Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എം.വി. ഗോവിന്ദൻ: താത്വിക മുഖമായി മാറിയ കായികാധ്യാപകൻ

mv-govindan എം.വി.ഗോവിന്ദൻ (ഫയൽ ചിത്രം)

കണ്ണൂർ∙ അഞ്ചെട്ടു കൊല്ലം മുൻപാണ്. വിഭാഗീയത കൊടുമ്പിരി കൊണ്ട് എറണാകുളം ജില്ലാ കമ്മിറ്റിയിൽ ‘ക്രമസമാധാനം’ വരെ തകർന്നു നിൽക്കുന്ന കാലം. നേരെയാക്കാൻ സിപിഎം വിട്ടതു കണ്ണൂരിൽനിന്നൊരു മുൻകായികാധ്യാപകനെയാണ്. പഠിച്ചതും പഠിപ്പിച്ചതുമൊക്കെ കായികമാണെങ്കിലും രാഷ്ട്രീയത്തിൽ ആ വഴിക്കു പോകാതെ താത്വികം മാത്രം പറയുന്നൊരു മാഷിനെ. പതിനെട്ടടവും പോരാതെ വരുന്നിടങ്ങളിൽ ചിലപ്പോഴൊക്കെ പാർട്ടി പയറ്റുന്ന ആ പത്തൊൻപതാം അടവാണ് എം.വി. ഗോവിന്ദൻ.

തളിപ്പറമ്പ് നിയമസഭാ സീറ്റ് വിവാദത്തിലും കീഴാറ്റൂർ വയൽക്കിളി സമരത്തിലുമെല്ലാം ആ ദൗത്യവുമായി ഗോവിന്ദൻ മാഷ് എത്തിയിരുന്നു. ഇരിങ്ങൽ സ്കൂളിലെ ആ പഴയ പി.ടി. മാഷ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി(സിസി)യിലെത്തുമ്പോൾ സിപിഎമ്മിന്റെ ഭൂപടത്തിൽ കണ്ണൂരിന്റെ ഇടത്തിന് ഒരു തുടം കൂടി ചുവപ്പേറുകയാണ്. ഹൈദരാബാദിൽ സമാപിച്ച പാർട്ടി കോൺഗ്രസിൽ സിപിഎം കണ്ണൂർ ഘടകത്തിനു കിട്ടിയ അംഗീകാരം കൂടിയാണ് എം.വി. ഗോവിന്ദന്റെ സിസി പ്രവേശം.

മോറാഴയിലെ പരേതനായ കെ.കുഞ്ഞമ്പു – എം.വി. മാധവി ദമ്പതികളുടെ മകനായ എം.വി. ഗോവിന്ദൻ (65) 1970ലാണു പാർട്ടി മെംബറായത്. കെഎസ്‌വൈഎഫ് ജില്ലാ പ്രസിഡന്റായും പിന്നീടു സെക്രട്ടറിയായും പ്രവർത്തിച്ചു. ഡിവൈഎഫ്ഐ രൂപീകരണത്തിനു മുന്നോടിയായി നിയമിച്ച അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മിറ്റിയിൽ അംഗമായിരുന്നു. ഡിവൈഎഫ്ഐയുടെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റായി. പിന്നീടു സെക്രട്ടറിയുമായി. അവിഭക്ത കണ്ണൂർ ജില്ലയിൽ പാർട്ടിയുടെ കാസർകോട് ഏരിയാ സെക്രട്ടറിയായിരുന്നു.

അടിയന്തരാവസ്ഥയിൽ ജയിൽവാസവും പൊലീസ് മർദനവും അനുഭവിച്ചു. എം.വി. രാഘവന്റെ ബദൽരേഖാ കാലത്ത് ഉള്ളിൽ സന്ദേഹങ്ങളുണ്ടായെങ്കിലും പാർട്ടിക്കൊപ്പം ഉറച്ചുനിന്നു. 1991ൽ സംസ്ഥാന കമ്മിറ്റിയിലെത്തി. 2006 മുതൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം. ഇതിനിടെ രണ്ടു തവണ – 1996ലും 2001ലും – തളിപ്പറമ്പിൽനിന്നു നിയമസഭയിലെത്തി. 2002 മുതൽ 2006 വരെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു. ഇപ്പോൾ ദേശാഭിമാനി ചീഫ് എ‍ഡിറ്റർ. 

സിപിഎം ജില്ലാ കമ്മിറ്റി അംഗവും ആന്തൂർ നഗരസഭാധ്യക്ഷയുമായ പി.കെ. ശ്യാമളയാണു ഭാര്യ. സിനിമാ സംവിധായകൻ രഞ്ജിത്തിന്റെ ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ശ്യാംജിത്ത്, രംഗീത് എന്നിവർ മക്കൾ.