Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിഗയുടെ മരണം കൊലപാതകം; പൊലീസ് ഗുരുതര വീഴ്ച വരുത്തി: കുടുംബം

liga-missing-case ലിഗയുടെ സഹോദരിയും ഭർത്താവും തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തിയപ്പോൾ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

തിരുവനന്തപുരം∙ കോവളത്ത് ലാത്‌വിയൻ വനിത ലിഗ കൊല്ലപ്പെട്ടതു തന്നെയാണെന്നു കുടുംബം. സാഹചര്യ തെളിവുകളെല്ലാം അതിലേക്കാണ് വിരൽചൂണ്ടുന്നത്. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കണമെന്ന് സഹോദരി ഇലീസ് ആവശ്യപ്പെട്ടു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്കു ലിഗയ്ക്കു തനിച്ച് എത്താനാകില്ല. ആരെങ്കിലും ലിഗയെ ഇവിടെ എത്തിച്ചതാകാം. പൊലീസ് അന്വേഷണം തുടക്കത്തിൽ ഫലപ്രദമായില്ലെന്നും അവർ കുറ്റപ്പെടുത്തി.

അന്വേഷണത്തിൽ പൊലീസ് ഗുരുതര വീഴ്ച വരുത്തി. ലിഗയെ കാണാതായി പത്താം ദിവസമാണ് കേസ് ഗൗരവമായെടുത്തത്. ആദ്യദിവസങ്ങളിൽ കരഞ്ഞുപറഞ്ഞിട്ടും ഔദ്യോഗികതലത്തിൽ സഹായം ലഭിച്ചില്ലെന്നും അവർ ആരോപിച്ചു.

അതേസമയം, അന്വേഷണത്തിൽ എല്ലാ പിന്തുണയും നൽകിയ മലയാളികൾക്കു ലിഗയുടെ ഭർത്താവ് ആൻഡ്രൂസ് നന്ദി പറഞ്ഞു. ഇതിന്റെ പേരിൽ കേരളത്തെ ആരും പഴിക്കരുത്. ഇത്തരമൊരു സംഭവം ലോകത്ത് എവിടെ വേണമെങ്കിലും സംഭവിക്കാം. ലിഗയെ അന്വേഷിക്കുമ്പോൾ ഇതിലേറെ സ്നേഹവും നന്മയുമൊന്നും വേറെ എവിടെനിന്നും ഞങ്ങൾക്കു പ്രതീക്ഷിക്കാനാകില്ല. അത്രയേറെ പിന്തുണയാണു കേരളത്തിൽനിന്നു ലഭിച്ചതെന്നും ആൻഡ്രൂസ് പറഞ്ഞു.

‘ജനങ്ങളോട്, പ്രത്യേകിച്ച് തിരുവല്ലത്തിനു സമീപത്തുള്ളവരോട് ഒരു അഭ്യർഥനയുണ്ട്. ലിഗയുടെ മരണം സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ അതു പൊലീസിനെ അറിയിക്കണം. പേടിച്ചു മാറി നിൽക്കരുത്. ഞങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വായിച്ചു. അതിൽ അസ്വാഭാവിക മരണമെന്നതു വ്യക്തമാണ്. അതിനാൽത്തന്നെ പെട്ടെന്നുള്ള തീരുമാനങ്ങളിലേക്കു പോകരുത്. എങ്ങനെയാണ് കണ്ടൽക്കാട്ടിൽ ലിഗ എത്തിയതെന്നതിൽ ഉൾപ്പെടെ പ്രത്യേക അന്വേഷണം വേണം. കുറ്റവാളിയെ നിയമത്തിനു മുന്നിലെത്തിക്കണം– ആൻഡ്രൂസ് പറഞ്ഞു.