Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുധാകർ റെഡ്ഡി പതാക ഉയർത്തി; സിപിഐ പാർട്ടി കോണ്‍ഗ്രസിന് കൊല്ലത്ത് തുടക്കം

CPI Party Congress സിപിഐ പാർട്ടി കോൺഗ്രസിനു കൊല്ലം കടപ്പാക്കട സി.കെ. ചന്ദ്രപ്പൻ നഗറിൽ പതാക ഉയർത്തുന്നു. ചിത്രം: മനോരമ

കൊല്ലം ∙ സിപിഐ പാർട്ടി കോൺഗ്രസിനു കൊല്ലത്തു തുടക്കം. കടപ്പാക്കട സ്പോർട്സ് ക്ലബിലെ സി.കെ.ചന്ദ്രപ്പൻ നഗറിൽ ദേശീയ ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡി ചെങ്കൊടിയുയർത്തിയതോടെയാണു സമ്മേളനത്തിന് ഔപചാരിക തുടക്കമായത്. ശൂരനാട് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നു സംസ്ഥാന കൗണ്‍സില്‍ അംഗം കെ.ആര്‍. ചന്ദ്രമോഹനന്റെ നേതൃത്വത്തില്‍ കൊണ്ടുവരുന്ന കൊടിമരം സ്ഥാപിച്ചതോടെ മുതിർന്ന നേതാക്കൾ പതാക ഉയർത്തലിനെത്തി. കയ്യൂരില്‍ നിന്നു ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തില്‍ കൊണ്ടുവരുന്ന പതാക ചന്ദ്രപ്പൻ നഗറിലെ വേദിയിൽ മുദ്രാവാക്യങ്ങളുടെ അകമ്പടിയിൽ  വാനിലേക്കുയർന്നു.  

തുടർന്നു പ്രതിനിധി സമ്മേളനം നടക്കുന്ന എ.ബി.ബർധൻ നഗറിനു മുന്നിൽ ദേശിയ സെക്രട്ടറി ഡി.രാജ ദീപശിഖ തെളിയിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അകമ്പടിയേകി. വയലാറില്‍ നിന്നു സംസ്ഥാന കൗണ്‍സില്‍ അംഗം പി. പ്രസാദിന്റെ നേതൃത്വത്തിലാണു ദീപശിഖ കൊണ്ടുവന്നത്.

A Raja, Pannyan Raveendran കൊല്ലത്തു സിപിഐ പാർട്ടി കോൺഗ്രസിനെത്തിയ ഡി. രാജ പന്ന്യൻ രവീന്ദ്രനോടൊപ്പം. ചിത്രം: രാജൻ എം.തോമസ്

കഴിഞ്ഞ പാര്‍ട്ടികോണ്‍ഗ്രസ് നടന്ന പോണ്ടിച്ചേരിയില്‍ നിന്നും ദേശീയകൗണ്‍സില്‍ അംഗം ആര്‍. വിശ്വനാഥന്റെ നേതൃത്വത്തിലെത്തിച്ച പതാക വ്യാഴാഴ്ച രാവിലെ പ്രതിനിധിസമ്മേളനം നടക്കുന്ന എ.ബി. ബര്‍ധന്‍ നഗറില്‍ (ആശ്രാമം യൂനുസ് കണ്‍വന്‍ഷന്‍ സെന്റര്‍) ഉയര്‍ത്തും. കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം സി.എ. കുര്യന്‍ പതാക ഉയര്‍ത്തും. അതിനുശേഷം പ്രതിനിധി സമ്മേളനം ആരംഭിക്കും.