Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോണ്‍ഗ്രസിനെ ഒഴിവാക്കാനാവില്ല; മോദിയെ വീഴ്ത്താന്‍ ഇത് അനിവാര്യം: ഡി.രാജ

D Raja

കൊല്ലം∙ ബിജെപിക്കെതിരെ പോരാടാനുള്ള സഖ്യത്തില്‍ കോണ്‍ഗ്രസ് അനിവാര്യമാണെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ. ജനാധിപത്യ മതേതര ഇടതു സഖ്യത്തില്‍നിന്നു കോണ്‍ഗ്രസിനെ ഒഴിവാക്കാനാവില്ലെന്നും ഡി.രാജ പറഞ്ഞു. കരടു രാഷ്ട്രീയ പ്രമേയം ഇന്ന് അവതരിപ്പിച്ചു നാളെ ചര്‍ച്ച ചെയ്യാനിരിക്കെയാണു സിപിഐ ദേശീയ നേതൃത്വം നിലപാടു വ്യക്തമാക്കിയത്. കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും രാജ മനോരമ ന്യൂസിനോടു പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീഴ്ത്താനുള്ള രാഷ്ട്രീയ നയരൂപീകരണത്തിനു പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച നടക്കാനിരിക്കെയാണു രാജയുടെ പ്രതികരണം. മതേതര ജനാധിപത്യ സഖ്യത്തില്‍നിന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കാനാവില്ലെന്നു രാജ പറഞ്ഞു. കൂടുതല്‍ ജനാധിപത്യ പാര്‍ട്ടികളെ സഖ്യത്തിലേക്കു കൊണ്ടുവരികയാണു ലക്ഷ്യമെന്നും രാജ പറഞ്ഞു. വര്‍ഗീയതയ്ക്ക് എതിരെ വിശാല മതേതര മുന്നണി എന്ന ആശയം സിപിഐയാണു മുന്നോട്ട് വച്ചത്. ഇതിനു സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലുള്‍പ്പെടെ സ്വീകാര്യത കിട്ടിയെന്നും രാജ പറഞ്ഞു.

സിപിഐയുടെ രാഷ്ട്രീയ നിലപാടിനെപ്പറ്റി സംശയിക്കേണ്ട കാര്യമില്ല, രാഷ്ട്രീയ പ്രമയേത്തെപ്പറ്റി പാര്‍ട്ടിയില്‍ ഐക്യമുണ്ടെന്നും രാജ പറഞ്ഞു. നാളെ നടക്കുന്ന രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ പാര്‍ട്ടിക്കുള്ളിലെ വികാരം പ്രകടമാവും.