Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടക ലക്ഷ്യമിട്ട് മോദി ലണ്ടനിൽ; ബസവേശ്വര പ്രതിമയിൽ പുഷ്പാർച്ചന നടത്തും

narendra-modi-boris-johnson പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്ന യുകെ ഫോറിൻ സെക്രട്ടറി ബോറിസ് ജോൺസൺ.

ലണ്ടൻ∙ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ രാത്രി ലണ്ടനിലെത്തി. സ്വീഡീഷ് തലസ്ഥാനമായി സ്റ്റോക്കോമിൽനിന്ന് ഇന്നലെ ലണ്ടനിലെത്തിയ മോദിയെ ഹീത്രു വിമാനത്താവളത്തിൽ ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസണും യുകെയിലെ ഇന്ത്യൻ അംബാസിഡർ യാഷ് കുമാർ സിൻഹയും ചേർന്നു സ്വീകരിച്ചു.

കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനമാണു സന്ദർശനത്തിലെ മുഖ്യ അജണ്ട. ഇതോടൊപ്പം നിരവധി നയതന്ത്രചർച്ചകളും വ്യാപാര- വാണിജ്യ ഉടമ്പടികളും പ്രതീക്ഷിക്കുന്നു. കോമൺവെൽത്ത് സമ്മേളനത്തിനെത്തുന്ന മറ്റൊരു രാഷ്ട്രത്തലവനും നൽകാത്ത വൻ സ്വീകരണമാണു മോദിക്കായി ബ്രിട്ടിഷ് സർക്കാർ ഒരുക്കുന്നത്. രണ്ടാംവട്ടം സന്ദർശനത്തിനായി ബ്രിട്ടനിലെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ബ്രിട്ടനിലെ ഇന്ത്യൻ സമൂഹവും ആവേശത്തിലാണ്.

ഇതിനിടെ, ഇന്ത്യയിലെ ന്യൂനപക്ഷ പീഡനത്തിന്റെയും കശ്മീർ വിഷയത്തിന്റെയും സമീപകാല സ്ത്രീപീഡനങ്ങളുടെയും പേരിൽ മോദിക്കെതിരെ പ്രതിഷേധിക്കാനും വിവിധ സംഘടനകൾ രംഗത്തുണ്ട്.

രണ്ടുദിവസത്തെ സ്വീഡീഷ് സന്ദർശനത്തിനു ശേഷമാണ് ഇന്നലെ രാത്രി പ്രധാനമന്ത്രി ലണ്ടനിലെത്തിയത്. ഇന്നു രാവിലെ ഒമ്പതിനു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയോടൊപ്പം പ്രഭാതഭക്ഷണത്തോടെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ ആരംഭിക്കും. 11ന് 5000 വർഷത്തെ ശാസ്ത്ര- സാങ്കേതിക വികസനം പ്രദർശിപ്പിക്കുന്ന എക്സിബിഷനിൽ പങ്കെടുക്കും. ഉച്ചയ്ക്കുശേഷം ലണ്ടനിലെ ബസവേശ്വര പ്രതിമയിൽ പുഷ്പാർച്ചന നടത്തും. കർണാടക തിരഞ്ഞെടുപ്പിൽ ലിംഗായത്തുകൾക്ക് പ്രത്യേക മത ന്യൂനപക്ഷ പദവി നൽകി കോൺഗ്രസ് അവരുടെ പിന്തുണ നേടുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ ഈ നീക്കത്തെ കണക്കാക്കുന്നത്.

വൈകിട്ട് എലിസബത്ത് രാജ്ഞിയുമായും പ്രത്യേക കൂടിക്കാഴ്ചയുണ്ട്. അഞ്ചിനു തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ പ്രതിനിധി സമുഹവുമായി ആശയവിനിമയം നടത്തും. ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ് കോമൺവെൽത്ത് നേതാക്കൾക്കായി ഒരുക്കുന്ന വിരുന്നു സൽക്കാരത്തിലും ഇന്നു രാത്രി പ്രധാനമന്ത്രി പങ്കെടുക്കും.

നാളെയും മറ്റന്നാളുമാണ് കോമൺവെൽത്ത് നേതാക്കളുടെ യോഗം.  

related stories