Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരാതി ഫലിച്ചു; സിനിമാമേഖലയിലെ വനിതകളുടെ പ്രശ്നത്തിന്മേൽ ആറ് മാസത്തിനകം റിപ്പോർട്ട്

Women-in-Cinema-Collective വിമൻ ഇൻ സിനിമ കലക്ടീവ് മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോൾ (ഫയൽ ചിത്രം)

തിരുവനന്തപുരം∙ ചലച്ചിത്ര മേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനു സർക്കാർ നിയമിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി സമഗ്ര അന്വേഷണം നടത്തി ആറു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ. രൂപീകരിച്ച് ആറു മാസം കഴിഞ്ഞിട്ടും കമ്മിഷൻ ഇതുവരെ റിപ്പോർട്ടൊന്നും പുറത്തു വിട്ടിട്ടില്ലെന്നു ചൂണ്ടിക്കാട്ടി സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവ് അടുത്തിടെ മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സാംസ്കാരിക മന്ത്രിയുടെ പ്രഖ്യാപനം.

ജസ്റ്റിസ് ഹേമയ്ക്കു പുറമേ കമ്മിറ്റി അംഗങ്ങളായ നടി ശാരദ, കെ.വത്സലകുമാരി എന്നിവർ മന്ത്രി എ.കെ.ബാലനെ സന്ദർശിച്ചു ചർച്ച നടത്തിയിരുന്നു. കമ്മിറ്റിയുടെ പ്രവർത്തനം ആരംഭിക്കുന്നതിനു മുന്നോടിയായിരുന്നു സന്ദർശനം. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കാനാണ് കമ്മിറ്റി തീരുമാനം. സർക്കാരിൽ നിന്ന് എല്ലാ സഹായവും കമ്മിറ്റിക്ക് ഉണ്ടാകുമെന്നു മന്ത്രി അറിയിച്ചു. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനുള്ള ഈ സംരംഭം ഇന്ത്യയിലെന്നല്ല ലോകത്തു തന്നെ ആദ്യമായിരിക്കുമെന്ന് ജസ്റ്റിസ് ഹേമ അഭിപ്രായപ്പെട്ടു. 

പുരോഗമന ആശയങ്ങൾ അടിസ്ഥാനമാക്കിയുള്ള പരിഷ്കാരങ്ങൾ ഏറ്റെടുക്കുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നു മന്ത്രി പറഞ്ഞു. എൽഡിഎഫ് സർക്കാർ സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കുന്ന കമ്മിഷനെ നിയോഗിക്കുകയും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്യുന്നത് സിനിമാ രംഗം പ്രാധാന്യത്തോടെ നോക്കിക്കാണുന്നുണ്ട്. ഈ അവസരം എല്ലാവിഭാഗം ചലച്ചിത്ര പ്രവർത്തകരും സംഘടനകളും പ്രയോജനപ്പെടുത്തുമെന്നും കമ്മിറ്റിയുടെ പഠനത്തിനു സഹായ സഹകരണങ്ങൾ നൽകുമെന്നും പ്രത്യാശിക്കുന്നതായി ബാലൻ അറിയിച്ചു. 

2017 മേയിലാണ് വിമൻ ഇൻ സിനിമ കലക്ടീവ് കൂട്ടായ്മ മുഖ്യമന്ത്രിയെ തങ്ങളുടെ പ്രശ്നങ്ങളുമായി സമീപിച്ചത്. ൈവകാതെ കമ്മിഷൻ രൂപീകരിച്ചു. പക്ഷേ ആറു മാസം കഴിഞ്ഞിട്ടും കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കാതിരുന്നതിനെത്തുടർന്നാണ് കൂട്ടായ്മ വീണ്ടും മുഖ്യമന്ത്രിക്കു പരാതി നൽകിയത്. സിനിമയിലെ വനിതകളുടെ തൊഴിലും സുരക്ഷിതത്വവുമായി ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങൾ എടുക്കാൻ കൃത്യമായ വിവരങ്ങൾ ആവശ്യമാണെന്നിരിക്കെ കമ്മിഷൻ റിപ്പോർട്ട് എന്തു കൊണ്ടാണു വൈകുന്നതെന്ന് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

related stories