Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസാരിച്ചിട്ടും പ്രതിയെ മനസ്സിലായില്ല; ഒളിവിലെന്ന പോസ്റ്റർ ഒട്ടിച്ചു പൊലീസുകാർ മടങ്ങി

vinay-rathan വിനയ് രത്തൻ. ചിത്രം: ഫെയ്സ്ബുക്

സഹാരൺപുർ∙ കസ്റ്റഡിയിൽ എടുക്കാനെത്തിയ പൊലീസുകാർക്കു പ്രതിയെ മനസ്സിലായില്ല, പ്രതിയോടു സംസാരിച്ചു ഒളിവിലെന്ന പോസ്റ്റർ പതിച്ചു സംഘം സ്ഥലം കാലിയാക്കി. തിരിച്ചു സ്റ്റേഷനിലെത്തിയപ്പോൾ സംഭവങ്ങളുടെ വിഡിയോ വൈറലുമായി. ഉത്തർപ്രദേശിലെ സഹാരൺപുരിലെ ഫത്തേപുർ ഗ്രാമത്തിൽ ശനിയാഴ്ചയാണു സംഭവം. വിഡിയോ വൈറലായതിനെത്തുടർന്നു വിശദമായി അന്വേഷിക്കാൻ പൊലീസ് ഉത്തരവിട്ടിരിക്കുകയാണ്. എന്നാൽ രത്തൻ തിങ്കളാഴ്ച കോടതിയിൽ കീഴടങ്ങിയിരുന്നു. എങ്കിലും അന്വേഷണം തുടരാനാണു തീരുമാനം.

2017 മേയിൽ സഹാരൺപുരിൽനടന്ന വർഗീയ സംഘർഷത്തിനു പിന്നിൽ ഭീം ആർമി ദേശീയ അധ്യക്ഷന്‍ വിനയ് രത്തനാണെന്നാണു കുറ്റപത്രത്തിൽ പറയുന്നത്. ഇയാൾ ഒളിവിലാണെന്നും കണ്ടുപിടിക്കാൻ സഹായിക്കുന്നവർക്ക് 12,000 രൂപ പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചിരുന്നു.

ശനിയാഴ്ചയാണു പൊലീസ് രത്തന്റെ വീട്ടിലെത്തിയത്. രണ്ടു എസ്ഐമാരും മൂന്നു കോൺസ്റ്റബിൾമാരും കോടതി ഉത്തരവ് അനുസരിച്ചാണു രത്തന്റെ വീട്ടിലെത്തിയതെന്ന് ഫത്തേപുർ എസ്എച്ച്ഒ ഭാനു പ്രതാപ് സിങ് അറിയിച്ചു. രത്തന്റെ മാതാവ് തന്റെ ഇളയ മകനായ സച്ചിനാണ് അതെന്നു വ്യക്തമാക്കിയാണ് സംസാരിച്ചത്. പൊലീസുകാർ ആരും രത്തനെ കണ്ടിട്ടില്ലാത്തതിനാൽ തിരിച്ചറിഞ്ഞുമില്ല. മാത്രമല്ല, തങ്ങളുടെ അധികാരപരിധിയിൽ രത്തനെതിരെ ക്രിമിനൽ കേസുകൾ ഒന്നുമില്ലെന്നും ഭാനു പ്രതാപ് സിങ് കൂട്ടിച്ചേർത്തു.

പൊലീസുകാർ തിരിച്ചെത്തി മണിക്കൂറുകൾക്കകമാണു വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇതിനുപിന്നാലെതന്നെ രത്തനെ അറസ്റ്റ് ചെയ്യാൻ പൊലീസ് സംഘമെത്തിയെങ്കിലും ആ സമയത്തിനുള്ളിൽ അയാൾ രക്ഷപ്പെട്ടു.