Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിഖ് തീവ്രവാദം, വിജയ് മല്യ: മോദിയുടെ ബ്രിട്ടിഷ് സന്ദർശനത്തിൽ അപ്രിയകരമായ വിഷയങ്ങളും

theresa-may-narendra-modi തെരേസ മേയും നരേന്ദ്ര മോദിയും (ഫയൽ ചിത്രം)

ലണ്ടൻ∙ ആർക്കും പ്രതിഷേധിക്കാൻ വിലക്കില്ലാത്ത ബ്രിട്ടനിൽ മൂന്നുദിവസത്തെ സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പ്രതിഷേധിക്കാൻ നിരവധി സംഘടനകളും കൂട്ടായ്മകളുമാണു തയാറെടുത്തിരിക്കുന്നത്. ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുമായുള്ള കൂടിക്കാഴ്ചയിൽ അപ്രിയകരമായ വിഷയങ്ങൾ പലതും മോദിയും ഉന്നയിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. സിഖ് തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകൾക്കു സംരക്ഷണമൊരുക്കുന്ന ബ്രിട്ടന്റെ നടപടി അവസാനിപ്പിക്കണമെന്നു മോദി തെരേസ മേയോട് ആവശ്യപ്പെടുമെന്നാണ് വിവരം.

ഇതു മനസിലാക്കി ചില സിഖ് സംഘടനകൾ മോഡിക്കെതിരെ പ്രതിഷേധപ്രകടനത്തിനു തയാറെടുക്കുന്നുണ്ട്., 4,30,000 സിഖുകാർ ബ്രിട്ടനിൽ ഉണ്ടെന്നാണു കണക്ക്. ഇവരുടെ രാഷ്ട്രീയ പിന്തുണ ആവശ്യമായ തെരേസ മേയ് സിഖ് സമൂഹത്തെ പിണക്കുന്ന ഒരു നടപടിക്കും തയാറാകില്ല. എന്നാൽ ഏറെക്കുറെ പൂർണമായും ഇല്ലാതാക്കപ്പെട്ട സിഖ് വിഘടനവാദത്തിന്റെ നാമ്പുകൾ വീണ്ടും തലപൊക്കുമ്പോൾ അവയെ പ്രോൽസാഹിപ്പിക്കുന്ന നടപടിയാണു ബ്രിട്ടനും കാനഡയും ഓസ്ട്രേലിയയും ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ സ്വീകരിക്കുന്നത്. ഇതിനെതിരായ പ്രതിഷേധം പ്രധാനമന്ത്രി രേഖപ്പെടുത്തുമെന്നാണു സൂചന.

9000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പു നടത്തി ബ്രിട്ടനിൽ സുഖവാസം നടത്തുന്ന വിജയ് മല്യയും ഇന്ത്യയിൽ അറസ്റ്റിലായ ബ്രിട്ടിഷ് പൗരൻ ജഗതാർ സിങ് ജോഹലിനോട് ഇന്ത്യൻ അധികൃതർ മോശമായി പെരുമാറിയെന്ന ആരോപണവുമെല്ലാം കൂടിക്കാഴ്ചയിൽ വിഷയങ്ങളായേക്കും.

ന്യൂപക്ഷങ്ങളും ദളിതരും ഇന്ത്യയിൽ ആക്രമിക്കപ്പെടുന്നതിൽ പ്രതിഷേധിച്ച് ഏഷ്യാ സോളിഡാരിറ്റി ഗ്രൂപ്പ് ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ പ്രതിഷേധപ്രകടനം നടത്തുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഹൗസ് ഓഫ് ലോഡ്സിലെ അംഗമായ നസീർ അഹമ്മദും പ്രതിഷേധവുമായി രംഗത്തുണ്ട്. കശ്മീർ, പഞ്ചാബ്, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾ ഉയർത്തിയാണ‌ു നസീറിന്റെ പ്രതിഷേധം. ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ ആനകളെ വളർത്തുന്നതും എഴുന്നള്ളിക്കുന്നതും നിർത്തണമെന്നാവശ്യപ്പെട്ട് ആക്‌ഷൻ ഫോർ എലഫന്റ്സും മോഡിക്കെതിരെ പ്രതിഷേധിക്കാൻ തയാറെടുക്കുന്നു.

അതേസമയം, വെസ്റ്റ് മിനിസ്റ്റർ സെൻട്രൽ ഹാളിൽ 18നു രാത്രി ഇന്ത്യൻ ഡയസ്പോറ യോഗത്തെ അഭിസംബോധന ചെയ്യുന്ന മോദിക്ക് ജയ് വിളികളുമായി സെൻട്രൽ ഹാളിനു പുറത്തും ആയിരക്കണക്കിന് ആരാധകർ തടിച്ചുകൂടുമെന്നാണു പ്രതീക്ഷ. പ്രതിഷേധ സ്വരങ്ങളെ ഇങ്ങനെ അപ്രസക്തമാക്കാനാണു സംഘാടകരായ യൂറോപ്പ് ഇന്ത്യ ഫോറം പ്രവർത്തകരുടെ തീരുമാനം.  

related stories