Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലപ്പുറത്ത് അറസ്റ്റ് 250; അക്രമത്തിന് നേതൃത്വം നൽകിയവർ ഇനി ‘സ്ഥിരം കുറ്റവാളി’ പട്ടികയിൽ

Malappuram-Police-Security ഇന്നലെയുണ്ടായ ഹർത്താലിനെത്തുടർന്നു നിരോധനാജ്ഞ പ്രഖ്യാപിക്കപ്പെട്ട താനൂരിൽ നിന്നുള്ള ദൃശ്യം. ചിത്രം: മനോരമ

മലപ്പുറം ∙ അപ്രഖ്യാപിത ഹർത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളിൽ മലപ്പുറത്ത് ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടത് 250 പേർ. 80 പേരെ റിമാൻഡ് ചെയ്തു. അക്രമത്തിനു നേതൃത്വം നൽകിയവരെ സ്ഥിരം കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ അറിയിച്ചു. അറസ്റ്റിലായ എല്ലാവരുടെയും ഫോണുകൾ പിടിച്ചെടുത്തു. കസ്റ്റഡിയിലെടുത്തു വിട്ടവരോടും ജാമ്യം ലഭിച്ചവരോടും ഫോണുമായി ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അവയിൽനിന്നു നടത്തിയ സമൂഹമാധ്യമ ഇടപെടലുകൾ പരിശോധിക്കും. ആവശ്യമെങ്കിൽ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും.

സമാധാനപരമായി പ്രതിഷേധിക്കാൻ പൗരൻമാർക്ക് അവകാശമുണ്ട്. എന്നാൽ പൊലീസുകാരെ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തവർക്കെതിരെ കർശനനടപടിയുണ്ടാകും. താനൂരിലെ അക്രമസംഭവങ്ങൾക്ക് ആളെക്കൂട്ടാൻ സമൂഹമാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നു പരിശോധിച്ചുവരികയാണ്. 16നു രാവിലെത്തന്നെ ഇതുസംബന്ധിച്ച് നിർദേശം പുറപ്പെടുവിച്ചിരുന്നെന്നും ദേബേഷ് കുമാർ പറഞ്ഞു. തീരദേശത്ത് ഇന്ത്യ റിസർവ് ബറ്റാലിയൻ (ഐആർബി) ഉൾപ്പെടെയുള്ള പൊലീസ് സേനാവിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും  അദ്ദേഹം അറിയിച്ചു.

Kerala Police Malappuram നിരോധനാജ്ഞ പ്രഖ്യാപിക്കപ്പെട്ട താനൂരിൽ നിന്നുള്ള ദൃശ്യം. ചിത്രം: മനോരമ

എടക്കര, പൊന്നാനി, താനൂർ, മഞ്ചേരി എന്നിവിടങ്ങളിൽ പൊലീസുകാർക്കെതിരെ ആക്രമണമഴിച്ചുവിട്ട കൂടുതൽ പേരെ കണ്ടെത്താൻ രാവിലെ മുതൽ അന്വേഷണം ആരംഭിച്ചിരുന്നു. സംഘർഷത്തെത്തുടർന്ന് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ച തിരൂർ, താനൂർ, പരപ്പനങ്ങാടി സ്റ്റേഷൻ പരിധികളിൽ ഇന്നു സ്ഥിതി ശാന്തമായിരുന്നു. താനൂർ മേഖലയിൽ സംഘർഷം തടയാൻ സായുധ കാവൽ ഏർപ്പെടുത്തി.

കടകൾക്കു നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് താനൂരിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത ഹർത്താലും പൂർണമാണ്. വൻ പൊലീസ് സന്നാഹത്തെയും സ്ഥലത്തു വിന്യസിച്ചു. ഹർത്താലിനു ശേഷം തീരദേശമേഖലയിൽ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിരീക്ഷിച്ചു നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ താനൂരിൽ സന്ദർശനം നടത്തി. അക്രമസാധ്യത സംബന്ധിച്ചു സർക്കാരിനു വ്യക്തമായ വിവരം ലഭിച്ചിട്ടും പൊലീസ് അനങ്ങിയില്ലെന്നു കുമ്മനം ആരോപിച്ചു.

related stories