Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കൽ സർട്ടിഫിക്കറ്റ് തിരുത്താൻ ഭീഷണി: എസ്ഐക്കെതിരെ വിജിലൻസിൽ പരാതി

medical-education

കണ്ണൂർ∙ ഹർത്താൽ ദിനത്തിൽ പൊലീസ് അറസ്റ്റ് ചെയ്തവരുടെ വൈദ്യപരിശോധനാ റിപ്പോർട്ടിൽ കൃത്രിമം കാണിക്കാൻ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയതിനു ടൗൺ എസ്ഐക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു പരാതി. ജില്ലാ ആശുപതിയിലെ കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ ഡോ.കെ.പ്രതിഭയാണ് വിജിലൻസ് ഡയറക്ടർക്കു പരാതി നൽകിയത്.

ഈ മാസം 16നു ഹർത്താലിനോടനുബന്ധിച്ച് അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കുന്നതിനു മുൻപായി ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു കൊണ്ടു വന്നപ്പോൾ എസ്ഐ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായി നേരത്തേ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമ്മിഷനും ഡോക്ടർ പരാതി നൽകിയിരുന്നു. 

നേരത്തേ കസ്റ്റഡിയിലെടുത്തവരെ മറ്റു ‍ഡോക്ടർമാർ പരിശോധിച്ചു നൽകിയ സർട്ടിഫിക്കറ്റുകളിൽ നിന്നു പരുക്കുകളെക്കുറിച്ചുള്ള പരാമർശം ഒഴിവാക്കിത്തരണമെന്നും, നിരീക്ഷണത്തിൽ വച്ചിരുന്ന സമരക്കാരെ ചികിത്സ മതിയാക്കി ഉടനടി ഡിസ്ചാർജ് ചെയ്യണമെന്നും പൊലീസ് ആവശ്യപ്പെട്ടതായാണു പരാതി.

രാത്രി കസ്റ്റഡിയിലെടുക്കുന്നവരെ ആശുപത്രിയിൽ കൊണ്ടു വരാനുള്ള പ്രായോഗിക ബുദ്ധിമുട്ടു കണക്കിലെടുത്ത്, ആളുകളെ പരിശോധിക്കാതെ തന്നെ സർട്ടിഫിക്കറ്റ് നൽകാൻ എസ്ഐ നിർബന്ധിച്ചതായും പരാതിയിൽ പറയുന്നു. ഡോക്ടറുടെ പരാതിയിൽ ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്നു കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടിരുന്നു.

related stories