Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർധരാത്രിയിൽ നിധി തേടി അജ്ഞാത സംഘം; സത്യമോ അതോ കെട്ടുകഥയോ?

Kannur-Treasure പെരിങ്ങോമിനു സമീപം അരവഞ്ചാൽ കണ്ണങ്കൈ കോളനി പരിസരത്ത് നിധി കണ്ടെത്താനായി കുഴിയെടുത്ത നിലയിൽ (സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം)

പെരിങ്ങോം (കണ്ണൂർ)∙ ‘ഭൂമിക്കടിയിലെ നിധി തേടി അർധരാത്രികളിൽ വലിയ പിക്കാസുകളും മൺവെട്ടികളുമായി ആരൊക്കെയോ വരുന്നു. റബർ തോട്ടത്തിലെ വിജനമായ സ്ഥലത്തു കുഴിയെടുക്കുന്നു. ഒരാൾ കുഴിച്ചു നിർത്തുമ്പോൾ അടുത്തയാൾ വന്നു കുഴിക്കുന്നു. ആരും പരസ്പരം മിണ്ടുന്നില്ല...’ പെരിങ്ങോമിനു സമീപം അരവഞ്ചാൽ കണ്ണങ്കൈ കോളനി പരിസരത്തെക്കുറിച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത കണ്ട് അന്തംവിട്ടിരിക്കുകയാണു നാട്ടുകാർ. വീടിനു സമീപം നിധിയുണ്ടെന്ന പ്രചാരണം മൂലം  മനസ്സമാധാനം നഷ്ടപ്പെട്ടു സ്ഥലമുടമ പൊലീസിൽ പരാതി നൽകി. 

കണ്ണങ്കൈ റോഡിൽ കൊങ്ങോല ജോർജ് എന്നയാൾ വർഷങ്ങൾക്കു മുൻപു വിറ്റ സ്ഥലത്തു മുടയാനിക്കൽ ജോസിന്റെ വീടിന്റെ അതിരിനോടു ചേർന്നു നിധിയുണ്ടെന്നും രാത്രികാലങ്ങളിൽ ആരൊക്കെയോ ആയുധങ്ങളുമായി വന്നു കുഴിയെടുക്കുന്നുവെന്നും മറ്റുമാണു സമൂഹ മാധ്യമങ്ങളിൽ ഏതാനും ദിവസമായി നടക്കുന്ന പ്രചാരണം. നിധി എടുക്കാൻ ഇവിടെ പൂജ നടക്കുന്നതായും പ്രചാരണമുണ്ട്. സമീപത്തു ഭൂമിയിൽ വട്ടത്തിൽ കുഴിയെടുത്തതിന്റെ ചിത്രം സഹിതമാണു വാട്സാപിലെ പ്രചാരണം.

തന്നെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണെന്നാണു ജോസിന്റെ പരാതി. രാത്രികളിൽ പിക്കാസും മൺവെട്ടിയുമായി അ‍ജ്ഞാതർ എത്തുന്നു, പുലരും വരെ കുഴിക്കുന്നു എന്നും മറ്റുമാണു പ്രചാരണം. ഏതാനും വർഷങ്ങൾക്കു മുൻപും ഇവിടെ കോളനിക്കു സമീപം നിധിയുള്ളതായി പ്രചാരണമുണ്ടായിരുന്നു. ടിപ്പു സുൽത്താന്റെ പടയോട്ട കാലത്തു കുഴിച്ചിട്ട വൻനിധി ശേഖരം ഇവിടെയുണ്ടെന്നാണു കഥ.