Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിന്റെ യുകെ സന്ദർശനം ജൂലൈയിൽ?; പ്രതിഷേധം ഭയന്ന് വിവരങ്ങൾ രഹസ്യമാക്കി രാജ്യങ്ങൾ

Theresa May and Donald Trump

ലണ്ടൻ∙ പ്രതിഷേധക്കാരെ ഭയന്നു പലതവണ മാറ്റിവച്ച യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ബ്രിട്ടൻ സന്ദർശനം ജൂലൈയിൽ ഉണ്ടായേക്കുമെന്ന് സൂചന. ജൂലൈ 13ന് പ്രസിഡന്റ് ലണ്ടനിൽ എത്തുമെന്നാണ് അനൗദ്യോഗിക വിവരം. എന്നാൽ ബക്കിങ്ങാം കൊട്ടാരമോ പ്രധാനമന്ത്രിയുടെ ഓഫിസോ ഇതുസംബന്ധിച്ചു സ്ഥിരീകരണം നൽകിയിട്ടില്ല. ഇരുരാജ്യങ്ങളിലെയും നയതന്ത്രകാര്യാലയങ്ങളും സന്ദർശന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയാണ്.

എപ്പോൾ വന്നാലും ബ്രിട്ടനിൽ ട്രംപിനെ കാത്തിരിക്കുന്നത് വൻ പ്രതിഷേധമായിരിക്കും. വിവിധ മുസ്‍ലിം സംഘടനകളും ആക്ടിവിസ്റ്റുകളും ട്രംപിനെതിരേ പ്രതിഷേധിക്കാനുള്ള തയാറെടുപ്പിലാണുള്ളത്. ലണ്ടൻ മേയർ സാദിഖ് ഖാൻ ഉൾപ്പെടെയുള്ള പ്രമുഖരും ട്രംപിന്റെ സന്ദർശനത്തോട് പരസ്യമായി എതിർപ്പു പ്രകടിപ്പിച്ച് രംഗത്തുണ്ട്.

ലണ്ടനിലെ പുതിയ അമേരിക്കൻ എംബസിയുടെ ഉദ്ഘാടനത്തിനായി ജനുവരിയിൽ ബ്രിട്ടനിലെത്താൻ ട്രംപ് എല്ലാ തയാറെടുപ്പുകളും നടത്തിയിരുന്നു. എന്നാൽ ഒടുവിൽ പുതിയ എംബസിയുടെ നിർമാണം ഒരു മോശം ഡീലാണെന്നു കുറ്റപ്പെടുത്തി സന്ദർശനത്തിൽനിന്നും ട്രംപ് സ്വയം പിന്മാറുകയായിരുന്നു. ഇതിന് യഥാർഥ കാരണം പ്രതിഷേധഭയം തന്നെയായിരുന്നു.

ട്രംപ് 2016 നവംബറിൽ പ്രസിഡന്റായി ചുമതലയേറ്റയുടൻ അമേരിക്കയിലെത്തി അഭിനന്ദിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ് സന്ദർശനത്തിനായി ട്രംപിനെ ക്ഷണിച്ചതാണ്. എന്നാൽ ജനങ്ങളുടെ പ്രതികരണം അനുകൂലമല്ലെന്നു കണ്ടതോടെ പിന്നീട് ഇതിന്മേൽ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നോ ബക്കിങ്ങാം പാലസിൽനിന്നോ തുടർ നടപടികൾ ഉണ്ടായില്ല. പല വിഷയങ്ങളിലും പിന്നീട് തെരേസ മേയ് ട്രംപിനെ വിമർശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇപ്പോൾ കഴിഞ്ഞയാഴ്ച സിറിയയിലെ രാസായുധ കേന്ദ്രങ്ങൾക്കു നേരേ അമേരിക്ക നടത്തിയ മിസൈൽ ആക്രമണത്തിന് ബ്രിട്ടൺ പിന്തുണ നൽകിയതോടെയാണു വീണ്ടും സൗഹൃദം തലപൊക്കിയത്. ഇതുമായി ബന്ധപ്പെട്ട് പലതവണ ട്രംപും തെരേസ മേയും ടെലിഫോണിൽ സംസാരിക്കുകയും ചെയ്തു.

കഴിഞ്ഞദിവസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ അമേരിക്കയിൽ നടത്തിയ സന്ദർശനവും ബ്രിട്ടനെ ചിന്തിപ്പിച്ചിട്ടുണ്ട്. യൂറോപ്പിലെ അമേരിക്കയുടെ അടുത്ത മിത്രമായി ഫ്രാൻസ് മാറുമോ എന്ന് ആശങ്ക ജനിപ്പിക്കാൻ ഇത് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് താമസിയാതെ ട്രംപിനെ ബ്രിട്ടനിലെത്തിച്ച് പരമ്പരാഗത ബന്ധം ഊട്ടിയുറപ്പിക്കാൻ ശ്രമം നടക്കുന്നത്.

ബ്രെക്സിറ്റ് ഹിതപരിശോധനാ വേളയിൽ ലീവ് പക്ഷത്തെ അനുകൂലിച്ച് രംഗത്തെത്തിയതാണ് ട്രംപിനെ ഒരുപക്ഷത്തിന്റെ ശത്രുവാക്കിയത്. പിന്നീട് ട്രംപ് നടത്തിയ മുസ്‌ലിം വിരുദ്ധ പ്രസ്താവനകൾ അദ്ദേഹത്ത ബ്രിട്ടനിലെ മുസ്‌ലിം ജനതയ്ക്കിടയിലും അനഭിമതനാക്കി. ലണ്ടൻ മേയർ ഉൾപ്പെടെയുള്ളവർ ട്രംപിനെതിരേ തിരിയാൻ കാരണം ഇതാണ്.