Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യഥാർഥ പ്രതികളെ കണ്ടെത്തണം: കഠ്‌വയിൽ പെൺകുട്ടിക്കു ‘നീതി തേടി’ ബിജെപി മുൻ മന്ത്രി

Kathua-Culprits-Minister-Lal-Singh കഠ്‌വ കേസിൽ അറസ്റ്റിലായ പ്രതികൾ (ഇടത്) മന്ത്രി ലാൽ സിങ് മാധ്യമങ്ങളോടു സംസാരിക്കുന്നു (വലത്)– ഫയൽ ചിത്രങ്ങള്‍.

ശ്രീനഗർ∙ ജമ്മു കശ്മീരിലെ കഠ്‌വയിൽ ക്രൂരപീഡനത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്കു വേണ്ടി വീണ്ടും ശബ്ദമുയർത്തി ബിജെപി മുൻ മന്ത്രി ചൗധരി ലാൽ സിങ്. സംഭവത്തിൽ നിരപരാധികളാണെന്നു കേസിൽ ഉൾപ്പെട്ടവർ കഴിഞ്ഞ ദിവസം കോടതിയെ ബോധിപ്പിച്ചിരുന്നു. നുണപരിശോധന (നാർകോ ടെസ്റ്റ്) വേണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതേ ആവശ്യമാണ് ലാൽ സിങ്ങും ഇപ്പോൾ ഉന്നയിച്ചിരിക്കുന്നത്. പീഡനക്കേസിൽ കൂടുതൽ വ്യക്തത വരുത്താൻ നുണ പരിശോധന സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. പെൺകുട്ടിക്കു നീതി തേടിയുള്ള റോഡ് ഷോയിലായിരുന്നു മന്ത്രിയുടെ പ്രസ്താവന.

‘നീതിക്കു വേണ്ടിയാണ് ഈ പോരാട്ടം. നീതി ലഭിക്കണമെങ്കിൽ കേസിലെ യഥാർഥ പ്രതികളെ തിരിച്ചറിയണം. കേസിൽ സിബിഐ അന്വേഷണം വേണം’– ഇതേ ആവശ്യങ്ങൾ ഉന്നയിച്ചു ജമ്മുവിൽനിന്നു കഠ്‌വയിലേക്കു നടത്തുന്ന റോഡ് ഷോ അഭിസംബോധന ചെയ്തു ലാൽ സിങ് പറഞ്ഞു.

‘അവൾ ഞങ്ങളുടെ സ്വന്തം കുട്ടിയായിരുന്നു. അവൾക്കു നീതി ലഭിക്കാൻ വേണ്ടിയാണു ഞങ്ങളുടെ പോരാട്ടം. എന്നാൽ ‘ദൂരെ’ താമസിക്കുന്ന പലരും യാഥാർഥ്യമറിയാതെ കേസ് വളച്ചൊടിക്കാൻ ശ്രമിക്കുകയാണ്’– ലാൽ സിങ് പറഞ്ഞു. വനംമന്ത്രിയായിരുന്ന ലാൽ സിങ് റോഡ് ഷോയ്ക്കൊടുവിൽ പെൺകുട്ടിയുടെ ബന്ധുക്കളെ കാണുമെന്നും സൂചനയുണ്ട്. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ജമ്മുവിൽ പ്രതിഷേധത്തിലാണ്.

അറസ്റ്റ് ചെയ്യപ്പെട്ട എട്ടു പ്രതികളിൽ ഏഴു പേരെ ഏപ്രിൽ 16ന് ജില്ലാ–സെഷൻസ് ജഡ്ജി സഞ്ജയ് ഗുപ്തയ്ക്കു മുന്നിൽ ഹാജരാക്കിയിരുന്നു. കേസിലെ പ്രധാന പ്രതിയും മുൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനും ക്ഷേത്രം പൂജാരിയുമായ സാന്‍ജി റാം ആണു നുണപരിശോധന ആവശ്യപ്പെട്ടത്. കേസിൽ അറസ്റ്റിലായ സ്പെഷൽ പൊലീസ് ഓഫിസർ ദീപക് ഖജുരിയയും നാർകോ ടെസ്റ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഐ അന്വേഷണം വേണമെന്നും ഇയാൾ ആവശ്യപ്പെട്ടു. പ്രതികൾക്കു കുറ്റപത്രത്തിന്റെ പകർപ്പു നൽകാൻ ആവശ്യപ്പെട്ട കോടതി കേസിൽ അടുത്ത വാദം ഏപ്രിൽ 28നു കേൾക്കും.

കഠ്‌വ കേസിൽ പ്രതികളാക്കപ്പെട്ടവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു ജമ്മുവിൽ ഹിന്ദു ഏക്‌ത മഞ്ച് നടത്തിയ പ്രകടനത്തിൽ പങ്കെടുത്തതിന്റെ പേരിലാണു ബിജെപി മന്ത്രിമാരായ ലാൽ സിങ്ങിനും ചന്ദർ പ്രകാശിനും രാജിവയ്ക്കേണ്ടി വന്നത്. എന്നാൽ മേഖലയിൽ നിലനിന്ന സംഘർഷം അയവു വരുത്താനായിരുന്നു ഒന്നര മാസം മുൻപു താൻ റാലി നടത്തിയതെന്നാണു ലാൽ സിങ് ഇതിനെ ന്യായീകരിച്ചത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് അന്നു സ്ഥിതഗതികൾ ശാന്തമാക്കാൻ മന്ത്രി അബ്ദുൽ ഗനി കോഹ്‌ലിയെ അയച്ചതായും മന്ത്രി പറഞ്ഞു. സമ്മർദം ശക്തമായതിനെത്തുടർന്നു കഴിഞ്ഞ ദിവസം ബിജെപി മന്ത്രിമാർ രാജിവച്ചു. ഗവർണർ രാജി സ്വീകരിച്ചതിനു പിന്നാലെയാണു പെൺകുട്ടിക്കു നീതി തേടിയുള്ള മന്ത്രിയുടെ റോഡ് ഷോ.

ഇക്കഴിഞ്ഞ ജനുവരി 10നാണു കഠ്‌വയിൽ എട്ടു വയസ്സുകാരിയെ കാണാതായത്. വനത്തിൽ മേയാൻ വിട്ട കുതിരകളെ അന്വേഷിച്ച് അലഞ്ഞ പെൺകുട്ടിയെ സഹായിക്കാമെന്നു വാഗ്ദാനം നൽകി പ്രതികളൊരാൾ തൊട്ടടുത്ത ചെറുക്ഷേത്രത്തിലേക്കു കൊണ്ടുപോവുകയായിരുന്നു. ഒരാഴ്ച തടവിൽവച്ചു മാനഭംഗപ്പെടുത്തി. ഭക്ഷണം നൽകാതെ ലഹരി നൽകി മയക്കിയാണു പീഡനം നടത്തിയത്. മൃതപ്രായയായ പെൺകുട്ടിയെ ക്ഷേത്രത്തിന് അടുത്തുള്ള കലുങ്കിനടിയിൽ ഒളിപ്പിച്ചു. വിവരം അറിഞ്ഞെത്തിയ പ്രതികളിലൊരാൾ കൊലപ്പെടുത്തും മുൻപു പെൺകുട്ടിയെ ഒരിക്കൽക്കൂടി മാനഭംഗപ്പെടുത്തി. പിന്നീട്, കല്ലുകൊണ്ടു പെൺകുട്ടിയുടെ തലയിൽ ഇടിച്ചു കൊലപ്പെടുത്തി. മൃതദേഹം അടുത്തുള്ള വനത്തിൽ ഉപേക്ഷിച്ചു.

ജനുവരി 17ന് ആണു മൃതദേഹം കണ്ടെത്തിയത്. ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത കേസിൽ ഏപ്രിലിൽ കുറ്റപത്രം സമർപ്പിച്ചതോടെയാണു വിവരങ്ങൾ പുറത്തുവന്നത്. കുറ്റപത്രം സമർപ്പിക്കുന്നതിനെതിരെ അഭിഭാഷകർ സംഘം ചേർന്നു രംഗത്തെത്തിയതും വിവാദമായിരുന്നു.