Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈംഗികപീഡനം, കൊലപാതകം, നരബലി... നിഗൂഢം അസാറാമിന്റെ ആശ്രമജീവിതം

Asaram-Bapu അസാറാം ബാപ്പു അറസ്റ്റിലായപ്പോൾ (ഫയൽ ചിത്രം)

അസുമൽ സിരുമലാനിയെന്നാണു വിവാദ സന്യാസി അസാറാമിന്റെ യഥാർഥ പേര്. ജനനം 1941 ഏപ്രിൽ 17 ന്. ആസ്ഥാനം ഗുജറാത്തിലെ അഹമ്മദാബാദിൽ. ദേശത്തും വിദേശത്തും ആശ്രമങ്ങളും ഗുരുകുലങ്ങളും. ആദ്യ ആശ്രമം സ്ഥാപിച്ചത് 1970ൽ, നാലു പതിറ്റാണ്ടിൽ സമ്പാദിച്ചു കൂട്ടിയത് ആയിരക്കണക്കിനു കോടി രൂപ. ഭാര്യ: ലക്ഷ്മി ദേവി. മക്കൾ: നാരായൺ പ്രേം സായ്, ഭാരതി ദേവി. ഒട്ടേറെ രാഷ്ട്രീയനേതാക്കളുടെ ഇഷ്ടതോഴനായിരുന്നു അസാറാം. കൊലപാതകങ്ങളിലൊന്നും അസാറാം പ്രതിപ്പട്ടികയിലില്ല. ഒടുവിൽ ലൈംഗിക പീഡനക്കേസിൽ ജീവപര്യന്തം തടവുശിക്ഷ ലഭിച്ച് അഴിക്കുള്ളിലാകുമ്പോഴും അനുയായിവൃന്ദത്തിന്റെ പിന്തുണയിൽ മേൽക്കോടതികളെ സമീപിക്കാനൊരുങ്ങുകയാണ് ഈ സ്വയംപ്രഖ്യാപിത ആൾദൈവം.

അന്വേഷണ ഉദ്യോഗസ്ഥനു ലഭിച്ചത് രണ്ടായിരത്തോളം ഭീഷണി

ഭീഷണികളിൽ വഴങ്ങാതെയാണ് അസാറാം ബാപ്പുവിനെതിരായ കേസ് ഐപിഎസ് ഉദ്യോഗസ്ഥൻ അജയ് പാൽ ലാംബ അന്വേഷിച്ചത്. 2013 ഓഗസ്റ്റ് 20ന് ഈ കേസ് ഏറ്റെടുക്കുമ്പോൾ ജോധ്പൂരിൽ ഡപ്യൂട്ടി കമ്മിഷണറായിരുന്ന ലാംബയ്ക്കു കേസന്വേഷണത്തിനിടെ നേരിടേണ്ടി വന്നത് വധിക്കുമെന്ന ഭീഷണി നിറഞ്ഞ നൂറോളം ഫോൺ സന്ദേശങ്ങളും രണ്ടായിരത്തോളം ഭീഷണിക്കത്തുകളുമാണ്. മകൾക്കു സ്കൂളിൽ പോകാൻ കൂടി കഴിയാത്ത അവസ്ഥയായിരുന്നു. ഭാര്യയ്ക്കും വീട്ടിനു പുറത്തിറങ്ങാൻ കഴിയാതെയായി. ഉദയ്പുരിലേക്ക് താമസം മാറിയതോടെയാണ് കുടുംബം പുറംവായു ശ്വസിച്ചുതുടങ്ങിയത് – വിധിയുടെ പശ്ചാത്തലത്തിൽ ലാംബ പറയുന്നു. കേസന്വേഷണം ഭീതി കൂടാതെ നിർവഹിച്ച ലാംബ ഇപ്പോൾ അഴിമതി വിരുദ്ധ ബ്യൂറോയിൽ എസ്പിയാണ്.

മകൾ സന്തോഷവതി, നീതി ലഭിച്ചെന്ന് പെൺകുട്ടിയുടെ കുടുംബം

അസാറാം ബാപ്പുവിനെതിരായ പീഡനക്കേസ് നൽകിയ പെൺകുട്ടി കോടതിവിധിയിൽ സന്തോഷവതിയാണെന്ന് ആശ്രമത്തിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ പിതാവ് മാധ്യമങ്ങളോടു പറഞ്ഞു. എന്റെ കുടുംബത്തിന് കോടതിയിൽ നിന്ന് നീതി ലഭിച്ചു. ഇതുപോലെ കേസിൽ കൊല്ലപ്പെട്ട സാക്ഷികളുടെ കുടുംബങ്ങൾക്കും നീതി ലഭിക്കണം. കുടുംബത്തിന്റെ ദുരിതാവസ്ഥയിൽ ഒപ്പം നിന്നവരോടെല്ലാം നന്ദിയുണ്ട്. കേസ് തെളിയിച്ച പൊലീസുകാരോടും ശിക്ഷ വിധിച്ച ജഡ്ജിയോടും നന്ദിയുണ്ട്. കേസിൽ നിന്നു പിൻമാറുന്നതിനായി അസാറാം അനുയായികൾ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു. വഴങ്ങാൻ കൈക്കൂലിയും വാഗ്ദാനം ലഭിച്ചു. എന്നാൽ ഇതിലൊന്നും വഴങ്ങാത്തതിനാൽ ഇന്ന്  നീതിയുടെ തണൽ ലഭിച്ചെന്നും പിതാവ് പറഞ്ഞു.

ദുരൂഹമായി ആ മരണങ്ങൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ക്രൂരമായി മാനഭംഗപ്പെടുത്തിയ കേസിൽ 2013 മുതൽ ജയിലിൽ കഴിയുന്ന വിവാദ സന്യാസി അസാറാം ബാപ്പുവിനെതിരെ സാക്ഷിപറഞ്ഞവരിൽ മൂന്നുപേരാണു പിന്നീട് ദുരൂഹസാഹചര്യങ്ങളിൽ മരിച്ചത്. ഒൻപതുപേർ ക്രൂരമായി ആക്രമിക്കപ്പെട്ടു. കേസും കോടതിയും അസാറാമിന് ഇഷ്ടമല്ല. തനിക്കൊപ്പം നിന്നവർ പിരിഞ്ഞു പോകുന്നതും ദേഷ്യമാണ്. അവരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കും. പീഡനംകൊണ്ടു പതം വന്നില്ലെങ്കിൽ പിന്നീടു ‘വധശിക്ഷ’. 

അമൃത് പ്രജാപതി (മരണം: 2014 മേയ് 23):

അസാറാമിന്റെ ആയുർവേദ ആശുപത്രിയിലെ ഡോക്ടറായിരുന്നു അമൃത് പ്രജാപതി. ദുരൂഹസാഹചര്യത്തിൽ 2014 മേയ് 23 നു രാജ്കോട്ടിലെ ആശുപത്രിയിൽ കൊല്ലപ്പെട്ടു. അസാറാമിന്റെ ആശ്രമജീവിതം പുറംലോകത്തിനു കാട്ടിക്കൊടുത്തത് ഈ ഡോക്ടറാണ്. 

അഖിൽ ഗുപ്ത (മരണം: 2015 ജനുവരി 11):

അസാറാമിന്റെ വിശ്വസ്തനായിനിന്ന് ആശ്രമത്തിനു പുറത്തുവന്നയാളാണ്. അഖിലിനെ വെടിവച്ചുകൊല്ലുകയായിരുന്നു. ഒരു മാനഭംഗക്കേസിൽ അഖിലും ഭാര്യ വർഷയും സാക്ഷികളാണ്.

കൃപാൽസിങ് (മരണം: 2015 ജൂലൈ 10):

ജോധ്പുരിലെ പെൺകുട്ടിയുടെ പരാതിയിൽ മൂന്നാംസാക്ഷിയാണ് എൽഐസി ഏജന്റായ കൃപാൽ. കൃപാലിനെയും വെടിവച്ചു കൊന്നു. 

വാഹനാപകടം, ആത്മഹത്യ എന്നിങ്ങനെ നീളുന്നു സാക്ഷികളുടെ മരണകാരണങ്ങൾ. വ്യാജപരാതി നൽകിയതിനുള്ള ബാപ്പുവിന്റെ ശിക്ഷയാണ് ഇവർക്കു ലഭിച്ചതെന്നാണ് അനുയായികൾ വിശ്വസിക്കുന്നത്. എന്നാൽ ജയിലിനുള്ളിൽ കഴിയുന്ന ബാപ്പു എതിരാളികളെ ഓരോന്നായി ഇല്ലായ്മ ചെയ്യുകയാണോ എന്ന സംശയവും ഓരോ മരണശേഷവും ബലപ്പെട്ടു. അസാറാമിനെതിരെ തെളിവു നൽകിയതിനു വെടിയുണ്ടകളേറ്റുവാങ്ങേണ്ടിവന്ന ഒട്ടേറെ പേരുണ്ട്. തലനാരിഴയ്ക്കു രക്ഷപ്പെട്ട ജീവനുമായി അവർ ഒളിവുജീവിതം നയിക്കുന്നു; മരണം ഏതുനിമിഷവും തേടിയെത്തുമെന്ന ഭീതിയോടെ. സാക്ഷികളെ കൊലപ്പെടുത്തിയ കേസിൽ അസാറാമിന്റെ സുരക്ഷാജീവനക്കാരനും വെടിവയ്പു വിദഗ്ധനുമായ കാർത്തിക് ഹൽദറെ ഗുജറാത്ത് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. 

അസാറാമിന്റെ ‘ആശ്രമ’ ലോകം 

ലക്ഷക്കണക്കിന് അനുയായികളുള്ള ആൾദൈവമായി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്ത അസാറാം തന്നെ മാനഭംഗപ്പെടുത്തിയെന്നു 16 വയസ്സുകാരിയായ അന്തേവാസി 2013ൽ വിളിച്ചുപറഞ്ഞതോടെയാണ് ആശ്രമത്തിലെ കൊള്ളരുതായ്മകൾ പുറംലോകമറിഞ്ഞത്. 2008 ൽ രണ്ട് ആൺകുട്ടികളുടെ മൃതദേഹം വെട്ടിമുറിച്ചനിലയിൽ ആശ്രമത്തിനു സമീപമുള്ള അഴുക്കുചാലിൽനിന്നു ലഭിച്ചതു മുതൽ അസാറാം സംശയത്തിന്റെ നിഴലിലായിരുന്നു. പക്ഷേ, അവയ്ക്കൊന്നും വ്യക്തമായ തെളിവുകൾ അന്വേഷണസംഘത്തിനു ലഭിച്ചില്ല. 

ആഭിചാരക്രിയകൾ ചെയ്യുന്നതിനിടെയാണ് അസാറാം തന്നെ മാനഭംഗപ്പെടുത്തിയതെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. ശാരീരിക ബന്ധത്തിലൂടെ ദൈവത്തിലേക്ക് അടുക്കാൻ സാധിക്കുമെന്നു പറഞ്ഞ അസാറാം പെൺകുട്ടിയെ ക്രൂരമായി മാനഭംഗപ്പെടുത്തി. ഇക്കാര്യം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. തനിക്കെതിരെ സംസാരിച്ചവരെയൊക്കെ ദുരൂഹസാഹചര്യത്തിൽ കാണാതായതിന്റെ കഥകളും മുന്നറിയിപ്പിന്റെ സ്വരത്തിൽ  പറഞ്ഞ് ‘നിനക്കും വരും അവരുടെ വിധി’യെന്ന താക്കീതും.

എന്നാൽ, ധൈര്യം കൈവിടാതിരുന്ന പെൺകുട്ടി ഇക്കാര്യം മാതാപിതാക്കളെയും പിന്നീടു പൊലീസിനെയും അറിയിച്ചു. രണ്ടു മാസത്തിനുശേഷം അസാറാമിനും മകൻ നാരായൺ സായിക്കുമെതിരെ മാനഭംഗപരാതിയുമായി രണ്ടു സഹോദരിമാർ രംഗത്തെത്തി. ഇരുവരും ചേർന്ന് അഞ്ചുവർഷം തങ്ങളെ തുടർച്ചയായി മാനഭംഗപ്പെടുത്തിയെന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തൽ. 

വാദം ജയിക്കാൻ ലൈംഗികശേഷിയില്ലെന്നും അസാറാം

തനിക്കു ലൈംഗികശേഷിയില്ലെന്ന് അറസ്റ്റിലായതിനു പിന്നാലെ അസാറാം വാദിച്ചെങ്കിലും മെഡിക്കൽ പരിശോധനയിൽ ശേഷിക്കുറവില്ലെന്നു കണ്ടെത്തി. മാനഭംഗത്തിനിരയായപ്പോൾ പെൺകുട്ടി പ്രായപൂർത്തിയായിരുന്നില്ലെന്നു മൊഴി നൽകിയ സ്കൂൾ പ്രിൻസിപ്പലും ഭീഷണികളുടെ നടുവിലായി. അനുയായികൾ പലകുറി നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്തി. ഒരിക്കൽ വീട്ടിൽ വന്ന പത്രം തുറന്നുനോക്കിയപ്പോൾ അതിലൊരു വെടിയുണ്ട പൊതിഞ്ഞുവച്ചിരിക്കുന്നു; കൊന്നുകളയുമെന്ന ഭീഷണിയും ഒപ്പമുണ്ടായിരുന്നു – പ്രിൻസിപ്പൽ വെളിപ്പെടുത്തി. 

അസാറാമിന്റെ മോചനത്തിനായി പ്രാർഥിച്ചു വർഷങ്ങളായി ഡൽഹിയിൽ സമരം ചെയ്യുന്നുണ്ട് ഒരു കൂട്ടം അനുയായികൾ. പെൺകുട്ടികൾ മാനഭംഗത്തിനിരയായിട്ടില്ലെന്നു രേഖപ്പെടുത്തുന്ന ഏതോ മെഡിക്കൽ രേഖകൾ ഇവർ കാട്ടുന്നു. ‘അസാറാം നിരപരാധിയാണ്. ഇനിയും എത്ര വർഷങ്ങൾ വേണമെങ്കിലും സമരം ചെയ്യാൻ ഞങ്ങൾ ഒരുക്കം’ – സമരക്കാരിൽ ചിലർക്ക് അസാറാമിൽ അത്രയേറെ വിശ്വാസം.

ക്രൂരതയുടെ ഇരുട്ട് നിറഞ്ഞ ആശ്രമം

ഉത്തർപ്രദേശിലെ ഷാജഹാൻപുരിലെ ഇടത്തരം കുടുംബത്തിന്റെ ജീവിതമാണ് അസാറാം തകർത്തത്. ഇന്നത്തെ കോടതി വിധി അവർക്കു നൽകുന്ന ആശ്വാസം അതിരില്ലാത്തതാണ്. ട്രാൻസ്പോർട്ട് ബിസിനസായിരുന്നു മാതാപിതാക്കൾക്ക്. മൂന്നു മക്കൾ, ഒരു പെണ്ണും രണ്ട് ആൺമക്കളും. വ്യവസായത്തിന്റെ സമ്മർദത്തിൽ ആത്മീയതയായിരുന്നു കുടുംബത്തിന്റെ ആശ്വാസം. അങ്ങനെ അസാറാമിന്റെ കടുത്ത ഭക്തരായി.

പെൺകുട്ടി ഏഴാം ക്ലാസ് പാസായപ്പോൾ ചിന്ദ്വാഡയിലെ ഗുരുകുലത്തിൽ പഠിക്കാൻ അസാറാം ആവശ്യപ്പെട്ടു. അങ്ങനെ മൂന്നാം ക്ലാസിലുള്ള ഇളയസഹോദരനൊപ്പം ഗുരുകുലത്തിൽ എത്തി. പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോഴാണു ഹോസ്റ്റലിൽ തലചുറ്റി വീണത്. കുട്ടിയുടെ ശരീരത്തിൽ ദുഷ്ടാത്മാവ് പ്രവേശിച്ചെന്നു പറഞ്ഞ് മന്ത്രങ്ങൾ ചൊല്ലി അതിനെ അകറ്റാൻ ഗുരുകുലം മാനേജ്മെന്റ് ആവശ്യപ്പെട്ടു. പിന്നീടാണു മാതാപിതാക്കളോടൊപ്പം അസാറാമിന്റെ ജോധ്പുരിലെ ആശ്രമത്തിൽ ചികിത്സയ്ക്കായി എത്തിയത്. 

2013 ഓഗസ്റ്റ് 15. പൂജകൾ നടത്തിയശേഷം അസാറാം മാതാപിതാക്കളെ പറഞ്ഞുവിട്ടു. പെൺകുട്ടിയെ അസാറാമിന്റെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. പഠനത്തെക്കുറിച്ച് അന്വേഷിച്ചു. മാതാപിതാക്കൾ എവിടെ എന്ന് അന്വേഷിക്കാൻ പറഞ്ഞു. പുറത്തിറങ്ങിയപ്പോൾ അവരവിടെ ഉണ്ടായിരുന്നില്ല. തിരിച്ച് അസാറാമിന്റെ മുറിയിൽ എത്തി. ആദ്യം ആരെയും കണ്ടില്ല, പിന്നീടു പിന്നിൽനിന്ന് ഒരു ശബ്ദം കേട്ടു തിരിഞ്ഞപ്പോൾ വിവസ്ത്രനായി നിൽക്കുന്ന അസാറാമിനെ കണ്ടു. 

പെൺകുട്ടിയുടെ വാക്കുകൾ: ‘ഞാനാകെ പേടിച്ചു. ആ കാഴ്ച മനസ്സിൽനിന്നു മായുന്നില്ല. ഞാൻ വാവിട്ടുകരഞ്ഞു, പക്ഷേ, രക്ഷിക്കാൻ ആരുമുണ്ടായില്ല. ഞാൻ ദൈവമാണെന്നും സ്വയം സമർപ്പിച്ചാൽ ദൈവം രക്ഷിക്കുമെന്നും അസാറാം പറഞ്ഞു. തുടർന്നു ശരീരത്തിൽ സ്പർശിച്ചു. സഹകരിച്ചാൽ സേവികയാക്കാമെന്നും പറഞ്ഞു. പിന്നീടൊന്നും ഓർമയുണ്ടായിരുന്നില്ല’. കുട്ടിയെ അഹമ്മദാബാദിലെ ആശ്രമത്തിലേക്കു കൊണ്ടുപോകാനുള്ള ശ്രമം നടന്നില്ല.

ഇതിനിടെ, കുട്ടിയുടെ വിഷമം കണ്ടറിഞ്ഞ അമ്മയാണ് അസാറാമിന്റെ ചെയ്തികൾ ചോദിച്ചറിഞ്ഞത്. ഡൽഹിയിൽ എത്തി അസാറാമിനെതിരെ കേസ് കൊടുത്തു. അസാറാമിന് എതിരായ ആദ്യ മാനഭംഗക്കേസാണിത്. പെൺകുട്ടി ഒടുവിൽ പറഞ്ഞു: ‘ദൈവത്തെ എനിക്കിപ്പോൾ വെറുപ്പാണ്, ചെറുപ്പം മുതൽ എത്ര പൂജകൾ ചെയ്തിട്ടും എന്നെ രക്ഷിക്കാൻ ആരും എത്തിയില്ല’. കേസ് വിവാദമായതോടെ നിയമപാലകർ അസാറാമിന്റെ മേലുള്ള പിടി മുറുക്കി. രക്ഷപ്പെടാൻ പല വഴികളും നോക്കിയെങ്കിലും ഒടുവിൽ അസാറാം രാജസ്ഥാൻ പൊലീസിന്റെ പിടിയിലായി. അസാറാം ജയിലിലായതോടെ മറ്റു പലരും പരാതിയുമായി രംഗത്തെത്തി. 

മറ്റ് ഇരകൾ 

ഗുജറാത്തിലെ സൂറത്തിലുള്ള രണ്ടു സഹോദരിമാരാണ് അസാറാമിന്റെയും മകൻ നാരായൺ സായിയുടെയും ക്രൂരതകൾക്ക് ഇരയായ മറ്റു രണ്ടുപേർ. മൂത്തസഹോദരിയെ അസാറാമും ഇളയസഹോദരിയെ നാരായൺ സായിയും തുടർച്ചയായി മാനഭംഗപ്പെടുത്തിയെന്നാണു പരാതികൾ. ഇരു പരാതികളും ഗുജറാത്ത് പൊലീസ് റജിസ്റ്റർ ചെയ്തു. നാരായൺ സായിയെ ഈ കേസിലാണ് അറസ്റ്റു ചെയ്തത്. 

ബാലന്മാരുടെ മരണം

ബാലന്മാരുടെ ദുരൂഹമരണം പൊങ്ങിവന്നത് 2008ൽ. മധ്യപ്രദേശിലെ ചിന്ദ്വാഡയിലെ ഗുരുകുലത്തിൽ തുടർച്ചയായി രണ്ടു ദിവസങ്ങളിൽ രണ്ടു ബാലന്മാരെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഗുജറാത്തിലെ മോത്തേര ഗ്രാമത്തിലെ ഗുരുകുലത്തിൽനിന്നു 2008 ജൂലൈയിൽ രണ്ടു കുട്ടികളെ കാണാതായി. രണ്ടുദിവസത്തിനു ശേഷം കുട്ടികളുടെ ശരീരാവശിഷ്ടങ്ങൾ മോത്തേര ആശ്രമത്തിനടുത്തുള്ള സബർമതി നദീതീരത്തുനിന്നു കണ്ടെടുത്തു. ആഭിചാരക്രിയയുടെ ഭാഗമായി ആശ്രമത്തിൽ കുട്ടികളെ നരബലി നൽകിയെന്നാണു നാട്ടുകാരുടെ പക്ഷം. മോത്തേര ആശ്രമത്തിൽ നിന്നു മറ്റൊരു കുട്ടിയെ കൂടി പിന്നീട് കാണാതായി. മോത്തേരയിലെ ആശ്രമത്തിൽ വനിതാ ഭക്തർക്കു മാത്രമായിരുന്നു ദർശന സൗഭാഗ്യമെന്നതും മറ്റൊരു പ്രത്യേകത.