Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതപ്പെയ്ത്തിലെ സഹനദേവതകൾക്കു വേണം സാന്ത്വനചികിൽസാകേന്ദ്രം

endosulfan-victims-nafeesath എൻഡോസൾഫാൻ ദുരന്തബാധിതർ (ഫയൽ ചിത്രം: രാഹുൽ ആർ. പട്ടം)

എൻഡോസൾഫാൻ ദുരിതബാധിത അമ്മമാർക്കു വേണ്ടത് എന്താണ്? മലയാള മനോരമയുടെ ‘ഇവിടെ അമ്മമാർ ഉറങ്ങാറില്ല’ പരമ്പരയിൽ ഉയർത്തിയ പ്രശ്നങ്ങളിൽ പരിഹാര മാർഗങ്ങൾ നിർദേശിക്കുകയാണ് ഓടക്കുഴൽ അവാർഡ് ജേതാവും സാമൂഹിക പ്രവർത്തകനുമായ ഡോ.എം.എ.റഹ്മാൻ.

എൻഡോസൾഫാൻ ദുരിതബാധിതരുടെ രോഗം കൺമുന്നിലുണ്ട്. എന്നാൽ, അവരുടെ തൊട്ടരികിലുള്ള അമ്മമാരുടെ രോഗം ആർക്കും കാണാനാകില്ലെന്ന കാര്യം നാം മറന്നുപോകരുത്. കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെയും അവരെച്ചൊല്ലി അതിലേറെ ദുരിതമനുഭവിക്കുന്നവരുടെയും പുനരധിവാസത്തിൽ വീഴ്ചകൾ നമ്മെ തുറിച്ചു നോക്കുന്നുണ്ട്. ഈ സന്ദർഭത്തിലെങ്കിലും നാം പുനർവിചിന്തനത്തിനു തയ്യാറാവണം. പെൻഷനോ ആശ്വാസധനമോ കൊണ്ടു മാത്രം പരിഹരിക്കാവുന്നതല്ല ഈ സഹന ദേവതമാരുടെ പ്രശ്നങ്ങൾ.

സർക്കാർ അവരെ പ്രത്യേകം സംരക്ഷിക്കുന്നില്ലെങ്കിൽ തെറ്റായ ലക്ഷ്യങ്ങളിൽപ്പെട്ട് അവർ ചതിക്കപ്പെടും. അതുകൊണ്ട് തന്നെ ഇവരെ രക്ഷിച്ചെടുക്കൽ സർക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണെന്നു കൂടി ഓർമിപ്പിക്കട്ടെ.

മനോരമയുടെ പരമ്പരയിൽ പരാമർശിക്കപ്പെട്ട സൗറാബിയുടെയും മകൾ റിഷ്നയുടെയും ചിത്രം എന്നെ 17 വർഷം പിന്നിലേക്കു കൊണ്ടുപോയി. 2000–ൽ ഒരു ഡിജിറ്റൽ ക്യാമറയുമായി ക്യാമറമാൻ സുനിൽ ബേപ്പിനൊപ്പം ദുരിതബാധിത ഗ്രാമങ്ങൾ കറങ്ങിനടന്ന കാലം. അങ്ങനെയാണ് മുള്ളേരിയയ്ക്കടുത്തെ സൗറാബിയുടെ വീട്ടിലെത്തുന്നത്. വഴികാട്ടിയായ ബി.സി.കുമാരന്റെ സൂചനകളാണ് അവിടെ എത്തിച്ചത്. അന്നു റിഷ്ന നടക്കാൻ തുടങ്ങിയിട്ടേയുള്ളു. അന്നു തയ്യാറാക്കിയ ‘അരജീവിതങ്ങൾക്കൊരു സ്വർഗം എന്ന ഡോക്യുമെന്ററിയിൽ തന്റെ കുറുകിയ കാലുകളാൽ പിച്ചവച്ചു തുടങ്ങുന്ന അന്നത്തെ റിഷ്നയുണ്ട്.

ഇത്തരം നൂറുകണക്കിനു ദുരിതബാധിതരുമായി സർവംസഹകളായ അമ്മമാർ അമൂർത്തമായ വിഷാദരോഗവും പേറി തടവിലാക്കപ്പെട്ട കാഴ്ചകളായിരുന്നു ഓരോ വീടുകളിലും. ഇത് അനുഭവിച്ചറിഞ്ഞാണ് എൻഡോസൾഫാൻ രോഗികളെ ഇരകളാക്കി വസ്തുവൽക്കരിച്ചു പീഡിപ്പിക്കുന്നവരോട് വിയോജിച്ചതും എൻവിസാജിന്റെ സഹജീവനം ബദൽ പ്രവർത്തനം രൂപീകരിച്ചതും. ചെക്ക് രൂപത്തിൽ സാമ്പത്തിക സഹായവും സാന്ത്വനചികിൽസയുമായിരുന്നു നടത്തിയിരുന്നത്.

സാന്ത്വനക്കൂട്ടം എന്നു പേരിട്ട ടീമിൽ ഒരു നഴ്സും രണ്ടു അമ്മമാരും സഹായികളായി രണ്ടു പുരുഷന്മാരും ഉണ്ടായിരുന്നു. ഒരു വാൻ വാടകയ്ക്കെടുത്ത് ആഴ്ചയിൽ നാലു ദിവസം ഈ ടീം വീടുകൾ തോറും സാന്ത്വനചികിൽസയുമായി പോയി. ചലച്ചിത്ര പ്രവർത്തകനായ പ്രകാശ് ബാര ഇതിനു സാമ്പത്തിക നേതൃത്വം നൽകി. ഒപ്പുമരച്ചോട്ടിൽ വച്ചു സഹായധനം നൽകിയപ്പോൾ സഹായം സ്വീകരിച്ചവരുടെ കൂട്ടത്തിൽ റിഷ്നയുടെ കുടുംബവും ഉണ്ടായിരുന്നു. ഈ അനുഭവം ഓർത്തെടുത്തത് ശക്തമായൊരു ആവശ്യം ഓർമിപ്പിക്കാനാണ്.

2010 ൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ നൽകിയ ഉത്തരവിൽ ഇവർക്ക് ആശ്വാസധനസഹായം കൂടാതെ സാന്ത്വന ചികിൽസാകേന്ദ്രം സ്ഥാപിക്കണമെന്നു നിർദേശിച്ചിരുന്നു. എൻഡോസൾഫാൻ വിഷത്തിന്റെ ഉത്പാദകർ കേന്ദ്ര സർക്കാർ ആയതിനാൽ ഇതു നിർമിക്കേണ്ട ചുമതല കേന്ദ്രത്തിനാണെന്നും സ്ഥലം വിട്ടു നൽകേണ്ടതു സംസ്ഥാന സർക്കാരാണെന്നും ഉത്തരവിൽ നിഷ്കർഷിച്ചിരുന്നു.

വളരെ വൈകിയാണെങ്കിലും ആശ്വാസധനം നൽകി തുടങ്ങിയ സർക്കാർ പാലിയേറ്റീവ് ആശുപത്രി ആവശ്യപ്പെട്ടു സർക്കാരിലേക്കു കത്തയയ്ച്ചെങ്കിലും ഇപ്പോൾ അതു സ്ഥാപിക്കാൻ സാധ്യമല്ലെന്ന മറുപടിയാണത്രെ കിട്ടിയത്. വർഷം ഏഴു കഴിഞ്ഞു. ഡിവൈഎഫ്ഐയും പത്ത് അമ്മമാരുടെ നേതൃത്വത്തിൽ എൻവിസാജും പരിസ്ഥിതി പ്രവർത്തക വന്ദനശിവയും നൽകിയ ഹർജിയിൽ ആശ്വാസധനം മൂന്നുമാസത്തിനുള്ളിൽ നൽകണമെന്ന സുപ്രിം കോടതി വിധിയിൽപോലും ആജീവനാന്ത ചികിൽസയുടെ ഭാഗമായ പാലിയേറ്റീവ് കെയർ സംവിധാനത്തെപ്പറ്റി പരാമർശിച്ചിരുന്നു. എന്നാൽ ആരുമുണ്ടായില്ല.

MA Rahman എം.എ. റഹ്മാൻ. ചിത്രം: രാഹുൽ ആർ. പട്ടം

കേന്ദ്ര സർക്കാരിന്റെ നിഷേധാത്മക കത്തു പോലും ചർച്ചയായില്ല. എൻഡോസഫാൻ ആഘാതം മൂലം രോഗികളായ സഹജീവികളുടെ അമ്മമാരിൽ ഭൂരിഭാഗവും വിഷാദരോഗികളാണ്. ചികിൽസിച്ചു മാറ്റാവുന്നതല്ല. അതുകൊണ്ടാണ് മനുഷ്യാവകാശ കമ്മിഷൻ അമ്മമാർക്കു കിടത്തി ചികിൽസിക്കാവുന്ന സാന്ത്വന ചികിൽസാ കേന്ദ്രം നിർദേശിച്ചത്. സംസ്ഥാന സർക്കാരിന്റെ മൊബൈൽ പാലിയേറ്റീവ് സംവിധാനത്തിൽ പര്യാപ്തതകൾ ഏറെയുണ്ട്. മനോരമയുടെ പരമ്പരയിൽ ചൂണ്ടിക്കാണിച്ചവരടക്കം ഇവിടെ ബഹുഭൂരിപക്ഷം അമ്മമാരും മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ച തരം സാന്ത്വനചികിൽസാ കേന്ദ്രത്തിൽ മക്കൾക്കൊപ്പം താമസിച്ചു ചികിൽസ നേടേണ്ടവരാണ്.
മിക്കവർക്കും കൗൺസിലിങ്ങ് അനിവാര്യവും അത്യാവശ്യവുമാണ്. എന്നാൽ, അവരെല്ലാം സ്വന്തം വീടുകളിൽ ഇന്നു നരകയാതനയിലാണ്. ഇവർക്കു പണം നൽകിയാൽ മതിയെന്ന് ആഗ്രഹിക്കുന്നവർ അവരുടെ ഗുണം ആഗ്രഹിക്കുന്നവരല്ല. കേന്ദ്ര പാലിയേറ്റീവ് ആശുപത്രിക്കു വേണ്ടിയുള്ള ഒറ്റ മുദ്രാവാക്യമാണ് ഉയരേണ്ടത്. സ്ഥലം സംസ്ഥാന സർക്കാർ വിട്ടുനൽകി, അവിടെ ബൃഹത് ആരോഗ്യ ചികിൽസാ കേന്ദ്രം സ്ഥാപിച്ചാൽ, എല്ലാം സഹിക്കുന്ന കാസർകോട്ടെ അമ്മമാർക്ക് അതൊരു വലിയ ആശ്വാസ കേന്ദ്രമാവും. പുനരധിവാസ ഗ്രാമത്തിനായി മാറ്റിവച്ച്, എങ്ങുമെത്താതെ കിടക്കുന്ന മുളിയാറിലെ 25 ഏക്കർ തന്നെ ഇതിനു മതിയാവും.

മനോരമ പരമ്പരയിൽ പറയുന്നതു പോലെ, ഇവരുടെ മുഖത്തു പുഞ്ചിരി വിടരണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ സാന്ത്വന ചികിൽസാ കേന്ദ്രം വന്നേ തീരു. കേന്ദ്രം തരുന്നില്ലെങ്കിൽ ഇതു ലക്ഷ്യത്തിലെത്തിക്കാൻ സംസ്ഥാന സർക്കാർ മുൻകയ്യെടുക്കണം. ഇതിനു പ്ലാന്റേഷൻ കോർപറേഷനെ ഉപയോഗിക്കുകയും വേണം. സുപ്രധാനമായ ഈ ആവശ്യത്തിനു വേണ്ടിയാവണം കാസർകോടിന്റെ ഹൃദയത്തിൽ നിന്നു ഇനി ശബ്ദം ഉയരേണ്ടത്.

2011ൽ ഏപ്രിലിൽ വിഷനിരോധനത്തിനായി നടത്തിയ സമരദിനം ഓർത്തുപോകുന്നു. മരിച്ചുപോയ ഉമൈബത്ത് ശാരിയയാണ് അന്ന് ഒപ്പുമരത്തിൽ ആദ്യത്തെ ഒപ്പുചാർത്തിയത്.രോഗം ഗുരുതരമായിരുന്ന അവളെ ആശുപത്രിയിലെ ഐസിയുവിലാക്കി വൈകുന്നേരം വരെ കാസർകോട്ടെ അമ്മമാർക്കൊപ്പം അവളുടെ അമ്മയും സമരപ്പന്തലിലിരുന്നു. അമ്മമാർക്കു തൻകുഞ്ഞ് പൊൻകുഞ്ഞു തന്നെയാണ്. ഇവിടെ ഒരമ്മയും തന്റെ കുഞ്ഞിനെ പെരുവഴിയിൽ ഉപേക്ഷിച്ചില്ല. സഹനത്തിന്റെ ഏതു ബലിവേദിയിലേക്കും ഈ അമ്മമാർ പുഞ്ചിരിയോടെ കടന്നുചെല്ലും, തങ്ങളുടെ കുരുന്നുകൾക്കു നോവാതിരിക്കാൻ. ഇനിയെങ്കിലും ഇവിടെ അമ്മമാരെയും കുഞ്ഞുങ്ങളെയും നോവിക്കാതിരിക്കാം.

(ഡോ.എം.എ.റഹ്മാന്റെ ഫോൺ: 9048576384)

അപ്പോഴും ദുരിതബാധിതർക്കായി ചെയ്യാൻ ഏറെയുണ്ട്:

∙ കേന്ദ്ര സർക്കാർ നൽകേണ്ട സാന്ത്വന ചികിൽസാ കേന്ദ്രം തുടങ്ങാൻ സംസ്ഥാന സർക്കാർ തന്നെ മുന്നിട്ടിറങ്ങുക.

∙ എൻഡോസൾഫാൻ ദുരിതഭൂമിയിൽ, നഷ്ടപരിഹാര ട്രൈബ്യൂണലിനുള്ള നടപടിക്രമങ്ങൾ ഉടൻ തയ്യാറാക്കണം. ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷന്റെ റിപ്പോർട്ട് തള്ളാൻ ധൈര്യം കാണിച്ച സർക്കാരിന് ഇക്കാര്യത്തിൽ കേന്ദ്രത്തെ സമീപിക്കാൻ തടസ്സങ്ങളില്ല.

∙ പിന്നാക്കജില്ലയായ കാസർകോടിന് അനുവദിക്കപ്പെട്ട കേന്ദ്ര മെഡിക്കൽ കോളജ് ആശുപത്രി വൈകാതെ പൂർത്തിയാക്കണം. കാസർകോട്ടെ എൻഡോസൾഫാൻ രോഗികൾക്ക് പ്രയോജനപ്പെടുന്ന ത്വക്ക്‌രോഗ പഠനസംവിധാനം അടക്കമുള്ള ആശുപത്രിയാണ് ഇവിടെ നിർദേശിക്കപ്പെട്ടത്.

∙ പെരിയ ബഡ്സ് സ്കൂളിൽ മനോരമ തയ്യാറാക്കി നൽകിയതു പോലുള്ള പഠനസംവിധാനങ്ങൾ സർക്കാർ മറ്റ് ബഡ്സ് സ്കൂളുകളിലും സജ്ജീകരിക്കണം.

∙ മെഡിക്കൽക്യാംപുകൾക്കു പകരം പുതുതായി രോഗികൾ ഉണ്ടായാൽ പരിശോധിക്കാൻ ജില്ലാ ആസ്ഥാനത്തോ മറ്റോ സ്ഥിരം സംവിധാനം വേണം.

∙ എൻഡോസൾഫാൻ രോഗികളെന്നു നിർവചിക്കപ്പെട്ടവരുടെ ആരോഗ്യശാസ്ത്രപരവും നിയമപരവും ഭരണഘടനാപരവുമായ അവകാശങ്ങളെക്കുറിച്ചു സർക്കാർ ധവളപത്രമിറക്കണം.

∙ മനുഷ്യാവകാശ കമ്മിഷന്റെ നിർവചനമനുസരിച്ചു പുനപരിശോധിക്കപ്പെട്ട രോഗികളുടെ പട്ടികയും ആരോഗ്യവകുപ്പ് ആശാകിരൺ പദ്ധയിലൂടെയും മറ്റും സഹായം നൽകാൻ തയ്യാറാക്കിയ രോഗികളുടെ പട്ടികയും ഇടകലർത്താതെ ദുരിതബാധിതരുടെ അവകാശം നിലനിർത്തുക.

related stories