Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗം ഉൾപ്പെട്ട കള്ളനോട്ടു കേസ്: സാക്ഷി വിസ്താരം പൂർത്തിയായി

davood

കൊച്ചി∙ രാജ്യാന്തര കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലെ അഫ്താബ് ബട്കി മുഖ്യപ്രതിയായ കള്ളനോട്ടു കേസിന്റെ സാക്ഷി വിസ്താരം എൻഐഎ കോടതിയിൽ പൂർത്തിയായി. കേസിലെ 32 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. പ്രതികൾക്കെതിരെ ചുമത്തിയിരുന്ന നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ(യുഎപിഎ) വകുപ്പുകൾ പ്രതികളുടെ ഹർജിയിൽ മേൽക്കോടതി നീക്കിയിരുന്നു. ഹർജിയിലെ അന്തിമതീർപ്പിനു വേണ്ടി കള്ളനോട്ടു കേസിലെ വിധി പറയുന്നത് വിചാരണ കോടതി മാറ്റിവച്ചിരിക്കുകയാണ്. 

പ്രതികൾക്കെതിരായ യുഎപിഎ വകുപ്പുകൾ നീക്കം ചെയ്യുന്നത് എൻഐഎ അന്വേഷിക്കുന്ന മറ്റു കള്ളനോട്ടു കേസുകളേയും പ്രതികൂലമായി ബാധിക്കുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി. ഒൻപത് കള്ളനോട്ടു കേസുകളാണ് എൻഐഎ ഇപ്പോൾ അന്വേഷിക്കുന്നത്. ഇതിൽ ഏഴ് കേസുകളുടെ വിസ്താരം പൂർത്തിയാക്കാനുണ്ട്. മലപ്പുറം കളികാവ് ചുള്ളിക്കളവൻ ആബിദ്, കൊടുങ്ങല്ലൂർ മുഹമ്മദ് ഹനീഫ, വണ്ടൂർ അബ്ദുൽ സലാം(പൊടി സലാം), തമിഴ്നാട് വാൽപാറ ആന്റണി ദാസ് എന്നിവരാണു കേസിലെ മറ്റു പ്രതികൾ. ആദ്യപ്രതിപ്പട്ടികയിലെ ഒരാളെ എൻഐഎ മാപ്പുസാക്ഷിയാക്കിയിരുന്നു. 

2013 ജനുവരി 26 നു ദുബായിൽ നിന്നും കൊച്ചി രാജ്യാന്തര  വിമാനതാവളത്തിൽ ഇറങ്ങിയ ആബിദാണ് അഞ്ഞൂറു രൂപയുടെ 1950 കള്ളനോട്ടുകളുമായി കസ്റ്റംസിന്റെ പിടിയിലായത്. കേസിന്റെ രാജ്യാന്തര ബന്ധവും ദാവൂദ് ഇബ്രാഹിമിന്റ മാഫിയാ സംഘത്തിന്റെ പങ്കാളിത്തവും കണക്കിലെടുത്ത് അന്വേഷണം ദേശീയ അന്വേഷണ ഏജൻസിയെ ഏൽപ്പിക്കുകയായിരുന്നു. ദാവൂദിന്റെ കൂട്ടാളിയായ അഫ്താബ് ബട്കിയാണു കള്ളനോട്ടു കൈമാറിയത്.