Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ ഡോക്ടറുടെ പ്രസ്താവന തെറ്റെന്ന് വകുപ്പ് ഡയറക്ടർ; സ്ഥലംമാറ്റം വാഗ്ദാനം ചെയ്തില്ല

Dr Prathibha Complaint

കണ്ണൂർ∙ എസ്ഐക്കെതിരെ പരാതി നൽകിയ വനിതാ ഡോക്ടറുടെ പ്രസ്താവനയ്ക്കെതിരെ ആരോഗ്യവകുപ്പ് ഡയറക്ടും കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷനും രംഗത്ത്. കഴിഞ്ഞ ദിവസം പത്രപ്രസ്താവനയിൽ ഡോക്ടർ ഉന്നയിച്ച വാദങ്ങളെല്ലാം തെറ്റാണെന്ന് ഇരുകൂട്ടരും വ്യക്തമാക്കി. ഹർത്താൽ ദിവസം മെഡിക്കൽ പരിശോധനയ്ക്കായി പ്രതികളെ ജില്ലാ ആശുപത്രിയിലെത്തിച്ച എസ്ഐ ഭീഷണിപ്പെടുത്തിയതായി ജില്ലാ ആശുപത്രിയിലെ ഡോക്ടർ കെ.പ്രതിഭ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയിരുന്നു. തുടർന്ന് ഇറക്കിയ പ്രസ്താവനയിലാണ് എസ്ഐയുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് അധികൃതർ മറ്റെവിടേക്കെങ്കിലും സ്ഥലംമാറ്റം വാഗ്ദാനം നൽകിയെന്നും എസ്ഐക്കെതിരെ കെജിഎംഒഎ പ്രതിഷേധിച്ചെന്നും പറഞ്ഞത്.

എന്നാൽ സംഭവത്തെക്കുറിച്ചു പത്രത്തിൽ വായിച്ചുള്ള അറിവു മാത്രമേ ഉള്ളൂ എന്നാണു ആരോഗ്യവകുപ്പ് അധികൃതരുടെ വിശദീകരണം. ഇപ്പോൾ ജനറൽ സ്ഥലംമാറ്റത്തിന്റെ സമയമാണ്. സർവീസിലിരിക്കുന്ന ഏതു ഡോക്ടർമാർക്കും ഈ സമയത്ത് സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം. അത്തരത്തിൽ ഡോ.പ്രതിഭയും അപേക്ഷിച്ചിട്ടുണ്ടാകാം. അതല്ലാതെ എസ്ഐയുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇവർക്ക് ഒരു വാഗ്ദാനവും നൽകിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ പറഞ്ഞു. സ്ഥലംമാറ്റത്തെ സംബന്ധിച്ച് ഇവർ രേഖാമൂലം മറ്റൊരു അറിയിപ്പും തന്നിട്ടുമില്ലെന്ന് ഇവർ വ്യക്തമാക്കി.

സംഘടനയിൽ അംഗം പോലുമല്ലാത്ത ഡോക്ടർക്കു വേണ്ടി സംഘടന പ്രതിഷേധിച്ചു എന്നു പറയുന്നത് തീർത്തും കളവാണെന്നു കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. അവർക്കു വേണ്ടി ഒരു തരത്തിലുള്ള പ്രതിഷേധവും സംസ്ഥാന കമ്മിറ്റി നടത്തിയിട്ടില്ല. മാത്രമല്ല ജില്ലാ ആശുപത്രി സൂപ്രണ്ട് ചുമതലയുള്ള ഡോക്ടർക്കെതിരെയും ഇത്തരത്തിൽ തീർത്തും തെറ്റിദ്ധാരണാജനകമായ പരാതി ഇവർ പൊലീസിൽ നൽകിയിരുന്നെന്നും കെജിഎംഒഎ ഭാരവാഹികൾ പ്രതികരിച്ചു. പൊലീസ് വാഹനത്തിലെത്തിച്ച 25 പ്രതികളെയും ഡോ.പ്രതിഭയാണു പരിശോധിച്ചതെന്ന വാദം തെറ്റാണെന്ന് ജില്ലാ ആശുപത്രി അധികൃതർ അറിയിച്ചു. മറ്റു രണ്ടു ഡോക്ടർമാർ കൂടി പ്രതികളെ പരിശോധിച്ചിരുന്നു. എസ്ഐയിൽ നിന്നു മോശം അനുഭവമുണ്ടായതായി ആ ഡോക്ടർമാരൊന്നും പരാതി ഉന്നയിച്ചിട്ടില്ല. മാത്രമല്ല ഡോക്ടർമാരോടു നന്ദി പറഞ്ഞാണ് അന്ന് എസ്ഐ മടങ്ങിയതെന്നും ജില്ലാ ആശുപത്രി അധികൃതർ വ്യക്തമാക്കി.

അതേസമയം, ഡോക്ടർക്കെതിരെ ടൗൺ സ്റ്റേഷൻ എസ്ഐ ശ്രീജിത്ത് കോടേരി ജില്ലാ മെഡിക്കൽ ഓഫിസർക്കും ജില്ലാ പൊലീസ് മേധാവിക്കും ഐജിക്കും പരാതി നൽകി. ഹർത്താലിൽ ടൗൺ സ്റ്റേഷൻ ആക്രമിച്ച പ്രതികൾക്കു വേണ്ടി ജില്ലാ ആശുപത്രിയിലെ മെഡിക്കൽ ഓഫിസർ ആരോഗ്യപരിശോധന മനഃപൂർവ്വം വൈകിപ്പിച്ചെന്നും ഇതേത്തുടർന്ന് ആശുപത്രി പരിസരത്ത് സംഘർഷാവസ്ഥയുണ്ടായെന്നും പരാതിയിൽ പറയുന്നു. ജോലിയിൽ കൃത്യവിലോപം കാണിച്ചതിനും ഹർത്താലിനെ പിന്തുണച്ചവർക്കു വേണ്ടി അനുകൂല നിലപാടെടുക്കുക വഴി രാജ്യദ്രോഹക്കുറ്റമാണു ചെയ്തതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം രാജ്യത്തെ ഏറ്റവും മികച്ച പത്തു പൊലീസ് സ്റ്റേഷനുകളെ തിരഞ്ഞെടുത്തപ്പോൾ കേരളത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഏക പൊലീസ് സ്റ്റേഷൻ വളപട്ടണം പൊലീസ് സ്റ്റേഷനായിരുന്നു. പഴയകാലത്ത് പണിഷ്മെന്റ് പൊലീസ് സ്റ്റേഷൻ എന്നറിയപ്പെട്ടിരുന്ന വളപട്ടണം പൊലീസ് സ്റ്റേഷനെ രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനാക്കി മാറ്റിയതിനു നേതൃത്വം നൽകിയത് അന്ന് അവിടെ എസ്ഐ ആയിരുന്ന ശ്രീജിത്ത് കോടേരിയായിരുന്നു. സംസ്ഥാനത്തിന്റെ അഭിമാനമുയർത്തിയതിനു മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവിയും എസ്ഐയെ നേരിട്ട് അഭിനന്ദിക്കുകയും ചെയ്തിരുന്നു. കൃത്യമായി ഡ്യൂട്ടിയെടുത്തതിന്റെ പേരിൽ ആരോപണം കേൾക്കേണ്ടി വന്നത് ഇതാദ്യമാണെന്നു ശ്രീജിത്ത് കോടേരി വ്യക്തമാക്കി.

കഴിഞ്ഞ 16നാണ് ഹർത്താലിനെത്തുടർന്ന് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളുമായി ടൗൺ സ്റ്റേഷനിലെ എസ്ഐ ജില്ലാ ആശുപത്രിയിലെത്തിയത്. പ്രതികളുടെ ആരോഗ്യപരിശോധന നടത്തി മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാൻ വൈകിയതിനെത്തുടർന്നു എസ്ഐ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ഇവർ ജില്ലാ പൊലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മിഷനും വിജിലൻസിനും പരാതി നൽകിയിരുന്നു.

related stories