Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ കുരുന്നിനായി ഉരുകി നീറി മെഴുകുതിരികൾ; അർധരാത്രിയിൽ ഡൽഹിയിൽ പ്രതിഷേധ ജ്വാല

Rahul Gandhi പ്രതിഷേധത്തിനു നേതൃത്വം നൽകാൻ രാഹുൽ ഗാന്ധി ഇന്ത്യാ ഗേറ്റിലെത്തിയപ്പോൾ.

ന്യൂഡൽഹി∙ കശ്മീരിലെ കത്വവയിൽ അതിക്രൂരമായി മാനഭംഗം ചെയ്തു കൊലപ്പെടുത്തിയ എട്ടു വയസ്സുകാരിയുടെ കണ്ണുനീർ ഓർമകൾക്കു മുന്നിൽ ശിരസ്സു നമിച്ച് രാജ്യതലസ്ഥാനം. പ്രതിഷേധം മെഴുകുതിരി ജ്വാലകളായപ്പോൾ അർധരാത്രിയിൽ തെളിഞ്ഞത് ഭരണകൂടത്തോടുള്ള വൻ പ്രതിഷേധം. ബിജെപി ഡൽഹി ഓഫിസിലേക്കു കോൺഗ്രസിന്റെ നേതൃത്വത്തിൽ നേരത്തേ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ ഒട്ടേറെ പേർ പങ്കെടുത്തു.

Indian-Gate-Rahul-Gandhi പ്രതിഷേധത്തിനു നേതൃത്വം നൽകാൻ രാഹുൽ ഗാന്ധി ഇന്ത്യാ ഗേറ്റിലെത്തിയപ്പോൾ.

അർധരാത്രി ഇന്ത്യാഗേറ്റിൽ മെഴുകുതിരിയേന്തി നടത്തിയ പ്രകടത്തിന് കോൺഗ്രസ് അധ്യക്ഷകൻ രാഹുൽ ഗാന്ധി നേതൃത്വം നൽകി. സഹോദരി പ്രിയങ്ക ഗാന്ധിയും ഭർത്താവ് റോബർട് വാധ്‌രയും പതിനഞ്ചുകാരിയായ മകള്‍ക്കൊപ്പമാണ് എത്തിയത്. ഡൽഹിയിലെ വിവിധ സർവകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും സമരത്തിനു പിന്തുണയുമായെത്തി. കുഞ്ഞുങ്ങൾക്കൊപ്പം എത്തിയാണു മാതാപിതാക്കൾ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഇന്ത്യാഗേറ്റിലേക്കുള്ള പ്രകടനത്തിന് അനുമതി നിഷേധിച്ചതിനെത്തുടർന്ന് കോൺഗ്രസ് കുത്തിയിരിപ്പു സമരം നടത്തി.

‘കത്വവയിലും ഉന്നാവയിലും സംഭവിച്ചത് ദേശീയ വിഷയമാണ്, രാഷ്ട്രീയ വിഷയമല്ല. രാജ്യത്തെ വനിതകളെ ആ സംഭവങ്ങൾ ആശങ്കാകുലരാക്കിയിട്ടുണ്ട്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ സർക്കാര്‍ ഇടപെട്ടേ മതിയാകൂ. രാജ്യത്തെ വനിതകൾക്കു സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങള്‍ക്കു തുടക്കമിടാൻ ഇനിയെങ്കിലും പ്രധാനമന്ത്രി മോദി തയാറാകണം...’ രാഹുൽ മാധ്യമങ്ങളോടായി പറഞ്ഞു. 

ഇന്ത്യാഗേറ്റിലെ സമരം സംബന്ധിച്ചു നേരത്തേ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു: ‘ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെപ്പോലെ ഈ രാത്രി എന്റെയും ഹൃദയം ഏറെ നോവറിയുന്നുണ്ട്. ഇനിയെങ്കിലും തന്റെ പെൺമക്കളോട് ഇങ്ങനെ പെരുമാറുന്നത് കണ്ടു നിൽക്കാൻ ഇന്ത്യയ്ക്കാകില്ല. ഈ ക്രൂരതയ്ക്കെതിരെയും പീഡനത്തിനിരയായവർക്കു നീതി തേടിയും അർധരാത്രി നടത്തുന്ന നിശബ്ദ, സമാധാന സമരത്തിൽ ഇന്ത്യാഗേറ്റിൽ എനിക്കൊപ്പം അണിചേരുക...’ എന്നായിരുന്നു ട്വീറ്റ്.

കശ്മീരിലെ കത്വവ, ഉത്തർപ്രദേശിലെ ഉന്നാവ എന്നിവിടങ്ങളിൽ പീഡനത്തിനിരയായവർക്കു നീതി ആവശ്യപ്പെട്ടാണു സമരം. കോൺഗ്രസിന്റെ ദേശീയ നേതാക്കളും പ്രദേശവാസികളും പാർട്ടി പ്രവർത്തകരും സമരത്തിൽ പങ്കെടുത്തു. ഡൽഹി സമീപ കാലത്തു കണ്ട ഏറ്റവും വലിയ സമരങ്ങളിലൊന്നായാണ് പ്രതിഷേധപ്രകടനം മാറിയത്. ഡൽഹിയിൽ അതിക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട ‘നിർഭയ’ പെൺകുട്ടിയുടെ മാതാപിതാക്കളും സമരത്തിൽ പങ്കെടുത്തു.

ഉന്നാവയിൽ ബിജെപി എംപിക്കെതിരെയാണു പീഡനാരോപണം ഉയർന്നിരിക്കുന്നത്. കശ്മീരിലാകട്ടെ പ്രതികളെ സഹായിക്കുന്ന നിലപാടാണു സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായതെന്നാണ് ആരോപണം. ‘കേന്ദ്രം ഉറങ്ങുകയാണ്. ഈ സാഹചര്യത്തിൽ അവരെ ഉണർത്തേണ്ടത് കോൺഗ്രസിന്റെ കടമയാണ്. പെൺകുട്ടികളെ പഠിപ്പിക്കാനും അതുവഴി അവർക്ക് രക്ഷയുടെ തീരം നൽകാനുമാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുന്നത്. എന്നാൽ മോദിയുടെ ഭരണത്തിൻ കീഴിൽ പെൺകുട്ടികൾ മാനഭംഗം ചെയ്യപ്പെടുകയാണ്. പീഡനക്കേസിൽ പെടുന്നവരെ രക്ഷിക്കാൻ ശ്രമിക്കുന്ന മന്ത്രിമാരെ സഹായിക്കുന്ന നിലപാടാണ് മോദിയുടേത്...’ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി.

related stories