Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശമ്പളം വാങ്ങാന്‍ മാത്രം യുവജന കമ്മിഷൻ; ചെലവിനു കുറവില്ല, ചെലവഴിക്കുന്നുമില്ല

എ.എസ്. ഉല്ലാസ്
Chintha Jerome യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം.

കോട്ടയം ∙ യുവജനങ്ങളുടെ നന്മയ്ക്കായി സർക്കാർ എത്ര പണം നൽകിയാലും സംസ്ഥാന യുവജന കമ്മിഷൻ ശമ്പളം മാത്രം എടുത്തശേഷം പദ്ധതി നടത്തിപ്പിൽ വലിയ ഇടപെടൽ നടത്താതെ ബാക്കി തിരിച്ചടയ്ക്കും. ഇടതു സർക്കാർ വന്നശേഷം നിയോഗിച്ച കമ്മിഷന്റെ അധ്യക്ഷ ചിന്താ ജെറോം ഓണറേറിയവും വീട്ടുവാടകയും യാത്രാ ബത്തയുമെല്ലാം കൂടി ഇതുവരെ 9.71 ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ട്. ശമ്പളം വാങ്ങാനായി മാത്രം എന്തിനാണിങ്ങനെയൊരു കമ്മിഷൻ എന്നു യുവജനങ്ങൾ ചോദിച്ചാൽ, അതിനുള്ള ഉത്തരമാണ് യുവജന കമ്മിഷന്റെ പ്രവർത്തനം സംബന്ധിച്ചു വിവരാവകാശം വഴി ലഭ്യമായ രേഖകൾ.

കഴിഞ്ഞ സാമ്പത്തിക വർഷം യുവജന കമ്മിഷന് ഒരു കോടി 10 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി 90 ലക്ഷം അനുവദിച്ചു. ഇതിൽ 39 ലക്ഷം രൂപയും ചെലവാക്കാതെ തിരിച്ചടച്ചു. എന്നാൽ ശമ്പളമായി അനുവദിച്ച 92.54 ലക്ഷം മാറിയെടുത്തിട്ടുണ്ട്. 2016–2017 സാമ്പത്തിക വർഷം പദ്ധതികൾക്കായി ബജറ്റിൽ ഒരു കോടി രൂപ വകയിരുത്തി. 65 ലക്ഷം അനുവദിച്ചെങ്കിലും 19 ലക്ഷം രൂപ ചിലവാക്കാനാകാതെ തിരിച്ചടച്ചു. എന്നാൽ ശമ്പളത്തിനായി നൽകിയ 87 ലക്ഷവും കൃത്യമായി തീർന്നു.

2015–16 ലും ഇതു തന്നെ അവസ്ഥ. ഒരു കോടി രൂപ ബജറ്റിൽ വന്നു. അതിൽ 70 ലക്ഷം അനുവദിച്ചുനൽകി. 19.5 ലക്ഷം രൂപ ചെലവാക്കാതെ തിരിച്ചടച്ചു. 83.12 ലക്ഷം രൂപ കമ്മിഷൻ അംഗങ്ങൾക്കും മറ്റുമായി ശമ്പളത്തിനായി അനുവദിച്ചു. അത്രയും തുക കൃത്യമായി ചെലവാകുകയും ചെയ്തു. ശമ്പളമല്ലാതെ ജീവനക്കാരുടെയും ഓഫിസിന്റെയും മറ്റു ച‌െലവുകൾക്കായി ഇൗ മൂന്നുവർഷം മൊത്തം മറ്റൊരു 23 ലക്ഷം രൂപ കൂടി സർക്കാർ യുവജന കമ്മിഷനു വേണ്ടി ചെലവിട്ടു. കമ്മിഷന്റെ ചെലവിനു കുറവില്ല, പക്ഷേ പദ്ധതികൾക്കായി അനുവദിക്കുന്ന തുക ചെലവാകുന്നുമില്ല.

അതേസമയം, പരിപാടികൾ എല്ലാം ചെലവുചുരുക്കി നടത്തിയതിനാലാണു പണം അധികം വന്നതെന്നു യുവജന കമ്മീഷൻ അറിയിച്ചു. മൂന്ന് ഹെഡ് ഓഫ് അക്കൗണ്ടുകളിലൂടെയാണു കമ്മീഷനു തുക അനുവദിക്കുന്നത്. കമ്മീഷൻ തയാറാക്കുന്ന പദ്ധതികളുടെ നടത്തിപ്പിന് ആവശ്യമായേക്കാവുന്ന തുകയാണ് ഓരോ സാമ്പത്തിക വർഷവും അനുവദിക്കുന്നത്. 2017–18 സാമ്പത്തിക വർഷത്തിൽ സർക്കാർ അനുവദിച്ച പദ്ധതി പ്രവർത്തനങ്ങൾ 10 എണ്ണമാണ്. അവയെല്ലാം യഥാസമയം പൂർത്തീകരിച്ചിട്ടുണ്ട്.

യുവാക്കൾക്കിടയിലെ ബോധവത്‌കരണ പ്രവർത്തനം, ജില്ലാ സെമിനാറുകൾ, ദേശീയ സെമിനാർ, ദേശീയ യുവജന ദിനാഘോഷം, ജില്ലാതല അദാലത്തുകൾ, യൂത്ത് ഐക്കൺ അവാർഡ് മുതലായവയാണു പ്രധാനപ്പെട്ടവ. വ്യക്‌തമായ മാനദണ്ഡങ്ങളുടെ അടിസ്‌ഥാനത്തിൽ കാര്യക്ഷമമായ മേൽനോട്ടം നിർവഹിച്ചും അനാവശ്യ ചെലവ് ഒഴിവാക്കിയുമാണു പദ്ധതി പ്രവർത്തനങ്ങൾ‌ നടപ്പാക്കുന്നത്. കമ്മീഷൻ ചെയർപേഴ്‌സണും 13 അംഗങ്ങൾക്കും ഓണറേറിയം നൽകുന്നതിനും ജീവനക്കാർക്കു ശമ്പളം നൽകുന്നതിനുമായി ആവശ്യപ്പെട്ട തുക സർക്കാർ അനുവദിക്കുകയും യഥാസമയം വിതരണം ചെയ്യുകയും ചെയ്‌തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.