Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോങ് മാർച്ചിൽ പങ്കെടുക്കരുത്: വയൽക്കിളികളുടെ  വീടുകളിൽ പി.ജയരാജൻ വീണ്ടും 

P. Jayarajan പി.ജയരാജൻ

തളിപ്പറമ്പ്∙ കീഴാറ്റൂർ വയൽ നികത്തി ബൈപാസ് റോഡ് നിർമിക്കുന്നതിനെതിരായ ലോങ് മാർച്ചിൽ പങ്കെടുക്കരുതെന്നു വയൽക്കിളികളോട് അഭ്യർഥിക്കാൻ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ വീണ്ടും കീഴാറ്റൂരിലെത്തി. വയൽക്കിളി സമരത്തിൽ പങ്കെടുത്തതിനു പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ട പി.ബാലകൃഷ്ണൻ, ബൈജു എന്നിവരുടെ വീടുകളിലാണു കഴിഞ്ഞ ദിവസം രാത്രി പി.ജയരാജനും മറ്റു ചില പ്രാദേശിക നേതാക്കളും എത്തിയത്.

വയൽക്കിളി സമരത്തിൽ പങ്കെടുത്താലും തിരുവനന്തപുരത്തേക്കുള്ള ലോങ്മാ‍ർച്ചി‍ൽ പങ്കെടുക്കരുതെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ നിർദേശം. കീഴാറ്റൂരിൽ നിന്നു മാർച്ച് തുടങ്ങുമ്പോൾ നാലോ അഞ്ചോ പേരേ ഉണ്ടായിരിക്കുകയുള്ളൂ എങ്കിലും ബിജെപിയും ജമാഅത്തെ ഇ‌സ്‌ലാമിയും മാവോയിസ്റ്റുകളുമെല്ലാം ചേർന്നു ജാഥയുടെ സ്വഭാവം മാറ്റിക്കളയും, അതു സ്ഥിതിഗതികൾ നിയന്ത്രണാതീതമാക്കും എന്നൊക്കെയായിരുന്നു നേതാക്കളുടെ ആശങ്ക. 

‌ഇത്രയും കാലം പാർട്ടിക്കു വേണ്ടി അധ്വാനിച്ചവരെ ഒറ്റദിവസം കൊണ്ടു തള്ളിപ്പറയുകയും തീവ്രവാദികളായി ചിത്രീകരിക്കുകയും ചെയ്തതു വയൽക്കിളികളും ബന്ധുക്കളും ചൂണ്ടിക്കാട്ടി. റോഡിന്റെ അലൈൻമെന്റ് കീഴാറ്റൂർ വയലിൽ നിന്നു മാറ്റണമെന്ന നിലപാടിൽ തന്നെ വയൽക്കിളി പ്രവർത്തകർ ഉറച്ചു നിന്നു. സിപിഎമ്മിൽ നിന്നു പുറത്താക്കപ്പെട്ട 11 പേരിൽ ഏഴു പേരുടെ വീടുകളിൽ കഴിഞ്ഞ ദിവസം രാവിലെ സിപിഎം നേതാക്കൾ എത്തിയിരുന്നു. 

നെൽവയലിലൂടെ റോഡ് പണിയുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു വയൽക്കിളി കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ അടുത്ത മാസമാണു തിരുവനന്തപുരത്തേക്കു ലോങ് മാർച്ച് നടത്തുമെന്നു പ്രഖ്യാപിച്ചിരിക്കുന്നത്.