Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും ധോണി സ്റ്റൈൽ ഫിനിഷിങ്; ചെന്നൈ സൂപ്പർ കിങ്സിന് അഞ്ച് വിക്കറ്റ് ജയം

dhoni മൽസരത്തിനിടെ ധോണി. ചിത്രം: ഐപിഎൽ ട്വിറ്റർ

ബാംഗ്ലൂർ∙ ആഞ്ഞടിച്ച ധോണിയുടെ മുന്നിൽ‌ ബാംഗ്ലൂർ വച്ച 206 റൺസ് വിജയലക്ഷ്യം ഒന്നുമല്ല; രണ്ടു പന്ത് ബാക്കി നില്‍ക്കെ ധോണിയുടെ തകർപ്പൻ ഫിനിഷിങ്ങിൽ ചെന്നൈയ്ക്ക് സീസണിലെ അഞ്ചാം ജയം. അഞ്ചു വിക്കറ്റുകള്‍ക്കാണ് ചെന്നൈ സൂപ്പർകിങ്സ് ബാംഗ്ലൂരിനെ അവരുടെ തട്ടകത്തിൽ തകർത്തുവിട്ടത്. ഓപ്പണർ അംബാട്ടി റായുഡുവിന്റെ പ്രകടനവും ചെന്നൈ ജയത്തിൽ നിർണായകമായി.

53 പന്തുകൾ നേരിട്ട റായുഡു 82 റൺസുമായാണ് പുറത്തായത്. ധോണി 34 പന്തിൽ 70 റൺസെടുത്തു ചെന്നൈയുടെ വിജയശിൽപിയും ആയി. ഷെയൻ വാട്‍സൺ (നാല് പന്തിൽ ഏഴ്), സുരേഷ് റെയ്ന (ഒൻപതു പന്തിൽ 11), സാം ബില്ലിങ്സ് (ഏഴ് പന്തിൽ ഒൻപത്), രവീന്ദ്ര ജഡേജ (അഞ്ചു പന്തിൽ മൂന്ന്) എന്നിങ്ങനെയാണു പുറത്തായ മറ്റു താരങ്ങളുടെ സ്കോറുകൾ. 14 റൺസുമായി ബ്രാവോ ധോണിയോടൊപ്പം പുറത്താകാതെ നിന്നു. 

തിളങ്ങി ഡികോക്ക്, ഡിവില്ലിയേഴ്സ്, പക്ഷെ വെറുതെയായി

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ എട്ടു വിക്കറ്റു നഷ്ടത്തിൽ 205 റൺസെടുത്തു. എബി ഡിവില്ലിയേഴ്സ്, ക്വിന്റൻ ഡികോക്ക് എന്നിവരുടെ അർ‌ധസെഞ്ചുറി പ്രകടനങ്ങളാണ് മികച്ച സ്കോറിലേക്ക് റോയൽ ചാലഞ്ചേഴ്സിനെ എത്തിച്ചത്. ഡിവില്ലിയേഴ്സ് 30 പന്തുകളിൽ 68 റൺസും ഡികോക്ക് 37 പന്തിൽ 53 റൺസും എടുത്തു പുറത്തായി.

ക്യാപ്റ്റൻ വിരാട് കോഹ്‍ലി (15 പന്തിൽ 18), കോറി ആൻഡേഴ്സൺ (എട്ടു പന്തിൽ രണ്ട്), മൻദീപ് സിങ് (17 പന്തിൽ 32), കോളിൻ ഡി ഗ്രാന്റ്ഹോം (ഏഴു പന്തിൽ 11), പവൻ നേഗി (പൂജ്യം), ഉമേഷ് യാദവ് (പൂജ്യം) എന്നിങ്ങനെയാണ് പുറത്തായ ബാംഗ്ലൂർ താരങ്ങളുടെ സ്കോറുകൾ. വാഷിങ്ടൻ സുന്ദർ (നാല് പന്തിൽ 13), മുഹമ്മദ് സിറാജ് (പൂജ്യം) എന്നിവർ പുറത്താകാതെ നിന്നു. ചെന്നൈയ്ക്കു വേണ്ടി ഷാർദൂൽ താക്കൂർ, ഇമ്രാൻ താഹിർ, ഡ്വെയ്ൻ ബ്രാവോ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.