Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഠ്‌വ പീ‍ഡനം, ദലിതർക്കെതിരായ അതിക്രമം; മോദിക്കെതിരെ ലണ്ടനിൽ പ്രതിഷേധപ്പെരുമഴ

Protest aganist modi in Britain നരേന്ദ്ര മോദിക്കെതിരെ ലണ്ടനിൽ നടന്ന പ്രതിഷേധത്തിൽനിന്ന്. ചിത്രം: ട്വിറ്റർ

ലണ്ടൻ∙ സ്വീഡനിലും ബ്രിട്ടനിലും സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി മോദിക്കെതിരെ പ്രതിഷേധപ്പെരുമഴ. ഇന്ത്യയിൽ നടക്കുന്ന ദലിത് – ന്യൂനപക്ഷ - സ്ത്രീ പീഡനങ്ങൾ ഉയർത്തിക്കാട്ടിയും അടിച്ചമർത്തൽ രാഷ്ട്രീയത്തിനെതിരെയുമാണു വിവിധ സംഘടനകളും സമൂഹങ്ങളും പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ബിബിസി ഉൾപ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങളിൽ പ്രതിഷേധക്കാർക്കു വൻ പ്രചാരവും ലഭിച്ചു. മോദി ബ്രിട്ടനിൽ തങ്ങുന്ന മൂന്നുദിവസവും പ്രതിഷേധങ്ങളുമായി ലണ്ടൻ നഗരത്തിൽ തുടരാനാണു വിവിധ പ്രതിഷേധക്കാരുടെ തീരുമാനം.

Protest against Modi in London നരേന്ദ്ര മോദിക്കെതിരെ ലണ്ടനിൽ നടന്ന പ്രതിഷേധത്തിൽനിന്ന്. ചിത്രം: ട്വിറ്റർ

ഇന്ത്യയിൽ ബിജെപിയെ അപ്പാടെ പ്രതിക്കൂട്ടിലാക്കുകയും പ്രധാനമന്ത്രിക്ക് ഉത്തരംമുട്ടുകയും ചെയ്ത കഠ്‌വയിലെ എട്ടുവയസ്സുകാരിയുടെ കൊലപാതകം യുറോപ്പിലും മോദിയെ വേട്ടയാടുകയാണ്. മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിക്കും കുടുംബത്തിനും നീതിതേടിയുള്ള പ്രതിഷേധം മറ്റെല്ലാ പ്രതിഷേധങ്ങളെക്കാളും വേറിട്ടുനിന്നു. കൊല്ലപ്പെട്ട കുട്ടിയുടെ ചിത്രം ആലേഖനം ചെയ്ത കൂറ്റൻ ഫ്ലെക്സും മോദിക്കു സ്വാഗതമില്ല എന്ന തലവാചകവുമായി ലണ്ടൻ നഗരത്തിലൂടെ സഞ്ചരിക്കുന്ന വാഹനവും രാജ്യത്തിന്റെ തലതാഴ്ത്തുന്നതായി. രണ്ടുദിവസത്തെ സ്വീഡിഷ് സന്ദർശനത്തിനിടെ സ്റ്റോക്കോമിലും കശ്മീർ പെൺകുട്ടിയുടെ പേരിൽ മോദിക്കെതിരെ പ്രതിഷേധമുയർന്നിരുന്നു.

Protest against Modi in London നരേന്ദ്ര മോദിക്കെതിരെ ലണ്ടനിൽ നടന്ന പ്രതിഷേധത്തിൽനിന്ന്. ചിത്രം: ട്വിറ്റർ

ആർക്കും പ്രതിഷേധിക്കാൻ വിലക്കില്ലാത്ത ബ്രിട്ടനിൽ വരുംദിവസങ്ങളിൽ ഈ പ്രതിഷേധാഗ്നിക്കു ശക്തികൂടുമെന്നാണു വിലയിരുത്തൽ. മോദിയെ ഭീകരനായും കൊലപാതകിയായും വിശേഷിപ്പിക്കുന്ന ബാനറുകളും പ്ലക്കാർഡുകളുമായാണു പ്രതിഷേധക്കാർ ലണ്ടൻ നഗരത്തിൽ അണിനിരക്കുന്നത്.

Protest against Modi in London നരേന്ദ്ര മോദിക്കെതിരെ ലണ്ടനിൽ നടന്ന പ്രതിഷേധത്തിൽനിന്ന്. ചിത്രം: ട്വിറ്റർ

ന്യൂപക്ഷങ്ങളും ദലിതരും ഇന്ത്യയിൽ ആക്രമിക്കപ്പെടുന്നതിൽ പ്രതിഷേധിച്ച് ഏഷ്യാ സോളിഡാരിറ്റി ഗ്രൂപ്പ് ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ പ്രതിഷേധപ്രകടനം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഹൗസ് ഓഫ് ലോഡ്സിലെ അംഗമായ നസീർ അഹമ്മദും പ്രതിഷേധവുമായി രംഗത്തുണ്ട്. കശ്മീർ, പഞ്ചാബ്, നോർത്ത് ഈസ്റ്റേൺ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾ ഉയർത്തിയാണു നസീറിന്റെ പ്രതിഷേധം. ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ ആനകളെ വളർത്തുന്നതും എഴുന്നെള്ളിക്കുന്നതും നിർത്തണമെന്നാവശ്യപ്പെട്ട് ആക്‌ഷൻ ഫോർ എലഫന്റ്സും മോദിക്കെതിരെ പ്രതിഷേധിക്കാൻ തയാറെടുക്കുന്നു.

Protest against Modi in London നരേന്ദ്ര മോദിക്കെതിരെ ലണ്ടനിൽ നടന്ന പ്രതിഷേധത്തിൽനിന്ന്. ചിത്രം: ട്വിറ്റർ

ഇന്നു വൈകുന്നേരം വെസ്റ്റ് മിനിസ്റ്റർ സെൻട്രൽ ഹാളിൽ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ പ്രതിനിധിസമൂഹത്തെ അഭിസംബോധന ചെയ്യുന്ന മോദിക്ക് ജയ് വിളികളുമായി ആയിരക്കണക്കിനു മോദി ആരാധകർ തടിച്ചുകൂടുമെന്നാണു പ്രതീക്ഷ. പ്രതിഷേധ സ്വരങ്ങളെ ഇങ്ങനെ അപ്രസക്തമാക്കാനാണു സംഘാടകരായ യൂറോപ്പ് ഇന്ത്യ ഫോറം പ്രവർത്തകരുടെ തീരുമാനം.

related stories