Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാമറ കാണുമ്പോൾ ചാടിവീണ് വിവാദങ്ങൾ ഉണ്ടാക്കരുത്: നേതാക്കളെ ഉപദേശിച്ച് മോദി

Narendra Modi പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി∙ മാധ്യമങ്ങൾക്കു മുന്നില്‍ സംസാരിച്ചു വിവാദങ്ങൾ സൃഷ്ടിക്കുന്നതിനെതിരെ എംപിമാർക്കും നേതാക്കൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശം. സ്വന്തം പേരിലുള്ള മൊബൈൽ ആപ്പിലൂടെയാണു മാധ്യമങ്ങൾക്കു മുന്നിൽ വിവാദ പ്രസ്താവനകൾ നടത്തി പാർട്ടിയെ പ്രതിരോധത്തിലാക്കരുതെന്നു മോദി ഉപദേശിച്ചത്. മാധ്യമങ്ങൾക്കു ‘മസാലകൾ’ നൽകി നമ്മൾ തെറ്റുകൾ ചെയ്യുന്നു. ക്യാമറ കാണുമ്പോൾ വലിയ സാമൂഹ്യ ശാസ്ത്രജ്ഞനെപ്പോലെയോ വിദഗ്ധരെപ്പോലെയോ ചാടിവീണു പ്രസ്താവനകള്‍ നൽകുന്നു. ഇതു പിന്നീടു മാധ്യമങ്ങൾ ഉപയോഗിക്കുന്നു. മാധ്യമങ്ങളെ ഇക്കാര്യത്തില്‍ കുറ്റം പറയാനും കഴിയില്ല– മോദി വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളിലേക്കെത്താൻ പാർട്ടി നേതാക്കൾ കൂടുതൽ ശ്രമിക്കണമെന്നും മോദി ഉപദേശിച്ചു. ജനങ്ങളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെ പാർട്ടിക്കു പുതിയ ഊർജമാണു ലഭിച്ചിരിക്കുന്നതെന്നു പറഞ്ഞ മോദി ഗ്രാമ പ്രദേശങ്ങളുടെ വികസനം, കർഷക ക്ഷേമം തുടങ്ങിയ വിഷയങ്ങളും  പാർട്ടിയുടെ എംപിമാരും എംഎൽഎമാരുമായി പങ്കുവച്ചു. 

മാധ്യമങ്ങൾക്കു മുന്നിൽ പ്രസ്താവനകൾ നടത്തി പാർട്ടി നേതാക്കൾ പുലിവാലു പിടിക്കുന്നതു പതിവായതോടെയാണ് പ്രധാനമന്ത്രി തന്നെ നേതാക്കൾക്ക് ഉപദേശം നൽകിയത്. ഇന്ത്യ പോലുള്ള വലിയ രാജ്യത്തിനകത്ത് ഒന്നോ രണ്ടോ മാനഭംഗങ്ങളുണ്ടായാൽ അമിതമായ പ്രചരണം നൽകേണ്ട കാര്യമില്ലെന്നു കേന്ദ്രമന്ത്രി സന്തോഷ് ഗങ്‍വാർ ഞായറാഴ്ച പറഞ്ഞതു വിവാദമായിരുന്നു. ഉന്നാവ് കേസുമായി ബന്ധപ്പെട്ടു ബിജെപി എംഎൽഎ സുരേന്ദ്ര സിങ് നടത്തിയ പ്രതികരണവും വിവാദമായിരുന്നു. മാനഭംഗക്കേസിൽ അറസ്റ്റു ചെയ്യപ്പെട്ട എംഎൽഎ കുൽദീപ് സിങ് സെംഗറിനെ പിന്തുണച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ ‘ഇന്റർനെറ്റ്’ പ്രസ്താവനയും പരിഹാസമേറ്റുവാങ്ങി. മഹാഭാരത കാലത്ത് ഇന്ത്യയിൽ ഇന്റർനെറ്റ് പോലുള്ള സംഭവങ്ങളുണ്ടായിരുന്നെന്നായിരുന്നു ബിപ്ലബിന്റെ കണ്ടെത്തൽ.

related stories