകെ റഷ്യയുടെ 23 നയതന്ത്ര ഉദ്യോഗസ്ഥരോടു രാജ്യം വിടാൻ നിർദേശിച്ചാണ് എതിർപ്പു വ്യക്തമാക്കിയത്. ഇതിനു മറുപടിയായി യുകെയുടെ നയതന്ത്രപ്രതിധിനികളെ റഷ്യയും പുറത്താക്കി. ഇതിനു പിന്നാലെയാണു റഷ്യയ്ക്കു നേരെ രാജ്യാന്തര തലത്തില്‍ സംഘടിത നീക്കമുണ്ടായത്. 

Read മൂന്നാം ലോക മഹായുദ്ധ ‘എഐ’ ഭീതി; റഷ്യയും അമേരിക്കയും നേർക്കുനേർ, കൂടെ ചൈനയും

സംഭവത്തിനു പിന്നിൽ റഷ്യയാകാമെന്ന് 14 യൂറോപ്യൻ യൂണിയൻ വിദേശകാര്യമന്ത്രിമാരുടെ യോഗവും അഭിപ്രായപ്പെട്ടിരുന്നു. തുടർന്നാണു ബ്രിട്ടനുള്ള പിന്തുണയായി റഷ്യയുടെ നയതന്ത്രപ്രതിനിധികളെ യുഎസ് പുറത്താക്കിയത്. 60 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാനും സിയാറ്റിലിലെ കോൺസുലേറ്റ് അടച്ചുപൂട്ടാനും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. വാഷിങ്ടനിലെ യുഎസ് എംബസിയിലെ 48 നയതന്ത്രജ്ഞരെയും ന്യൂയോർക്കിൽ യുഎന്നിലെ 12 പേരെയുമാണു യുഎസ് പുറത്താക്കിയത്. ശീതയുദ്ധകാലത്തിനുശേഷം റഷ്യയ്ക്കെതിരെ യുഎസ് നടത്തിയ ഏറ്റവും വലിയ നീക്കവുമായിരുന്നു അത്. 

RUSSIA-BRITAIN-ESPIONAGE-SKRIPAL സെർജി സ്ക്രീപൽ, യൂലിയ

ബ്രിട്ടനു പിന്തുണ പ്രഖ്യാപിച്ച് ഫ്രാൻസ് (4), ജർമനി (4), ചെക്ക് റിപ്പബ്ലിക് (3), ലിത്വേനിയ (3), ഡെൻമാർക് (2), നെതർ‌ലൻഡ്‌സ് (2), എസ്റ്റോണിയ (1), ക്രൊയേഷ്യ (1), ഫിൻലൻഡ് (1), ലാത്വിയ (1), റുമേനിയ (1) എന്നീ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കി. യുക്രെയ്‌ൻ 13 പേരെയാണു പുറത്താക്കിയത്. കാനഡ നാലുപേരെയും.

യുകെയിലും മറ്റിടങ്ങളിലും റഷ്യ പരീക്ഷിക്കുന്ന അപകടംപിടിച്ച, പുതിയ പദ്ധതികളുടെ ഭാഗമായിത്തന്നെ സ്ക്രീപലിനു നേരേയുണ്ടായ ആക്രമണത്തെ കാണണമെന്നാണ് യുകെ പ്രധാനമന്ത്രി തെരേസ മേ പറഞ്ഞത്. ഇത്തരം സംഘടിത നീക്കങ്ങൾ പ്രകോപനപരമാണെന്നും തിരിച്ചടിക്കുമെന്നുമായിരുന്നു റഷ്യയുടെ മറുപടി. ഈ സാഹചര്യത്തിലാണ് എവ്ഗെനിയുടെ വാക്കുകൾ പ്രസക്തമാകുന്നതെന്നും നിരീക്ഷകർ സൂചിപ്പിക്കുന്നു. 

Read പുടിന്റെ നീക്കം, അടുത്ത യുദ്ധത്തിനു റഷ്യ റോബോട്ടുകളെ ഇറക്കും?...

‘ശീതയുദ്ധം പോലെയല്ല ഒരു യഥാർഥ യുദ്ധമാണ് ഇത്തവണ ലോകത്തെ കാത്തിരിക്കുന്നത്. സ്ക്രീപലിനു നേരെ വിഷപ്രയോഗം നടത്തിയതിന്റെ പേരിലായിരിക്കില്ല യുദ്ധം. മറിച്ച് അതിന്റെ തുടർച്ചയായി രാജ്യാന്തര തലത്തിലുണ്ടാകുന്ന സമ്മർദമായിരിക്കും പ്രശ്നങ്ങൾക്കു വഴിമരുന്നിടുക. റഷ്യക്കാരെ നിങ്ങൾക്കറിയാഞ്ഞിട്ടാണ്. അവർക്കു മേൽ കൂടുതൽ സമ്മർദം വരും തോറും എല്ലാ പ്രവർത്തനങ്ങളും പ്രസിഡന്റ് വ്ളാദിമിർ പുടിനിലേക്കു കൂടുതൽ കേന്ദ്രീകരിക്കുന്നതാണു പതിവ്’– എവ്ഗെനി വ്യക്തമാക്കുന്നു. 

‘നിങ്ങൾ നയതന്ത്രജ്ഞരെ പുറത്താക്കുന്നു, പിന്നാലെ ഞങ്ങളും. അതു പിന്നെയും തുടരും. ഒടുവിൽ എന്തു സംഭവിക്കും? ഇതെല്ലാം നയതന്ത്രബന്ധം തകരാറിലായെന്നല്ലേ സൂചിപ്പിക്കുന്നത്? സത്യത്തിൽ നിങ്ങൾ റഷ്യയെ ഒറ്റപ്പെടുത്തി ലക്ഷ്യം വയ്ക്കുകയാണു ചെയ്യുന്നത്. അതാകട്ടെ തികച്ചും അപകടകരമായ ഒരു കാര്യമാണ്...’ എവ്ഗെനി പറഞ്ഞു. അതേസമയം റഷ്യയുടെ പ്രകോപനപരമായ നീക്കങ്ങൾക്ക് ‘ആനുപാതികമായ’ മറുപടി നൽകുമെന്നു തെരേസ മേയുടെ ഓഫിസ് അറിയിച്ചു. യുദ്ധ സമാനമായ സാഹചര്യം നിലനിൽക്കുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ ഓഫിസ് വക്താവ് ഇക്കാര്യം അറിയിച്ചത്.


സ്ക്രീപലിന്റെ വാതിൽപ്പിടിയിൽ പ്രയോഗിച്ച ഒരുതരം ‘നെർവ് ഏജന്റാണ്’ അദ്ദേഹത്തിന്റെയും മകളുടെയും ഗുരുതരാവസ്ഥയ്ക്കു കാരണമായതെന്നാണ് ബ്രിട്ടൻ പറയുന്നത്. ആ നിരോധിത രാസായുധം നിർമിച്ചതാകട്ടെ ‘നോവിചോക്’ എന്ന റഷ്യൻ സംഘടനയും. ഇരുവരും ഇപ്പോഴും അബോധാവസ്ഥയിൽ തുടരുകയാണ്. യുലിയയുടെ അവസ്ഥ ഭേദമാകുന്നുണ്ടെങ്കിലും സ്ക്രീപൽ ഗുരുതരാവസ്ഥയിലാണ്.

അതേസമയം ബ്രെക്സിറ്റ് ചർച്ചകളിൽ നിന്നു ശ്രദ്ധ തിരിക്കാൻ ബ്രിട്ടിഷ് ഇന്റലി‍ജൻസ് ഏജൻസികൾ തന്നെയാണ് സ്ക്രീപലിനു നേരെ വിഷപ്രയോഗം നടത്തിയതെന്നാണു റഷ്യയുടെ പക്ഷം. എംഐ6ന്റെ മുൻ ചാരനായ അദ്ദേഹത്തിനെതിരെ റഷ്യയ്ക്ക് യാതൊരു പരാതിയുമില്ല. അങ്ങനെയുണ്ടായിരുന്നെങ്കിൽ 2010ൽ തടവുപുള്ളികളെ വച്ചുമാറിയപ്പോൾ സ്ക്രീപലിനെ വിട്ടുകൊടുക്കില്ലായിരുന്നുവെന്നും റഷ്യ വ്യക്തമാക്കി. എഫ്ബിഐ അറസ്റ്റ് ചെയ്ത റഷ്യയുടെ ചാരസുന്ദരി അന്ന ചാപ്മാനു പകരമായാണ് അന്ന് സ്ക്രീപലിനെ വിട്ടുകൊടുത്തത്. വിയന്ന വിമാനത്താവളത്തിൽ വച്ചായിരുന്നു കൈമാറ്റം. സ്ക്രീപലിനു പിന്നീട് ബ്രിട്ടൻ അഭയം നൽകി.

അതിനിടെ, നിരോധിത രാസവസ്തുക്കളുടെ വ്യാപനമുണ്ടോയെന്നു നിരീക്ഷിക്കാൻ നിയോഗിക്കപ്പെട്ടിട്ടുള്ള ‘ഓർഗനൈസേഷൻ ഫോർ ദ് പ്രോഹിബിഷൻ ഓഫ് കെമിക്കൽ വെപ്പൺസി’ന്റെ യോഗം വിളിച്ചു ചേർക്കണമെന്നു റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങൾക്കെതിരെയുള്ള ബ്രിട്ടന്റെ ആരോപണം പ്രതിരോധിക്കുകയാണു ലക്ഷ്യം.