Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാബൂളിൽ വോട്ടര്‍ റജിസ്ട്രേഷൻ സെന്ററിൽ സ്ഫോടനം; 57 മരണം, പിന്നിൽ ഐഎസ്

afghan-blast കാബൂളിൽ സ്ഫോടനത്തിൽ തകർന്ന കെട്ടിടത്തിന്റെ മുൻവശം.

കാബൂൾ∙ അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ വോട്ടർ റജിസ്ട്രേഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ 57 പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ 112 പേർക്കു പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ്(ഐഎസ്) ഏറ്റെടുത്തു. ഈ വർഷം പാർലമെന്റ് തിരഞ്ഞെടുപ്പു നടത്തുമെന്നു പ്രഖ്യാപിച്ച പ്രസിഡന്റ് അഷ്റഫ് ഗനിക്കുള്ള തിരിച്ചടിയായാണ് ആക്രമത്തെ വിലയിരുത്തുന്നത്.

ഒക്ടോബറിൽ നടത്താനിരിക്കുന്ന തിരഞ്ഞെടുപ്പിനു വേണ്ടി ഞായറാഴ്ച  തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യുന്നതിനിടെയാണു സ്ഫോടനമുണ്ടായത്. സമീപത്തുണ്ടായിരുന്ന കാറുകളും കെട്ടിടങ്ങളും തകർന്നു. ജനുവരിയിൽ ആംബുലൻസ് ബോംബ് പൊട്ടിത്തെറിച്ചു 100 പേര്‍ കൊല്ലപ്പെട്ടതിനു ശേഷം കാബുളിലുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്. 

തിരിച്ചറിയൽ കാർഡുകള്‍ വാങ്ങാനായി സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധിപേർ പ്രദേശത്തു തടിച്ചുകൂടിയിരുന്നു. ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന പാർലമെന്റ്, ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പുകൾ നടത്തുന്നതിനു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വോട്ടർ റജിസ്ട്രേഷൻ സെന്ററുകൾ തുറന്നിട്ടുണ്ട്. രാജ്യാന്തര തലത്തിലെ സമ്മർദം ഏറിവന്ന സാഹചര്യത്തിലാണു തിരഞ്ഞെടുപ്പു സംഘടിപ്പിക്കാൻ അഫ്ഗാൻ ഒരുങ്ങുന്നത്.

ഈ മാസം ആദ്യം മുതൽ തന്നെ റജിസ്ട്രേഷൻ നടപടികൾ തുടങ്ങിയിരുന്നെങ്കിലും പലയിടത്തും കനത്ത ഭീഷണിയാണ് ഉദ്യോഗസ്ഥർക്കു നേരിടേണ്ടിവരുന്നത്. അതേസമയം വടക്കൻ നഗരമായ പുൽ ഇ‍–കുമ്‍രിയിലെ വോട്ടർ‌ റജിസ്ട്രേഷൻ സെന്ററിനു സമീപത്തുണ്ടായ സ്ഫോടനത്തിൽ ഒരു കുടുംബത്തിലെ ആറു പേരും കൊല്ലപ്പെട്ടിരുന്നു. രണ്ട് സ്ഫോടനങ്ങളും തമ്മിൽ‌ ബന്ധമൊന്നുമില്ലെന്നാണു വിവരം.